ബംഗളൂരു: പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകയും പത്രപ്രവര്‍ത്തകയുമായിരുന്ന ഗൗരി ലങ്കേഷ് വധക്കേസിലെ രണ്ട് പ്രതികള്‍ക്ക് വമ്പന്‍ സ്വീകരണം ഒരുക്കി കര്‍ണാടകയിലെ ഹിന്ദു അനുകൂല സംഘടനകള്‍.
ഒക്ടോബര്‍ പതിനൊന്നിന് പ്രതികള്‍ ജയില്‍ മോചിതരായതിന് പിന്നാലെയാണ് അവര്‍ക്ക് സ്വീകരണം ഒരുക്കാന്‍ സംഘടനകള്‍ രംഗത്ത് വന്നത്. ഒക്ടോബര്‍ ഒന്‍പതിനാണ് പ്രത്യേക കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. പരശുറാം വാഗ്മോര്‍, മനോഹര്‍ യാദവെ എന്നിവരാണ് കേസിലെ പ്രതികള്‍.
എന്നാല്‍ ജയില്‍ മോചിതരായ ശേഷം സ്വന്തം നാടായ വിജയപുരയില്‍ എത്തിയപ്പോഴാണ് ഇരുവര്‍ക്കും വലിയ രീതിയില്‍ ഇവിടെ ഹിന്ദു അനുകൂല സംഘടനകള്‍ സ്വീകരണം ഒരുക്കിയത്. പൂമാലകളും കാവി ഷാളും അണിയിച്ചാണ് കുറ്റവാളികളെ സംഘനാ പ്രതിനിധികള്‍ സ്വീകരിച്ചത്. തുടര്‍ന്ന് ഇവരെ ഛത്രപത്രി ശിവജിയുടെ പ്രതിമയ്ക്ക് അരികിലേക്ക് കൊണ്ട് പോവുകയും ചെയ്തിരുന്നു.
കേസിലെ മറ്റ് പ്രതികളായ അമോല്‍ കാലെ, രാജേഷ് ഡി ബംഗേര, വാസുദേവ് സൂര്യവന്‍ഷി, റുഷികേശ് ദേവദേക്കര്‍, ഗണേഷ് മിസ്‌കിന്‍, അമിത് രാമചന്ദ്ര ബഡ്ഡി എന്നിവര്‍ക്കും ജാമ്യം അനുവദിച്ചിരുന്നു.
ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറ് വര്‍ഷമായി അന്യായമായി ജയിലിലടച്ച പരശുറാം വാഗ്മോറിനെയും മനോഹര്‍ യാദ്വെയെയും തങ്ങള്‍ ഗ്രാമത്തിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും ഗൗരി ലങ്കേഷ് വധത്തിലെ യഥാര്‍ത്ഥ പ്രതികള്‍ ഇപ്പോഴും മറഞ്ഞിരിക്കുകയാണെന്നും സ്വീകരണം ഒരുക്കിയവരില്‍ ചിലര്‍ അഭിപ്രായപ്പെട്ടു.
അതേസമയം സംഭവം കൂടുതല്‍ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. കൊലപാതക കേസ് പ്രതികള്‍ക്ക് സ്വീകരണം നല്‍കിയ നടപടിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. 2017 സെപ്റ്റംബര്‍ അഞ്ചിനാണ് മാധ്യമ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷ് തെക്കന്‍ ബംഗളൂരുവിലെ സ്വന്തം വസതിക്ക് മുന്നില്‍ വെടിയേറ്റ് മരിച്ചത്.
ഇടതുപക്ഷ അനുകൂല നിലപാടുകള്‍ കൊണ്ട് കൂടി ശ്രദ്ധേയയായിരുന്നു ഗൗരി ലങ്കേഷ്. നിരന്തരം ഹിന്ദുത്വ ഗ്രൂപ്പുകളുടെ നിലപാടുകള്‍ക്ക് എതിരെ വിമര്‍ശനം ഉന്നയിച്ച ഗൗരി ലങ്കേഷിന്റെ കൊലപാതകം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.