സഹാറയെയും മുക്കി വെള്ളപ്പൊക്കം; 50 വര്‍ഷത്തിനിടെ ആദ്യം

സഹാറയെയും മുക്കി വെള്ളപ്പൊക്കം; 50 വര്‍ഷത്തിനിടെ ആദ്യം

റാച്ചിഡിയ (മൊറോക്കോ): ലോകത്തിലെ ഏറ്റവും കൂടുതല്‍ വരണ്ട പ്രദേശങ്ങളിലൊന്നായ സഹാറ മരുഭൂമി അപ്രതീക്ഷിത മഴയില്‍ മുങ്ങി.

കനത്ത മഴ സഹാറ മണലിന്റെ മറ്റൊരു അതിശയകരമായ രൂപം വെളിവാക്കി. അരനൂറ്റാണ്ടായി വരണ്ടു കിടക്കുന്ന പ്രശസ്ത ഇറിക്വി തടാകം നിറയുന്നത് സാറ്റലൈറ്റ് ഇമേജറിയില്‍ പകര്‍ത്തി.

തെക്കുകിഴക്കന്‍ മൊറോക്കോയിലെ റാച്ചിഡിയയ്ക്കടുത്തുള്ള മരുഭൂമി നഗരമായ മെര്‍സോഗയിലെ കനത്ത മഴയെ തുടര്‍ന്ന് തടാകത്തിലെ ഈന്തപ്പനകള്‍ വെള്ളപ്പൊക്കത്തിലായി.

തെക്കുകിഴക്കന്‍ മൊറോക്കോയില്‍ സാധാരണയായി വേനല്‍ക്കാലത്തിന്റെ അവസാനത്തില്‍ മഴ കുറവാണ്. എന്നിരുന്നാലും സെപ്റ്റംബറില്‍ പ്രതിവര്‍ഷം 250 മില്ലി മീറ്ററില്‍ താഴെ മഴ ലഭിക്കുന്ന പല പ്രദേശങ്ങളിലും കഴിഞ്ഞ രണ്ട് ദിവസത്തെ മഴ വാര്‍ഷിക ശരാശരിയേക്കാള്‍ വളരെ കൂടുതലായിരുന്നു.

ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലൊന്നായ ടാറ്റയില്‍ അഭൂതപൂര്‍വമായ മഴയാണ് അനുഭവപ്പെട്ടത്. റാബത്തില്‍ നിന്ന് 450 കിലോമീറ്റര്‍ തെക്ക് ടാഗൗണൈറ്റ് ഗ്രാമത്തില്‍ 24 മണിക്കൂറിനുള്ളില്‍ 100 മില്ലീ മീറ്ററിലധികം മഴ രേഖപ്പെടുത്തി.

ഈ സംഭവത്തെ ഉഷ്ണമേഖലാ കൊടുങ്കാറ്റായാണ് കാലാവസ്ഥാ നിരീക്ഷകര്‍ വിലയിരുത്തുന്നത്. മഴ വരും മാസങ്ങളിലും വര്‍ഷങ്ങളിലും ഈ പ്രദേശത്തിന്റെ കാലാവസ്ഥയെ മാറ്റി മറിച്ചേക്കാം.

മൊറോക്കോയിലും അള്‍ജീരിയയിലും തകര്‍ത്ത് പെയ്ത മഴ 20 ലധികം പേരുടെ ജീവനെടുക്കുകയും വലിയ കൃഷി നാശം സംഭവിക്കുകയും ചെയ്തു. ദുരിതാശ്വാസ സഹായമായി മൊറോക്കന്‍ സര്‍ക്കാര്‍ അടിയന്തര ഫണ്ട് അനുവദിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26