ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; തീരദേശ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; തീരദേശ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: ഇന്ന് വിവിധ ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടിമിന്നലോടു കൂടിയ മഴ പെയ്യുമെന്നാണ് പ്രവചനം. ഇന്ന് തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും, കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ചവരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയില്‍ പറയുന്നു. എല്ലാ ജില്ലകളിലും നേരിയ തോതിലുള്ള മഴ സാധ്യത തുടരുകയാണ്. മഴയുടെ ശക്തി കുറഞ്ഞതിനാല്‍ ഇന്ന് ഒരു ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടില്ല.

കഴിഞ്ഞ ദിവസങ്ങളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് ഉണ്ടായിരുന്ന ജില്ലകളിലും മഴയുടെ തോത് കുറഞ്ഞിട്ടുണ്ട്. മലയോര പ്രദേശങ്ങളിലടക്കം നേരിയ മഴയാണ് ലഭിക്കുന്നത്. കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത് തുടരുകയാണ്. കേരളത്തിലെ തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ട്.

കേരള തീരത്ത് ഇന്ന് പുലര്‍ച്ചെ 02:30 വരെ 0.5 മുതല്‍ 1.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. തീരദേശ മേഖലകളില്‍ പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.