ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകം: സംശയം ഉന്നയിച്ച് അമേരിക്കയും; തള്ളിക്കളഞ്ഞ് ഇന്ത്യ

ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകം: സംശയം ഉന്നയിച്ച് അമേരിക്കയും; തള്ളിക്കളഞ്ഞ് ഇന്ത്യ

ന്യൂഡല്‍ഹി: ഹര്‍ദീപ് സിങ് നിജ്ജര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇന്ത്യന്‍ പ്രതിനിധികളുമായി അമേരിക്കയും കാനഡയും ഒന്നിലധികം ചര്‍ച്ചകള്‍ നടത്തിയതായാണ് പുറത്തുവരുന്ന വിവരം. ഹര്‍ദീപ് സിങ് നിജ്ജര്‍ കൊലപാതകത്തിലും ഗുര്‍പത്വന്ത് സിങ് പന്നുവിന്റെ കൊലപാതക ഗൂഢാലോചനയിലും ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന റിപ്പോര്‍ട്ട് യോഗത്തില്‍ ചര്‍ച്ചയായി എന്നാണ് വിവരം.

കാനഡയിലെ ഖാലിസ്ഥാന്‍ അനുകൂല ഘടകങ്ങളെ തിരിച്ചറിയുന്നതിലും നിരീക്ഷിക്കുന്നതിലും ഇന്ത്യന്‍ നയതന്ത്രജ്ഞരും ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കനേഡിയന്‍ സര്‍ക്കാര്‍ ഇന്ത്യയെ അറിയിച്ചിരുന്നു എന്നാണ് വിവരം. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇത്തരം വാദങ്ങളെല്ലാം തന്നെ തള്ളിക്കളഞ്ഞു.

ശനിയാഴ്ച സിംഗപ്പൂരില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കനേഡിയന്‍ എന്‍എസ്എ നതാലി ഡ്രൂയിന്‍, ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഡേവിഡ് മോറിസണ്‍, ആര്‍സിഎംപിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ എന്നിവര്‍ കാനഡയുടെ ആശങ്ക ഇന്ത്യയെ അറിയിച്ചിരുന്നു. ഗുര്‍പത്വന്ത് സിങ് പന്നുവിന്റെ കൊലപാതക ഗൂഢാലോചന സംബന്ധിച്ച കാര്യങ്ങളിലും അമേരിക്കയും ഇന്ത്യയ്ക്കെതിരെ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

സംഘടിത കുറ്റവാളികളുടെ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കാന്‍ സ്ഥാപിതമായ ഇന്ത്യന്‍ അന്വേഷണ സമിതി പ്രതിനിധികള്‍, കേസ് ചര്‍ച്ച ചെയ്യുന്നതിനും യുഎസില്‍ നിന്ന് വിശദാംശങ്ങള്‍ സ്വീകരിക്കുന്നതിനുമായി ഇന്ന് വാഷിങ്ടണിലേക്ക് പോകുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. മുന്‍ ജീവനക്കാരന്റെ മറ്റ് ബന്ധങ്ങളെക്കുറിച്ച് അന്വേഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ആവശ്യമായ തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നും ഇന്ത്യ അമേരിക്കയെ അറിയിച്ചിട്ടുണ്ട് എന്നും പ്രസ്താവനയില്‍ പറയുന്നു.

എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വെബ്‌സൈറ്റില്‍ നിന്ന് പ്രസ്താവന അപ്രത്യക്ഷമാകുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് നിജ്ജാര്‍ കൊലപാതകവുമായി ബന്ധപ്പെട്ട നടപടികളിലേക്ക് കാനഡയും കടക്കുന്നത്. ഇതോടെ യുഎസും കാനഡയും ഏകീകൃതമായ നീക്കമാണ് ഇന്ത്യയ്ക്കെതിരെ നടത്തുന്നത് എന്നത് വ്യക്തമാണ് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

അതേസമയം കാഡയുടെ ആരോപണങ്ങളെ അസംബന്ധം എന്നും രാഷ്ട്രീയ പ്രേരിതം എന്നും വിശേഷിപ്പിച്ച ഇന്ത്യ, യുഎസ് ആരോപണങ്ങളെ ഗൗരവമായി എടുത്തുവെന്നാണ് വിവരം. ഇന്ത്യയുടെ നയതന്ത്ര സംവിധാനത്തില്‍ ഉത്തരവാദിത്തം വേണമെന്നും സമാനമായ ശ്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത വേണമെന്നും യുഎസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മുന്‍കാലങ്ങളിലും ആവശ്യപ്പെട്ടിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.