മഞ്ഞില്‍ നിന്ന് മണ്ണിലേക്ക് മടങ്ങി; തോമസ് ചെറിയാന് ജന്മനാടിന്റെ വീരോചിത യാത്രയയപ്പ്

മഞ്ഞില്‍ നിന്ന് മണ്ണിലേക്ക് മടങ്ങി;  തോമസ് ചെറിയാന് ജന്മനാടിന്റെ വീരോചിത യാത്രയയപ്പ്

പത്തനംതിട്ട: അമ്പത്താറ് വര്‍ഷം മുമ്പ് വിമാനപകടത്തില്‍ മരണമടഞ്ഞ സൈനികന്‍ തോമസ് ചെറിയാന് വീരോചിത യാത്രയയപ്പ് നല്‍കി ജന്മനാട്.

ലഡാക്കില്‍ അമ്പത്താറ് വര്‍ഷം മുമ്പുണ്ടായ വിമാനാപകടത്തില്‍ മരിച്ച തോമസ് ചെറിയാന്റെ മൃതദേഹം തിങ്കളാഴ്ചയാണ് മഞ്ഞുമലയില്‍ നിന്ന് കണ്ടെടുത്തത്. ധീര സൈനികന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നാടിന്റെ നാനാ ഭാഗത്ത് നിന്നും നിരവധിയാളുകളാണ് അദേഹത്തിന്റെ ജന്മനാടായ പത്തനംതിട്ട ഇലന്തൂരില്‍ എത്തിയത്.

വ്യാഴാഴ്ച വൈകുന്നേരമാണ് തോമസ് ചെറിയാന്റെ മൃതദേഹം പാങ്ങോട് സൈനിക ക്യാമ്പില്‍ എത്തിച്ചത്. കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ ചേര്‍ന്നാണ് മൃതദേഹം ഏറ്റു വാങ്ങിയത്.

ഇന്ന് രാവിലെ 10.30 ഓടെയാണ് സൈനിക അകമ്പിയോടെ ഇലന്തൂരിലെ കുടുംബ വീട്ടിലെത്തിച്ചത്. പൊതുദര്‍ശനത്തിനും വീട്ടിലെ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്കും ശേഷം 12. 30 ഓടെ വിലാപയാത്രയായി ഇലന്തൂര്‍ കാരൂര്‍ സെന്റ് പീറ്റേഴ്‌സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ മൃതദേഹം എത്തിച്ചു.

ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ശവസംസ്‌കാര ശുശ്രൂഷകള്‍ പൂര്‍ത്തിയാക്കി മൃതദേഹം പള്ളിയോട് ചേര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ കല്ലറയില്‍ പൂര്‍ണ സൈനിക ബഹുമതികളോട് സംസ്‌കരിച്ചു. മെത്രാപോലീത്തമാരായ കുറിയാക്കോസ് മാര്‍ ക്ലിമിസ്, ഏബ്രഹാം മാര്‍ സെറാഫീം എന്നിവര്‍ ശവസംസ്‌കാര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.

ചണ്ഡീഗഢില്‍ നിന്ന് ലേ ലഡാക്കിലേക്ക് സൈനികരുമായി പോയ വിമാനം 1968 ഫെബ്രുവരി ഏഴിനാണ് അപകടത്തില്‍പ്പെട്ട് മഞ്ഞു മലയില്‍ കാണാതായത്. ആര്‍മിയില്‍ ക്രാഫ്റ്റ്‌സ്മാനായ തോമസ് ചെറിയാന് അന്ന് 22 വയസായിരുന്നു. 1965 ലാണ് തോമസ് ചെറിയാന്‍ സേനയില്‍ ചേര്‍ന്നത്. പരിശീലനം പൂര്‍ത്തിയാക്കി ജോലിസ്ഥലത്തേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം.

വിമാനത്തിലുണ്ടായിരുന്ന 103 പേരില്‍ 96 പേരും പട്ടാളക്കാരായിരുന്നു. തിരച്ചില്‍ നടക്കുന്നതിനിടെ തിങ്കളാഴ്ച പകല്‍ 3.30 ഓടെയാണ് മഞ്ഞു മലകള്‍ക്കടിയില്‍ നിന്ന് തോമസ് ചെറിയാന്റെ മൃതദേഹം കണ്ടെത്തിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.