ആഡംബര സൗകര്യങ്ങളുമായി ലോകത്തിലെ ആദ്യത്തെ വാണിജ്യ ബഹിരാകാശ നിലയം ഒരുങ്ങുന്നു; ഹാവന്‍-1-ന്റെ വീഡിയോ പുറത്തുവിട്ട് യു.എസ്‌ സ്റ്റാര്‍ട്ടപ്പ് കമ്പനി

ആഡംബര സൗകര്യങ്ങളുമായി ലോകത്തിലെ ആദ്യത്തെ വാണിജ്യ ബഹിരാകാശ നിലയം ഒരുങ്ങുന്നു; ഹാവന്‍-1-ന്റെ വീഡിയോ പുറത്തുവിട്ട് യു.എസ്‌ സ്റ്റാര്‍ട്ടപ്പ് കമ്പനി

വാഷിങ്ടണ്‍: പരമ്പരാഗത ബഹിരാകാശ നിലയങ്ങളുടെ കെട്ടിലും മട്ടിലുമൊക്കെ അടിമുടി മാറ്റം വരുത്തി ആകാശത്ത് ആഡംബര സൗകര്യങ്ങളോടെ താമസിക്കാന്‍ വാണിജ്യ ബഹിരാകാശനിലയം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ആഡംബര ബഹിരാകാശ യാത്രയുടെ ഒരു പുതിയ യുഗത്തിന് തുടക്കമിടുമെന്ന് വാഗ്ദാനം ചെയ്തതിരിക്കുന്നത് വാസ്റ്റ് സ്പേസ് എന്ന യു.എസ് ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ്.

ആദ്യത്തെ വാണിജ്യ ബഹിരാകാശനിലയമായ ഹാവന്‍-1 പദ്ധതി ഏകദേശം പൂര്‍ത്തിയായെന്ന വാര്‍ത്തയാണ് ഈ സ്വകാര്യ കമ്പനി പങ്കുവച്ചിരിക്കുന്നത്. ഹാവന്‍-1 ന്റെ അതിമനോഹരമായ അന്തിമ രൂപകല്‍പ്പനയുടെ വീഡിയോയും വാസ്റ്റ് സ്പേസ് പുറത്തുവിട്ടു. സയന്‍സ് ഫിക്ഷന്‍ സിനിമകളില്‍ കാണുന്ന വിധമുള്ള അതിശയിപ്പിക്കുന്ന ഇന്റീരിയര്‍ ഡിസൈനും മറ്റ് സവിശേഷതകളും അടങ്ങിയതാണ് ബഹിരാകാശനിലയത്തിന്റെ പ്രത്യേകത.

ലബോറട്ടറികള്‍ ഉള്‍പ്പെടുന്ന പരമ്പരാഗത കാഴ്ച്ചകള്‍ക്കു പകരം ആഡംബര റിസോര്‍ട്ടിലേത് പോലുള്ള അന്തരീക്ഷമാണ് വാണിജ്യ ബഹിരാകാശനിലയത്തിലുള്ളതെന്ന് വീഡിയോയില്‍ കാണാം.



പുറത്തുവിട്ട ഡിസൈന്‍ പ്രകാരം, ഭൂമിയുടെ മനോഹാരിത ആസ്വദിക്കുന്നതിനായി ബഹിരാകാശ നിലയത്തില്‍ ഒരു നിരീക്ഷണ ഡെസ്‌ക് നല്‍കിയിട്ടുണ്ട്. സീറോ ഗ്രാവിറ്റിയില്‍ നിര്‍മിച്ച വിശ്രമ മുറികള്‍, വ്യായാമം ചെയ്യുന്നതിനായുള്ള ജിം, വിനോദവും ആശയവിനിമയ സാങ്കേതികവിദ്യയും ഉള്‍ക്കൊള്ളുന്ന സ്വകാര്യ മുറികള്‍, മികച്ച ഉറക്കത്തിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത കിടക്ക തുടങ്ങിയവയാണ് ഹാവന്‍-1 ന്റെ സവിശേഷതകള്‍. ഒരുസമയം നാല് ബഹിരാകാശയാത്രികരെ പാര്‍പ്പിക്കാന്‍ കഴിയും.

2025 ഓഗസ്റ്റോടെ സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ റോക്കറ്റില്‍ ഹാവന്‍-1 വിക്ഷേപിക്കാന്‍ സാധിക്കുമെന്നാണ് വാസ്റ്റ് സ്പേസിന്റെ പ്രതീക്ഷ. ആദ്യ യാത്രയ്ക്കായി പണമടയ്ക്കുന്ന ഉപഭോക്താക്കള്‍ 2026-ല്‍ ഹാവന്‍-1-ല്‍ പ്രവേശിക്കുമെന്നും സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ പത്രക്കുറിപ്പില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.