കൊച്ചി: പാലക്കാട് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനെതിരെ പി. സരിന്‍ നടത്തിയ വാര്‍ത്താ സമ്മേളനം പാര്‍ട്ടി പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വൈകാരികമായി പ്രതികരിക്കരുതെന്ന് അദേഹത്തോട് അപേക്ഷിച്ചിരുന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടി നടപടിക്രമങ്ങള്‍ അനുസരിച്ച് മുന്നോട്ട് പോകും. തീരുമാനം കെപിസിസി പ്രസിഡന്റ് പറയുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഇത് സിപിഎമ്മില്‍ ഉണ്ടായ പോലെയുള്ള പൊട്ടിത്തെറിയല്ലെന്നും ജയത്തെ ബാധിക്കില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു. രാഹുല്‍ മിടുമിടുക്കനായ സ്ഥാനാര്‍ഥിയും യൂത്ത് കോണ്‍ഗ്രസിന്റെ സമരനായകനുമാണ്. ഷാഫിക്ക് കൂടി ഇഷ്ടമുള്ള ആള്‍ എന്നത് പ്ലസ് പോയിന്റാണെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷമാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. അതിന്റെ പൂര്‍ണ ഉത്തരവാദിത്വം തനിക്കും കെപിസിസി പ്രസിഡന്റിനുമാണ്. അതിലെന്ത് പാളിച്ചയുണ്ടായാലും അത് തങ്ങള്‍ ഏറ്റെടുക്കുന്നു. എന്തുകൊണ്ടാണ് സരിന്‍ അങ്ങനെ പറഞ്ഞതെന്ന് മനസിലാകുന്നില്ല. വാര്‍ത്താ സമ്മേളനത്തിന് മുന്‍പായി അദേഹവുമായി സംസാരിച്ചിരുന്നു. ഏറ്റവും മികച്ച സ്ഥാനാര്‍ഥികളാണ് മൂന്ന് പേരും. ചെറുപ്പക്കാര്‍ക്കും വനിതകള്‍ക്കും അവസരം നല്‍കണമെന്നാണ് പാര്‍ട്ടി പലപ്പോഴും പറയാറുള്ളത്. പാര്‍ലമെന്റില്‍ സിറ്റിങ് എംപിമാര്‍ മത്സരിച്ചപ്പോള്‍ വനിതള്‍ക്കും യുവാക്കള്‍ക്കും സീറ്റ് കൊടുക്കാന്‍ പറ്റിയില്ല. അന്ന് മുതല്‍ ശ്രദ്ധിക്കുമെന്ന് താന്‍ കുറ്റസമ്മതം നടത്തിയിരുന്നു. അവസരം കിട്ടിയപ്പോള്‍ വനിതകള്‍ക്കും ചെറുപ്പക്കാര്‍ക്കും നല്‍കി എന്ന് അദേഹം പ്രതികരിച്ചു.
രണ്ട് പേരും അവരുടെ കഴിവ് തെളിയിച്ചരാണ്. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റാണ് രാഹുല്‍. മിടുമിടുക്കനായ സ്ഥാനാര്‍ഥിയാണ്. ചാനല്‍ ചര്‍ച്ചകളിലെ കോണ്‍ഗ്രസിന്റെ മുഖം. യുക്തിപൂര്‍വമായ വാദഗതികള്‍ കൊണ്ട് ആളുകളുടെ ഹൃദയം കീഴടക്കിയവനാണ്. സമരനായകനാണ്. പ്രിയങ്കരനായ സ്ഥാനാര്‍ഥിയാണ്. സ്ഥാനാര്‍ഥിത്വത്തെ ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല.
കേരളത്തില്‍ എല്ലാവരും സ്ഥലം മാറിയാണ് മത്സരിക്കുന്നത്. അതൊരു പുതിയ കാര്യമല്ല താന്‍ മത്സരിക്കുന്നത് തന്റെ നിയോജകമണ്ഡലത്തില്‍ അല്ലെന്നും അദേഹം പറഞ്ഞു. കൊല്ലത്തുള്ള രാജ്മോഹന്‍ ഉണ്ണിത്താന്‍ കാസര്‍കോട് പോയിട്ടാണ് അവരുടെ പ്രിയങ്കരനായത്. കണ്ണൂര്‍ ഉള്ള എം.കെ രാഘവനാണ് കോഴിക്കോടിന്റെ മകനായി മാറിയത്. രമ്യ ഹരിദാസ് കോഴിക്കോട് നിന്നാണ് വന്നത്. കെസി വേണുഗോപാല്‍ കണ്ണൂരുകാരനാണ്. ആദ്യമായി മത്സരിച്ചത് ആലപ്പുഴയിലാണ്. മലപ്പുറത്തുള്ള സ്വരാജ് തൃപ്പൂണിത്തുറയിലാണ് മത്സരിച്ചത്.
കേരളം മുഴുവന്‍ അറിയിപ്പെടുന്ന നേതാവാണ് രാഹുല്‍. ഷാഫിയുടെ പിന്തുണയുണ്ടെങ്കില്‍ അത് അഡീഷണല്‍ ബെനിഫിറ്റ് ആണ്. സരിന്‍ പറഞ്ഞത് പാര്‍ട്ടി പരിശോധിക്കട്ടെ. അതിന്റെ ചട്ടക്കൂടും കാര്യങ്ങളുമുണ്ട്. പരസ്യ വിമര്‍ശത്തില്‍ സരിന്‍ ആത്മപരിശോധന നടത്തട്ടെ. തിരുമാനം കെപിസിസി പ്രസിഡന്റ് പറയുമെന്നും അദേഹം വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.