പ്രിയങ്ക ​ഗാന്ധി വയനാട്ടിലേക്ക്; ഏഴ് ദിവസം പര്യടനം നടത്തും; 23ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

പ്രിയങ്ക ​ഗാന്ധി വയനാട്ടിലേക്ക്; ഏഴ് ദിവസം പര്യടനം നടത്തും; 23ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

കല്‍പ്പറ്റ: കോണ്‍ഗ്രസ് വയനാട് ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി 23ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. മുന്‍ എംപിയും ലോക്‌സഭാ പ്രതിപക്ഷ നേതാവുമാായ രാഹുല്‍ ഗാന്ധിയും പ്രിയങ്കയ്‌ക്കൊപ്പമുണ്ടാകും. തുടര്‍ന്ന് വയനാട്ടില്‍ റോഡ് ഷോയുണ്ടായിരിക്കും. ഏഴ് ദിവസം വയനാട്ടില്‍ പ്രിയങ്കയുടെ പര്യടനമുണ്ടാകുമെന്നാണ് റിപ്പോർട്ട്. എല്ലാ പഞ്ചായത്തുകളിലും യോഗങ്ങള്‍ നടത്തും. യുഡിഎഫ് നേതൃയോഗത്തില്‍ പ്രാഥമിക പ്ലാന്‍ തയാറായിട്ടുണ്ട്.

അതേസമയം വയനാട്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ദേശീയ കൗണ്‍സിലംഗം സത്യന്‍ മൊകേരിയെ സിപിഐ പ്രഖ്യാപിച്ചു. പ്രചരണത്തിന്റെ ഭാഗമായി സത്യന്‍ മൊകേരി നാളെ മണ്ഡലത്തിലെത്തും. മറ്റ് രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ഇന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രഖ്യാപിക്കും. പാലക്കാട് കോണ്‍ഗ്രസ് മുന്‍ ഡിജിറ്റല്‍ സെല്‍ അധ്യക്ഷന്‍ സരിന്‍ പിക്കും ചേലക്കരയില്‍ പി ആര്‍ പ്രദീപിനുമാണ് സാധ്യത കൂടുതല്‍.

ബിജെപിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും ഇന്നുണ്ടാകുമെന്നാണ് സൂചന. നടി ഖുശ്ബു, ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭ സുരേന്ദ്രന്‍, മഹിള മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി നവ്യ ഹരിദാസ് എന്നിവരാണ് വയനാട്ടിലെ സാധ്യത പട്ടികയിലുള്ളത്. പാലക്കാട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെയും സി കൃഷ്ണകുമാറിന്‍റെയും പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ചേലക്കരയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയായ ഡോ ടി എന്‍ സരസുവിന്റെ പേരാണ് കേള്‍ക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.