40 അടി ഉയരത്തിലുള്ള മരത്തില്‍ പൂച്ച കുടുങ്ങി; നാല് ദിവസത്തെ നാട്ടുകാരുടെ പ്രയത്‌നംകൊണ്ട് ഒടുവില്‍ രക്ഷ

40 അടി ഉയരത്തിലുള്ള മരത്തില്‍ പൂച്ച കുടുങ്ങി; നാല് ദിവസത്തെ നാട്ടുകാരുടെ പ്രയത്‌നംകൊണ്ട് ഒടുവില്‍ രക്ഷ

മനുഷ്യര്‍ മാത്രമല്ല ഭൂമിയുടെ അവകാശികള്‍. സസ്യങ്ങള്‍ക്കും പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കുമൊക്കെ നമ്മെ പോലെ തന്നെ അവകാശമുണ്ട് ഈ ഭൂമിയില്‍. എന്നാല്‍ പലപ്പോഴും സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി മനുഷ്യന്‍ മൃഗങ്ങളെ ചൂഷ്ണം ചെയ്യാറുണ്ട്. ഇത്തരത്തിലുള്ള നിരവധി വാര്‍ത്തകളും ഇക്കാലഘട്ടങ്ങളില്‍ നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാറുമുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമാകുകയാണ് ഒരു പൂച്ചയെ രക്ഷിക്കാന്‍ പ്രയത്‌നിച്ച ഒരു കൂട്ടം ആളുകളുടെ വാര്‍ത്ത.  

വെയില്‍സില്‍ നിന്നുള്ളതാണ് ഹൃദയ സ്പര്‍ശിയായ ഈ വാര്‍ത്ത. ഒരു പൂച്ചയെ രക്ഷിക്കാന്‍ നാല് ദിവസത്തോളമെടുത്തു നാട്ടുകര്‍. എങ്കിലും ജീവന്റെ വില അറിയാവുന്ന അവര്‍ ആ മിണ്ടാപ്രാണിയെ ജീവിതത്തിലേക്ക് മടക്കി കൊണ്ടു വരികയായിരുന്നു തങ്ങളുടെ പ്രയത്‌നത്തിലൂടെ. കൊവിഡ് 19 എന്ന മഹാമാരിയുടെ കാലത്തും ഒരു മിണ്ടാപ്രാണിയെ രക്ഷിക്കാന്‍ തയാറായ സുമനസ്സുകളെ നിരവധിപ്പേരാണ് സമൂഹമാധ്യമങ്ങളില്‍ അഭിനന്ദിക്കുന്നത്.  

നാല്‍പ്പത് അടിയോളം ഉയരത്തിലുള്ള മരത്തിലാണ് പൂച്ച കുടുങ്ങിയത്. മരത്തിന്റെ സമീപത്തുള്ള റോഡിലൂടെ ഒരാള്‍ നടന്നു പോകുന്നതിനിടെയാണ് പൂച്ചയുടെ കരച്ചില്‍ കേട്ടത്. പൂച്ച ഒരുപാട് ഉയരത്തില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് തിരിച്ചറിഞ്ഞ ഇദ്ദേഹം മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയുമായി കോണ്‍ടാക്ട് ചെയ്തു. എന്നാല്‍ 24 മണിക്കൂറുകള്‍ കഴിയാതെ അവിടെ എത്തിച്ചേരാന്‍ സാധിക്കില്ല എന്നായിരുന്നു സംഘടനയില്‍ നിന്നും ലഭിച്ച വിവരം.  


അങ്ങനെ പിറ്റേ ദിവസമായി. അന്നും മരത്തില്‍ തന്നെ പൂച്ച കുടുങ്ങിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. സൗത്ത് വെയില്‍സിലെ ഫയര്‍ സര്‍വീസ് അംഗങ്ങള്‍ വിവരമറിഞ്ഞ് സ്ഥലത്തെത്തി. പൂച്ചയെ രക്ഷിക്കാന്‍ മരത്തില്‍ ഒരു ഗോവണി ചാരി. എന്നാല്‍ ഇതു കണ്ടതോടെ ഭയന്ന പൂച്ച കൂടുതല്‍ ഉയരത്തിലേക്ക് കയറി. ഫയര്‍ഫോഴ്‌സിന്റെ പരിശ്രമത്തിന്റെ ചിത്രങ്ങള്‍ ലിയന്‍ സ്‌കിന്നര്‍ എന്നയാള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.  

ഉടനെ തന്നെ നിരവധിപ്പേരാണ് സഹായവുമായി അവിടെയെത്തിയത്. സമീപവാസികളെല്ലാം പൂച്ചയെ രക്ഷിക്കുന്നതിനായി സ്ഥലത്തെത്തി. പലരും പലതരം ഐഡിയകള്‍ പങ്കുവെച്ചു. ഒടുവില്‍ എപിസി സ്‌കഫോള്‍ഡിങ് എന്ന കമ്പനിയുടെ സഹായത്തോടെ നാല് നിലകളുള്ള പലകത്തട്ട് രൂപപ്പെടുത്തി. മരത്തിന് മുകളില്‍ പലകതട്ട് വെച്ച് അതില്‍ ഭക്ഷണം വെച്ച് പൂച്ചയെ ആകര്‍ഷിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ ആ പരിശ്രമവും വിഫലമായി.  

പിന്നീട് നാല് ദിവസത്തോളം നീണ്ടുനിന്ന പരിശ്രമത്തിലൂടെയാണ് പൂച്ചയെ സുരക്ഷിതമായി താഴെയിറക്കാന്‍ സാധിച്ചത്. ഒരു മിണ്ടാപ്രാണിയുടെ ജീവന്‍ രക്ഷിക്കാന്‍ സമീപവാസികള്‍ എല്ലാവരും ഒരുമിച്ചു. പൂച്ചയെ തിരിക കിട്ടിയ സന്തോഷത്തിലാണ് ഉടമയും. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.