ദേശീയ പാതകളിലൂടെ സുഗമവും സുരക്ഷിതവുമായ യാത്ര: ഹംസഫര്‍ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍

ദേശീയ പാതകളിലൂടെ സുഗമവും സുരക്ഷിതവുമായ യാത്ര:  ഹംസഫര്‍ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ ഹംസഫര്‍ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ ദേശീയ പാതകളില്‍ വമ്പന്‍ മാറ്റത്തിന് കളമൊരുങ്ങുന്നു. ദേശീയ പാതകള്‍ കൂടുതല്‍ ഉപയോക്തൃ സൗഹൃദമാക്കുക, എല്ലാവര്‍ക്കും സുഗമമായും സുരക്ഷിതമായും ഹൈവേകള്‍ ഉപയോഗിക്കാന്‍ സാധിക്കുക തുടങ്ങിയവ ഉറപ്പാക്കുകയാണ് ലക്ഷ്യം.

പദ്ധതിയുടെ ഭാഗമായി ദേശീയ പാതകളില്‍ ശുചിത്വമുള്ള ടോയ്‌ലെറ്റുകള്‍ സ്ഥാപിക്കും. ഇവ നന്നായി പരിപാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയും ഭിന്നശേഷി സൗഹൃദമാക്കുകയും ചെയ്യും. കൂടാതെ ഹൈവേകളില്‍ ഭക്ഷണ ശാലകളും ഫുഡ് കോര്‍ട്ടുകളും സ്ഥാപിക്കും. യാത്രക്കാര്‍ക്ക് ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പാക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

ഹൈവേകളിലെ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ഇ.വി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുകയെന്നതാണ് മറ്റൊരു നീക്കം. പരിസ്ഥിതി സൗഹൃദ യാത്രകള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയെന്നതാണ് ലക്ഷ്യമിടുന്നത്. പെട്രോള്‍ പമ്പുകളിലും വിശ്രമ കേന്ദ്രങ്ങളിലും മതിയായ പാര്‍ക്കിങ് സൗകര്യങ്ങള്‍ സ്ഥാപിക്കും. അപകടങ്ങള്‍ കുറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമായി കൂടുതല്‍ വിശ്രമ മുറികളുടെ ഒരു ശൃംഖല തന്നെ സ്ഥാപിക്കാനും പദ്ധതിയുണ്ട്.

ട്രക്ക് ഡ്രൈവര്‍മാര്‍ക്കും ദീര്‍ഘദൂര യാത്രകളില്‍ വിശ്രമം ആവശ്യമുള്ളവര്‍ക്കും ഹ്രസ്വകാല താമസ സൗകര്യം നല്‍കുന്നതിനായി പെട്രോള്‍ പമ്പുകളില്‍ ഡോര്‍മിറ്ററികള്‍ ആരംഭിക്കും. ദേശീയ പാതകള്‍ വഴിയുള്ള യാത്ര കൂടുതല്‍ സുരക്ഷിതവും ഒപ്പം മനോഹരമായ അനുഭവമാക്കി മാറ്റുക എന്നതാണ് ഹംസഫര്‍ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.