അന്നും ഇന്നും ഒരേയൊരു കീരിക്കാടന്‍; മാഞ്ഞുപോയത് വില്ലന്‍ വേഷത്തിന് പുതിയ മാനം നല്‍കിയ നടന്‍

അന്നും ഇന്നും ഒരേയൊരു കീരിക്കാടന്‍; മാഞ്ഞുപോയത് വില്ലന്‍ വേഷത്തിന് പുതിയ മാനം നല്‍കിയ നടന്‍

വില്ലന്‍ വേഷത്തിന് പുതിയ മാനം നല്‍കിയ നടനായിരുന്നു മലയാളികളുടെ മനസിലെ കീരിക്കാടന്‍ ജോസ് എന്ന മോഹന്‍രാജ്. ചലച്ചിത്ര മേഖലയില്‍ വില്ലന്‍ വേഷത്തില്‍ അറിയപ്പെട്ട താരങ്ങള്‍ വളരെ കുറവാണ്. എന്നാല്‍ മോഹന്‍ രാജ് അക്കാര്യത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. അദേഹത്തിന്റെ സ്വന്തം പേരുപോലും ആരാധകര്‍ മറന്നിരുന്നു. കീരിക്കാടന്‍ ജോസ് എന്നാല്ലാതെ ആ മുഖത്തെ തിരിച്ചറിയാന്‍ മറ്റൊരു നാമത്തിനും സാധിച്ചിരുന്നില്ല.

വളരെ ആകസ്മികമയാണ് മോഹന്‍രാജ് സിബി മലയില്‍ ചിത്രമായ കിരീടത്തില്‍ അഭിനയിക്കുന്നത്. അതിന് നിമിത്തമായതോ സംവിധായകന്‍ കലാധരനും. ചിത്രത്തില്‍ കന്നട നടനെയായിരുന്നു വില്ലന്‍ വേഷത്തില്‍ കണ്ടതെത്തിയത്. എന്നാല്‍ പറഞ്ഞ ദിവസം ആ നടന് എത്താന്‍ കഴിഞ്ഞില്ല. അതിനിടെയാണ് കലാധരന്റെ മുറിയില്‍വച്ച് നല്ല ഒത്തശരീരമുള്ള മോഹന്‍രാജിനെ സിബി മലയില്‍ കണ്ടുമുട്ടുന്നത്. തുടര്‍ന്ന് ലോഹിതദാസും അവിടെയെത്തി. അതിന് പിന്നാലെ കീരീക്കാടന്‍ ആരാകുമെന്ന് അവര്‍ തീരുമാനിച്ചുറച്ചു. ചിത്രം തീയേറ്ററകളില്‍ നിറഞ്ഞാടിയപ്പോള്‍ മലയാളത്തിലെ മുന്‍നിര വില്ലന്‍മാരില്‍ ഒരാളായി കീരീക്കാടനും സ്ഥാനംപിടിച്ചു. പിന്നീടങ്ങോട്ട് മോഹന്‍ലാല്‍ ചിത്രങ്ങളിലെ വില്ലന്‍ വേഷം കീരിക്കാടനെ ജനകീയനാക്കി.

എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥനായ അദേഹം സര്‍വീസിലിരിക്കെ അനുവാദം വാങ്ങാതെ സിനിമ ചെയ്തതിനെ തുടര്‍ന്ന് ഉദ്യോഗത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇരുപത് വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് തിരികെ ജോലിയില്‍ കയറിയത്. പക്ഷെ നഷ്ടപ്പെട്ട സര്‍വീസ് തിരിച്ചുകിട്ടിയില്ല. കുറച്ചുകാലം കൂടി ജോലി ചെയ്ത ശേഷം സ്വമേധയാ വിരമിക്കുകയായിരുന്നു.


1988 ല്‍ പുറത്തിറങ്ങിയ മൂന്നാം മുറ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ മോഹന്‍ രാജ് നിരവധി സിനിമകളില്‍ വില്ലന്‍ വേഷങ്ങളില്‍ തിളങ്ങി. അര്‍ത്ഥം, വ്യൂഹം, രാജവാഴ്ച, മറുപുറം, പുറപ്പാട്, കാസര്‍കോട് കാദര്‍ഭായ്, ഉപ്പുകണ്ടം ബ്രദേഴ്‌സ്, ചെങ്കോല്‍, ആറാം തമ്പുരാന്‍, വാഴുന്നോര്‍, പത്രം, നരസിംഹം, നരന്‍, മായാവി തുടങ്ങി മുപ്പത്തി അഞ്ചോളം മലയാള ചിത്രങ്ങളുടെ ഭാഗമായി. 2008 ന് ശേഷം രണ്ട് മലയാള ചിത്രങ്ങളില്‍ മാത്രമാണ് അദേഹം അഭിനയിച്ചത്.

2015 ല്‍ ചിറകൊടിഞ്ഞ കിനാക്കളില്‍ അഭിനയിച്ച മോഹന്‍ രാജ് 2022 ല്‍ മമ്മൂട്ടിയുടെ റോഷാക്കിലും പ്രത്യക്ഷപ്പെട്ടു. റോഷാക്കില്‍ ഗ്രേസ് ആന്റണിയുടെ അച്ഛനായ വിശ്വനാഥന്‍ എന്ന കഥാപാത്രമായിരുന്നു. ഒമ്പത് തമിഴ് ചിത്രങ്ങളുടേയും 31 തെലുങ്ക് ചിത്രങ്ങളുടേയും ഭാഗമായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.