ടോക്യോ: ജപ്പാനില്‍ രണ്ടാം ലോകമഹായുദ്ധകാലത്ത് യു.എസ് നിക്ഷേപിച്ച ബോംബ് പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് മിയാസാക്കി വിമാനത്താവളം അടച്ചു. വിമാനത്താവളത്തിലെ റണ്‍വേയ്ക്ക് സമീപമാണ് 500 പൗണ്ട് ഭാരമുള്ള ബോംബ് പൊട്ടിയത്. സ്‌ഫോടനത്തെത്തുടര്‍ന്ന് ഏഴ് മീറ്റര്‍ വീതിയിലും ഒരു മീറ്റര്‍ ആഴത്തിലും വലിയ ഗര്‍ത്തമുണ്ടായതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം 87 വിമാനങ്ങളാണ് സംഭവത്തെ തുടര്‍ന്ന് റദ്ദാക്കിയത്.
റണ്‍വേയ്ക്ക് സമീപം ടാക്‌സിവേയില്‍ വെച്ചാണ് ബോംബ് പൊട്ടിയതെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. ബോംബ് നിര്‍വീര്യമാക്കുന്ന ടീം യു.എസ് നിര്‍മിത ബോംബാണ് ഇതെന്ന് സ്ഥിരീകരിച്ചുവെന്നും ജപ്പാന്‍ വ്യക്തമാക്കി. യുദ്ധകാലത്ത് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ നിക്ഷേപിച്ച ബോംബാണ് ഇതെന്ന് വ്യക്തമായതായി യു.എസ് അറിയിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബോംബ് പെട്ടെന്ന് പൊട്ടിത്തെറിച്ചതിന്റെ കാരണം അധികൃതര്‍ അന്വേഷിക്കുകയാണെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
വ്യാഴാഴ്ച രാവിലെ മാത്രമേ വിമാനത്താവളത്തിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകൂ എന്ന് ജപ്പാന്‍ സര്‍ക്കാര്‍ വക്താവ് യോഹിമാസ ഹയാഷി അറിയിച്ചു.
ജപ്പാന്‍ എയര്‍ലൈന്‍സ്, നിപ്പോണ്‍ എയര്‍വേയ്‌സ് തുടങ്ങി മിയാസാക്കി വിമാനത്താവളത്തില്‍ നിന്നുള്ള പ്രമുഖ കമ്പനികളുടെ സര്‍വീസ് മുടങ്ങിയിട്ടുണ്ട്. ഇതിന് മുമ്പും വിമാനത്താവളത്തില്‍ നിന്നും പൊട്ടാത്ത ബോംബുകള്‍ കണ്ടെത്തിയിട്ടുണ്ട്. 2023ല്‍ ഇത്തരത്തില്‍ കണ്ടെത്തിയ ബോംബുകള്‍ കൂട്ടത്തോടെ നിര്‍വീര്യമാക്കിയിരുന്നു.
യുദ്ധകാലത്തെ പൊട്ടാത്ത ബോംബുകള്‍ ജപ്പാനില്‍ നിരന്തരമായ ഭീഷണിയായി തുടരുന്നു. യുദ്ധം അവസാനിച്ച് 79 വര്‍ഷത്തിലേറെയായിട്ടും, ഗതാഗത മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, മിയാസാക്കി വിമാനത്താവളത്തില്‍ മുമ്പും പൊട്ടാത്ത ഒന്നിലധികം ബോംബുകള്‍ കണ്ടെത്തിയിട്ടുണ്ട്. 2023ല്‍ മാത്രം 37.5 ടണ്‍ ഭാരമുള്ള 2,348 ബോംബുകളാണ് നിര്‍വീര്യമാക്കിയത്.
രണ്ടാം ലോകമഹായുദ്ധസമയത്ത് ജാപ്പനീസ് നാവിക താവളമായിരുന്ന മിയാസാക്കി വിമാനത്താവളം പിന്നീട് സിവിലിയന്‍ ഉപയോഗത്തിലേക്ക് മാറുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.