ചണ്ഢീഗഡ്: ഹരിയാന നിയമസഭ തിരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തിയാകുമെന്ന് പ്രഖ്യാപിച്ച് പോരാട്ടത്തിനിറങ്ങിയ ആം ആദ്മി പാര്‍ട്ടിക്ക് ഫലം വന്നപ്പോള്‍ ഒരു സീറ്റില്‍ പോലും വിജയിക്കാനായില്ല.
എന്നാല്‍ ഒരു സീറ്റ് നേടി ജമ്മു കാശ്മീരില്‍ പാര്‍ട്ടി അക്കൗണ്ട് തുറക്കുകയും ചെയ്തു. മെഹ്‌റാജ് മാലികിലൂടെ ദോഡ മണ്ഡലം പിടിച്ചാണ് എഎപി കാശ്മീരില്‍ അക്കൗണ്ട് തുറന്നത്. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായിട്ടായിരുന്നു മെഹ്‌റാജിന്റെ മത്സരം.
1962 മുതല്‍ നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും മാറി മാറി ഭരിച്ചിരുന്ന മണ്ഡലമാണ് ദോഡ. 2014 ല്‍ ബിജെപിക്കായിരുന്നു ഇവിടെ വിജയം. ബിജെപിയുടെ ഗജയ് സിങ് റാണയെ മെഹ്‌റാജ് 4000 ത്തോളം വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.
2020 ല്‍ ജമ്മു കാശ്മീരിലെ ജില്ലാ വികസന കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മെഹ്‌റാജ് വിജയിച്ചിരുന്നു. 36 കാരനായ മെഹ്‌റാജ് അതിശക്തമായ പ്രചരണമായിരുന്നു മണ്ഡലത്തില്‍ കാഴ്ചവെച്ചത്. അടിസ്ഥാന സൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് ഉറപ്പാക്കുമെന്നായിരുന്നു അദേഹത്തിന്റെ പ്രധാന വാഗ്ദാനം.
മെഹ്‌റാജിന്റെ വിജയത്തില്‍ എഎപി നേതാവ് അരവിന്ദ് കെജരിവാള്‍ അഭിനന്ദനമറിയിച്ചു. 'സമര്‍ത്ഥമായൊരു വിജയം കാഴ്ചവെച്ച മെഹ്‌റാജ് മാലിക്കിനെ അഭിനന്ദിക്കുന്നു. മികച്ച പോരാട്ടമാണ് താങ്കള്‍ കാഴ്ചവെച്ചത്. അങ്ങനെ അഞ്ചാമത്തെ സംസ്ഥാനത്ത് കൂടി ആം ആദ്മിക്ക് എംഎല്‍എയെ ലഭിച്ചിരിക്കുന്നു'- അരവിന്ദ് കെജരിവാള്‍ എക്‌സില്‍ കുറിച്ചു.
അതേസമയം കനത്ത തിരിച്ചടിയാണ് ഹരിയാനയില്‍ ആം ആദ്മി നേരിട്ടിരിക്കുന്നത്. കെജരിവാള്‍ ഉള്‍പ്പെടെ നേരിട്ട് ഇറങ്ങിയിട്ടും പാര്‍ട്ടി നിലം തൊട്ടില്ല. 1.76 ശതമാനം വോട്ട് മാത്രമാണ് പാര്‍ട്ടിക്ക് നേടാന്‍ സാധിച്ചത്.
2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലാണ് ഹരിയാനയില്‍ ആദ്യ പോരാട്ടത്തിന് ആം ആദ്മി ഇറങ്ങിയത്. 10 സീറ്റില്‍ പാര്‍ട്ടി മത്സരിച്ചെങ്കിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച പണം നഷ്ടമായി. 4.2 ശതമാനം വോട്ട് വിഹിതമാണ് പാര്‍ട്ടിക്ക് ലഭിച്ചത്. 2019 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 46 സീറ്റില്‍ എഎപി മത്സരിച്ചിരുന്നു. എന്നാല്‍ ഒരു ശതമാനം വോട്ട് വിഹിതം മാത്രമായിരുന്നു പാര്‍ട്ടിക്ക് ലഭിച്ചത്.
ഇത്തവണ വോട്ട് ശതമാനത്തില്‍ കാര്യമായ വര്‍ധനവ് ഉണ്ടാക്കാനായില്ലെന്ന് മാത്രമല്ല പ്രമുഖ നേതാക്കളടക്കം പരാജയപ്പെട്ടു. ഹരിയാന തിരഞ്ഞെടുപ്പില്‍ സഖ്യ സാധ്യത തേടി കോണ്‍ഗ്രസും ആം ആദ്മിയും തുടക്കത്തില്‍ ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും സീറ്റ് വിഭജനം കല്ലുകടിയായി.
ഇതോടെ സഖ്യ ചര്‍ച്ചകള്‍ അവസാനിപ്പിച്ച് ഇരുപാര്‍ട്ടികളും തനിച്ച് മത്സരിക്കുകയായിരുന്നു. അതേസമയം ഹരിയാനയിലെ കോണ്‍ഗ്രസിന്റെ കനാത്ത പരാജയത്തിന് കാരണം പാര്‍ട്ടി വോട്ടുകളില്‍ ആം ആദ്മി വിള്ളല്‍ വീഴ്ത്തിയതാണെന്ന വിലയിരുത്തലുകളും വരുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.