'ഇപ്പ ശരിയാക്കിത്തരാം'... ഇസ്രയേല്‍ നിര്‍മിത ടൈം മെഷീന്‍ വഴി ചെറുപ്പക്കാരായി മാറ്റാമെന്ന വ്യാജ വാഗ്ദാനത്തിലൂടെ ദമ്പതികള്‍ തട്ടിയത് 35 കോടി

'ഇപ്പ ശരിയാക്കിത്തരാം'... ഇസ്രയേല്‍ നിര്‍മിത ടൈം മെഷീന്‍ വഴി ചെറുപ്പക്കാരായി മാറ്റാമെന്ന വ്യാജ വാഗ്ദാനത്തിലൂടെ ദമ്പതികള്‍ തട്ടിയത് 35 കോടി

കാണ്‍പൂര്‍: പ്രായമായവര്‍ക്കും ചെറുപ്പമായിരിക്കാന്‍ സഹായിക്കുന്ന ഇസ്രയേല്‍ നിര്‍മിത ടൈം മെഷീന്‍ ഉണ്ടെന്ന് വിശ്വസിപ്പിച്ച് ദമ്പതികള്‍ കോടികള്‍ തട്ടി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം.

രാജീവ് കുമാര്‍ ദുബെ, ഭാര്യ രശ്മി ദുബെ എന്നിവര്‍ക്കെതിരെ 35 കോടി രൂപയുടെ തട്ടിപ്പിനാണ് കേസ്. ഒളിവില്‍പ്പോയ ഇരുവരും വിദേശത്തേക്ക് കടന്നതായാണ് സംശയം.

'റിവൈവല്‍ വേള്‍ഡ്' എന്ന പേരില്‍ കാണ്‍പൂരിലെ കിദ്വായ് നഗര്‍ പ്രദേശത്ത് രാജീവും രശ്മിയും തെറാപ്പി സെന്റര്‍ ആരംഭിച്ചിരുന്നു. ഇസ്രയേലില്‍ നിന്ന് ഇറക്കുമതി ചെയ്ത ടൈം മെഷീന്‍ തെറാപ്പി സെന്ററില്‍ ഉണ്ടെന്നും 60 വയസുള്ളയാളെ 25 വയസുകാരനാക്കാന്‍ ഇതുകൊണ്ട് സാധിക്കുമെന്നും എല്ലാവരോടും പറഞ്ഞു.

ഓക്സിജന്‍ തെറാപ്പിയിലൂടെ വയോധികരെ ചെറുപ്പമാക്കാന്‍ സാധിക്കുമെന്ന് ഉപയോക്താക്കള്‍ക്ക് ദമ്പതികള്‍ വാഗ്ദാനം നല്‍കി. ഇതോടെ തെറാപ്പി സെന്ററില്‍ വന്‍ തിരക്കായി.

പ്രദേശത്തെ മലിനവായു മൂലം ആളുകള്‍ പെട്ടെന്ന് പ്രായമായെന്നും ഓക്സിജന്‍ തെറാപ്പിയിലൂടെ മാസങ്ങള്‍ക്കുള്ളില്‍ യൗവനം തിരികെ കൊണ്ടുവരാമെന്നുമാണ് ഇവര്‍ ജനങ്ങളെ പറഞ്ഞ് വിശ്വസിപ്പിച്ചത്. 10 സെഷന്റെ പാക്കേജിന് 6,000 രൂപയാണ് ഈടാക്കിയത്. 90,000 രൂപയ്ക്ക് മൂന്ന് വര്‍ഷത്തേക്കുള്ള പാക്കേജും വാഗ്ദാനം ചെയ്തു.

തന്റെ കയ്യില്‍ നിന്നും ദമ്പതികള്‍ 10.75 ലക്ഷം രൂപ ഇത്തരത്തില്‍ തട്ടിയെന്നാണ് പരാതിക്കാരില്‍ ഒരാളായ രേണു സിങ് പറഞ്ഞത്. സംഭവത്തില്‍ കേസെടുത്തെന്നും ദമ്പതികള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചുവെന്നും പൊലീസ് അറിയിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.