ദൈവത്താല്‍ സ്‌നേഹിക്കപ്പെടുന്നതും അവിടുത്തെപ്പോലെ സ്‌നേഹിക്കാന്‍ പഠിക്കുന്നതുമാണ് യഥാര്‍ത്ഥ സമ്പത്ത്: ഫ്രാന്‍സിസ് പാപ്പ

ദൈവത്താല്‍ സ്‌നേഹിക്കപ്പെടുന്നതും അവിടുത്തെപ്പോലെ സ്‌നേഹിക്കാന്‍ പഠിക്കുന്നതുമാണ് യഥാര്‍ത്ഥ സമ്പത്ത്: ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: നാം തേടുന്ന യഥാര്‍ത്ഥ സമ്പത്ത് ദൈവത്തിന്റെ സ്‌നേഹവും അവിടുത്തേക്ക് മാത്രം തരാന്‍ കഴിയുന്ന നിത്യജീവന്‍, അഥവാ ദൈവം തന്നെയാണെന്ന് ഫ്രാന്‍സിസ് പാപ്പ.

ഞായറാഴ്ച ത്രികാലജപ പ്രാര്‍ത്ഥനയോടനുബന്ധിച്ച് ആ ദിവസത്തെ സുവിശേഷവായനയെ (മര്‍ക്കോസ് 10: 17-30) ആസ്പദമാക്കി വചനസന്ദേശം നല്‍കുകയായിരുന്നു പാപ്പ. നിത്യജീവന്‍ അവകാശമാക്കാന്‍ എന്തു ചെയ്യണമെന്ന് യേശുവിനോട് ചോദിച്ച ധനികനായ യുവാവിന്റെ രണ്ടു പ്രവൃത്തികളിലാണ് മാര്‍പാപ്പ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. ആദ്യത്തേത്, ആ യുവാവ് യേശുവിന്റെ അടുത്തേക്ക് ഓടിവന്നു എന്നതാണ്. എന്നാല്‍, പിന്നീട് അവന്‍ സങ്കടത്തോടെ തിരിച്ചുപോയി എന്നും സുവിശേഷത്തില്‍ നാം കാണുന്നു.

സുവിശേഷം പേര് നല്‍കാത്ത സമ്പന്നനായ ആ യുവാവ്, താന്‍ അനുഭവിച്ചിരുന്ന അസംതൃപ്തിയോ അസ്വസ്ഥതയോ കാരണമാണ് യേശുവിന്റെ പക്കലേക്ക് ഓടിവന്നത്. ധാരാളം സമ്പത്തുള്ളവരുടെ കാര്യത്തില്‍ സംഭവിക്കുന്നതുപോലെ, അവനും കൂടുതല്‍ അര്‍ത്ഥപൂര്‍ണമായ ഒരു ജീവിതത്തിനായി അന്വേഷിക്കുകയായിരുന്നു - മാര്‍പാപ്പ ചൂണ്ടിക്കാട്ടി. യേശുവാകട്ടെ, അവനെ സ്‌നേഹപൂര്‍വ്വം കടാക്ഷിച്ചുകൊണ്ട് തനിക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്ക് കൊടുക്കാനും അതിനുശേഷം തന്നെ അനുഗമിക്കാനും അവനോടു പറഞ്ഞു.

എന്നാല്‍, ഇതു കേട്ട ആ യുവാവ് വിഷാദിച്ച് സങ്കടത്തോടെ തിരിച്ചുപോയി. യേശുവിനെ കാണാനുള്ള അവന്റെ ആഗ്രഹം അത്യധികം ആവേശപൂര്‍ണമായിരുന്നെങ്കിലും അവിടുത്തെ പക്കല്‍നിന്ന് ഉദാസീനനായി വേഗത്തില്‍ മടങ്ങിപ്പോവുകയാണ് അവന്‍ ചെയ്തത്.

ധനികനായ ആ യുവാവിനെപ്പോലെ സന്തോഷം നിറഞ്ഞതും അര്‍ത്ഥപൂര്‍ണവുമായ ഒരു ജീവിതം തേടുന്നവരാണ് നാം. എന്നാല്‍, ഭൗതികവസ്തുക്കളും സുരക്ഷിതത്വവും നമ്മുടെ ആഗ്രഹങ്ങള്‍ നിറവേറ്റുമെന്ന് പലപ്പോഴും നാം സങ്കല്‍പ്പിക്കുന്നു - പാപ്പാ പറഞ്ഞു. എന്നിരുന്നാലും, നാം തേടുന്ന യഥാര്‍ത്ഥ നന്മ ദൈവത്തിന്റെ സ്‌നേഹവും അവിടുത്തേക്ക് മാത്രം തരാന്‍ കഴിയുന്ന നിത്യജീവനുമാണ് അഥവാ ദൈവം തന്നെയാണ് എന്ന് നാം കണ്ടെത്തണമെന്ന് യേശു ആഗ്രഹിക്കുന്നു.

ദൈവത്തിന്റെ സ്‌നേഹപൂര്‍വ്വമായ കടാക്ഷമാണ് നമ്മുടെ യഥാര്‍ത്ഥ സമ്പത്ത്. ധനികനായ യുവാവിനെ യേശു സ്‌നേഹത്തോടെ നോക്കിയതുപോലെ പരസ്പരം സ്‌നേഹിച്ചുകൊണ്ട് നമ്മെത്തന്നെ ദാനമായി മറ്റുള്ളവര്‍ക്കു നല്‍കുന്നതും നമ്മെ യഥാര്‍ത്ഥത്തില്‍ സമ്പന്നരാക്കുന്നു - മാര്‍പാപ്പ വിശദീകരിച്ചു.

നഷ്ടം സഹിച്ചും സ്‌നേഹിക്കാനാണ് യേശു നമ്മെ ക്ഷണിക്കുന്നത്. അതിനായി നമ്മുടെ സുരക്ഷിതത്വത്തില്‍ നിന്ന് നാം പുറത്തുകടക്കണം. നമുക്കുള്ളവയും നമ്മുടെ കഴിവുകളും സൗഹൃദവും സമയവും ആവശ്യക്കാര്‍ക്കായി നാം പങ്കുവയ്ക്കണം - ഫ്രാന്‍സിസ് പാപ്പ വ്യക്തമാക്കി.

ഏതാനും ചോദ്യങ്ങള്‍ ഓരോരുത്തരും സ്വയം ചോദിക്കണമെന്ന് പാപ്പാ വിശ്വാസികളോട് ആഹ്വാനം ചെയ്തു. നമ്മുടെ ഹൃദയത്തിന്റെ മമത ഏതേതു കാര്യങ്ങളോടാണ്? നമുക്ക് സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ്? നമുക്കുള്ളത് ആവശ്യക്കാരുമായി നാം പങ്കുവയ്ക്കാറുണ്ടോ?

'യഥാര്‍ത്ഥ സമ്പത്ത് അടങ്ങിയിരിക്കുന്നത് ലൗകികനന്മകളിലല്ല മറിച്ച്, ദൈവത്താല്‍ സ്‌നേഹിക്കപ്പെടുന്നതിലും അവിടുത്തെപ്പോലെ സ്‌നേഹിക്കാന്‍ പഠിക്കുന്നതിലുമാണ്' - ഒരിക്കല്‍ക്കൂടി ഇക്കാര്യം എടുത്തുപറഞ്ഞുകൊണ്ട് പരിശുദ്ധ പിതാവ് തന്റെ സന്ദേശം അവസാനിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.