കോട്ടയം: സിറോ മലബാർ സഭയുടെ ആത്മീയ ചരിത്രത്തിലെ ശ്രദ്ധേയ വ്യക്തിത്വവും കർമ്മ ധീരനുമായിരുന്ന ഫാ. പ്ലാസിഡ് ജോസഫ് പൊടിപ്പാറയുടെ 125-ാം ജന്മദിനം ഇന്ന്. ഭാരത സഭയെക്കുറിച്ചും സമുദായത്തേക്കുറിച്ചും രാജ്യത്തേക്കുറിച്ചുമുള്ള ഫാദർ പ്ലാസിഡ് മൽപ്പാന്റെ നിരീക്ഷണങ്ങളും രചനാ വൈഭവവും എത്ര പഠിച്ചാലും തീരാത്ത യഥാർഥ്യമായി ഇന്നും നിലകൊള്ളുന്നു.
1899 ഒക്ടോബർ മൂന്നിന് കോട്ടയം മാന്നാനത്ത് പ്ലാസിഡ് ജെ പൊടിപ്പറ ജനിച്ചു. മാന്നാനം സെന്റ് എഫ്രേംസ് സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ കൊച്ചൗസേപ്പച്ചന് എന്ന് വിളിച്ചിരുന്ന ഫാദർ 1918 ല്‍ കര്‍മലീത്താ സഭയില്‍ ചേര്‍ന്ന് മാര്‍ യൗസേപ്പിന്റെ പ്ലാസിഡ് എന്ന പേര് സ്വീകരിച്ച് 1919 സെപ്റ്റംബര്‍ 15 ന് പ്രഥമ സന്ന്യാസ വ്രതവാഗ്ദാനം നടത്തി. തൃശൂര്‍ അമ്പഴക്കാട്ട് സന്യാസ പരിശീലനവും മംഗലാപുരത്ത് ജെസ്യൂട്ട് വൈദികരുടെ ശിക്ഷണത്തില്‍ വൈദിക പരിശീലനവും പൂര്‍ത്തിയാക്കി. 1927 ഡിസംബര്‍ മൂന്നിന് വൈദിക പട്ടം സ്വീകരിച്ചു.
റോമിൽ നിന്ന് ഫിലോസഫി, തിയോളജി, കാനോൻ ലോ എന്നിവയിൽ മൂന്ന് ഡോക്ടറേറ്റുകൾ നേടിയിട്ടുണ്ട്. ഇരുപത്തിനാല് വർഷം അദേഹം കേരളത്തിലെ സിഎംഐ കോൺഗ്രിഗേഷൻ്റെ മേജർ സെമിനാരിയിൽ പ്രൊഫസറായി സഭയെ സേവിച്ചു. മാത്രമല്ല സീറോ മലബാർ, സീറോ മലങ്കര, ലത്തീൻ എപ്പർക്കികളിൽ വിവിധ അപ്പോസ്തോലിക പ്രവർത്തനങ്ങളിൽ മുഴുകി പ്രസംഗങ്ങളും റിട്രീറ്റുകളും നൽകി ക്ലാസുകളെടുത്തു.
പ്ലാസിഡച്ചനെ വ്യത്യസ്ത നാക്കിയത് അദേഹത്തിന്റെ അതുല്യ പ്രതിഭയാണ്. അറിയുക, അറിയുന്നത് ആചരിക്കുക, അത് കൈമാറുക എന്ന ഭാരതീയ പാരമ്പര്യത്തിന്റെ പകരക്കാരനില്ലാത്ത സാക്ഷ്യമാണ് ഫാ. പ്ലാസിഡ് തലമുറയ്ക്ക് കൈമാറിയത്. അറിവിന്റെ വിശാല ലോകത്തിൻ്റെ ഉടമയായിരുന്ന ഫാദർ നാട്ടിലും വിദേശത്തുമായി ഏതാണ്ട് 50 വർഷം അധ്യാപനത്തിലായിരുന്നു.
1954 ല്‍ വന്ദ്യ പ്ലാസിഡച്ചന് റോമിലേക്ക് ക്ഷണിക്കപ്പെട്ടു. പൗരസ്ത്യ തിരുസംഘത്തിന്റെ ആലോചനക്കാരന്, പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും ഉര്‍ബാനിയന്‍ യൂണിവേഴ്സിറ്റിയിലും പ്രഫസര്‍, മലബാര്‍ കോളജിന്റെ റെക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച കാലത്തുതന്നെ 37 ഗവേഷണ ഗ്രന്ഥങ്ങളും 85 ലേഖനങ്ങളും പ്രസിദ്ധീകരിച്ചു.
ഫാ. പ്ലാസിഡ് സീറോ മലബാർ സഭയുടെ ആരാധനാക്രമസ്വത്വം പുനസ്ഥാപിക്കുന്നതിന് പിന്നിലെ പ്രേരകശക്തിയായിരുന്നു. പൗരസ്ത്യ സഭാപഠനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും വൈദികരുടെ പരിശീലനത്തിനും രൂപീകരണത്തിനുമായി കോട്ടയം വടവാതൂരിൽ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരി സ്ഥാപിക്കുന്നതിന് പൗരസ്ത്യ സഭകൾക്കായുള്ള കോൺഗ്രിഗേഷൻ സെക്രട്ടറി കർദിനാൾ ടിസറാംഗുമായി സഹകരിക്കുകയും പ്രചോദനം നൽകുകയും ചെയ്തു.
പ്ലാസിഡ് അച്ചൻ 1985 ഏപ്രിൽ 27 ന് 86ാം മത്തെ വയസിൽ ചങ്ങനാശേരി ചെത്തിപ്പുഴയിൽ വച്ച് കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.