ന്യൂഡല്‍ഹി: ഇന്ത്യ-കാനഡ ബന്ധം വഷളാക്കിയ ജസ്റ്റിന്‍ ട്രൂഡോയ്ക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ഇന്ത്യ. ലോറന്‍സ് ബിഷ്‌ണോയി സംഘത്തിലുള്ള പലരും കാനഡയിലുണ്ടെന്നും ഇവരെ ഇന്ത്യയ്ക്ക് കൈമാറുന്നതില്‍ കാനഡ വിമുഖത കാണിക്കുന്നുവെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
കാനഡയില്‍ സുരക്ഷിതരായി കഴിയുന്ന ബിഷ്‌ണോയി സംഘാംഗങ്ങള്‍ ഇപ്പോള്‍ അവിടെ കുറ്റകൃത്യങ്ങളില്‍ വ്യാപൃതരാണെന്നും അദേഹം ചൂണ്ടിക്കാട്ടി.
കാനഡയിലുള്ള ബിഷ്‌ണോയി സംഘത്തില്‍ ഉള്‍പ്പെട്ടവരെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കാന്‍ വര്‍ഷങ്ങളായി ഇന്ത്യ ആവശ്യപ്പെടുന്നു. എന്നാല്‍ കാനഡ ഇതില്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കാനഡയില്‍ ഇപ്പോള്‍ ബിഷ്‌ണോയി സംഘത്തിന്റെ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതായി പൊലീസ് അറിയിച്ചിട്ടുണ്ട്. എന്നിട്ട് അവര്‍ എപ്പോഴും ഇന്ത്യയെയാണ് കുറ്റപ്പെടുത്തുന്നതെന്നും രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
2023 സെപ്റ്റംബര്‍ മുതലാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് വിള്ളല്‍ വീഴാന്‍ തുടങ്ങിയത്. ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയില്‍ വച്ച് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ ആരംഭിച്ചത്. കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പരസ്യ ആരോപണം കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് വഴിവക്കുകയായിരുന്നു.
നിജ്ജാറിന്റെ കൊലപാതകവുമായി ഇന്ത്യയ്ക്ക് യാതൊരുവിധ ബന്ധവുമില്ലെന്നും ഇന്ത്യയുടെ പങ്ക് തെളിയിക്കുന്ന ഒരു തെളിവുകളും കാനഡ നല്‍കിയിട്ടില്ലെന്നും രണ്‍ധീര്‍ ജയ്സ്വാള്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയെ മനപൂര്‍വം അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കമാണ് കാനഡ നടത്തുന്നത്. ആരോപണങ്ങള്‍ക്ക് പിന്നില്‍ വോട്ടുബാങ്ക് രാഷ്ട്രീയമാണെന്നും അദേഹം തുറന്നടിച്ചു. നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരെ ആരോപണങ്ങള്‍ ഉയരുമ്പോള്‍ തെളിവുകള്‍ നിരത്താന്‍ കനേഡിയന്‍ പ്രധാനമന്ത്രിയോട് ഇന്ത്യ ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ വസ്തുതകള്‍ നിരത്താതെ അവകാശവാദങ്ങള്‍ മാത്രമാണ് കനേഡിയന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്.
ഖാലിസ്ഥാന്‍ ഭീകരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ പങ്കിന് ശക്തമായ തെളിവുകളുണ്ടെന്നും ഇത് ഇന്ത്യയ്ക്ക് നല്‍കിയിട്ടുണ്ടെന്നും അടുത്തിടെ നടന്ന പൊതുപരിപാടിയില്‍ ജസ്റ്റിന്‍ ട്രൂഡോ അവകാശപ്പെട്ടിരുന്നു. ഇന്ത്യന്‍ ഹൈകമ്മീഷണര്‍ ഉള്‍പ്പെടെയുള്ള ആറ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നായിരുന്നു ആരോപണം. എന്നാല്‍ ഇന്ത്യയ്ക്ക് തെളിവുകളൊന്നും നല്‍കിയിട്ടില്ലെന്ന് ട്രൂഡോ തന്നെ പിന്നീട് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.