ഇന്ത്യന്‍ ജുഡീഷ്യറി പൊളിഞ്ഞു വീഴാറായി; മാര്‍ഗരേഖ വേണം: മുന്‍ ചീഫ് ജസ്റ്റിസ്

ഇന്ത്യന്‍ ജുഡീഷ്യറി പൊളിഞ്ഞു വീഴാറായി;  മാര്‍ഗരേഖ വേണം: മുന്‍ ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി : ഇന്ത്യന്‍ ജുഡീഷ്യറി പൊളിഞ്ഞു വീഴാറായ അവസ്ഥയിലാണന്ന് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസും രാജ്യസഭാ എംപിയുമായ രഞ്ജന്‍ ഗൊഗോയ്. നീതിന്യായ വ്യവസ്ഥയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന് മാര്‍ഗരേഖ കൊണ്ടുവരണമെന്നും ഗൊഗോയ് ആവശ്യപ്പെട്ടു.

ആരാണ് കോടതിയില്‍ പോകുന്നത്. നിങ്ങള്‍ കോടതിയില്‍ പോയാല്‍ ഖേദിക്കേണ്ടി വരും. കോടതിയെ സമീപിക്കുന്നവര്‍ക്ക് വന്‍കിട കോര്‍പ്പറേറ്റുകളെപ്പോലെ എത്ര തവണ കോടതിയില്‍ പോകാനാകുമെന്നും ഇന്ത്യാ ടുഡേ ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേ ജസ്റ്റിസ് ഗൊഗോയ് ചോദിച്ചു.

ഒരു ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍ ജുഡീഷ്യറിക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് ഊന്നിപ്പറയേണ്ടതില്ല. പക്ഷേ, ജുഡീഷ്യറി ജീര്‍ണാവസ്ഥയിലാണ്. ഇന്ത്യയിലെ കീഴ് കോടതികളില്‍ 60 ലക്ഷത്തോളം കേസുകള്‍ 2020ല്‍ എത്തിചേര്‍ന്നിട്ടുണ്ട്. അതുപോലെ ഹൈക്കോടതികളില്‍ തീര്‍പ്പു കല്‍പ്പിക്കാത്ത കേസുകളുടെ എണ്ണം പോയവര്‍ഷം മൂന്ന് ലക്ഷത്തോളം ഉയര്‍ന്നു.

കീഴ് കോടതികളില്‍ നാല് കോടിയോളവും ഹൈക്കോടതികളില്‍ 44 ലക്ഷത്തോളവും സുപ്രീംകോടതിയില്‍ എഴുപതിനായിരത്തോളം കേസുകളും തീര്‍പ്പുകല്‍പ്പിക്കാതെ കെട്ടിക്കിടക്കുകയാണെന്നും ഗൊഗോയ് പറഞ്ഞു. ഈ സാഹചര്യത്തില്‍ ജൂഡീഷ്യറിക്ക് ഒരു മാര്‍ഗരേഖ തയ്യാറാക്കേണ്ട സമയമായി. ജഡ്ജി എന്നത് മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന ജോലിയാണ്. അതൊരു അഭിനിവേശമാണെന്നും ഗൊഗോയ് കൂട്ടിച്ചേര്‍ത്തു.

ഗൊഗോയിക്കെതിരായ ലൈംഗിക ആരോപണം സംബന്ധിച്ച് പാര്‍ലമെന്റില്‍ പ്രസംഗിച്ച മെഹുവ മൊയ്ത്രയ്ക്കെതിരെ കോടതിയില്‍ പോകുമോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു. കോടതിയിലേക്ക് പോവുകയാണെങ്കില്‍, കോടതിയില്‍ വിഴുപ്പ് അലക്കണം. നിങ്ങള്‍ക്ക് അവിടെനിന്ന് ഒരു വിധിയും ലഭിക്കില്ല. തനിക്കെതിരെ 'വനിത രാഷ്ട്രീയക്കാരി' പറഞ്ഞ കാര്യങ്ങള്‍ ശരിയല്ലെന്നും മെഹുവയുടെ പേര് പറയാതെ രഞ്ജന്‍ ഗൊഗോയ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.