'തകർന്ന് വീഴാറായ കെട്ടിടത്തിൽ സോഫയിലിരുന്ന് ഹമാസ് നേതാവ്'; യഹിയ സിൻവറിന്റെ അവസാന ദൃശ്യങ്ങൾ പുറത്ത് വിട്ട് ഇസ്രയേൽ

'തകർന്ന് വീഴാറായ കെട്ടിടത്തിൽ സോഫയിലിരുന്ന് ഹമാസ് നേതാവ്'; യഹിയ സിൻവറിന്റെ അവസാന ദൃശ്യങ്ങൾ പുറത്ത് വിട്ട് ഇസ്രയേൽ

ടെൽഅവീവ്: ഹമാസ് തലവൻ യഹിയ സിൻവറിന്റെ അവസാന നിമിഷത്തെ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇസ്രയേൽ പ്രതിരോധ സേന. ഗാസയിലെ തകർന്ന് വീഴാറായ ഒരു കെട്ടിടത്തിന്റെ ഉള്ളിൽ യഹിയ സിൻവർ ഇരിക്കുന്നതിന്റെ ദൃശ്യമാണ് പുറത്ത് വന്നത്. ഒരു ഭാഗം പൂർണമായും തകർന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിലായിട്ടാണ് യഹിയ സിൻവറിനെ കാണാനാകുന്നത്.

ഇവിടെ ഒരു സോഫയിൽ യഹിയ സിൻവർ മുഖം പാതി മറിച്ച് ഇരിക്കുന്നതായി കാണാം. ചുറ്റും പൊടി നിറഞ്ഞ് തകർന്നു കിടക്കുന്നതിനിടയിലായിട്ടാണ് ഇയാൾ ഇരിക്കുന്നത്. ഡ്രോൺ വീടിനുള്ളിലേക്ക് പറന്നുകയറി, യഹിയ സിൻവറിന് മുന്നിലായി നിൽക്കുന്നു. അൽപ്പസമയം ഇതിലേക്ക് നോക്കി ഇരുന്നതിന് ശേഷം യഹിയ സിൻവർ ഒരു വടിയെടുത്തെറിയുകയും ചെയ്യുന്നതായി കാണാം.

ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഇസ്രയേൽ യഹിയ സിൻവറിനെ വധിക്കുന്നത്. ആദ്യ ഘട്ടത്തിൽ കൊല്ലപ്പെട്ടത് യഹിയ സിൻവർ ആണെന്ന നിഗമനം ഇസ്രയേൽ സൈന്യം പങ്കുവച്ചിരുന്നു. തുടർ പരിശോധനകൾ നടത്തി കൊല്ലപ്പെട്ടത് യഹിയ സിൻവർ ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

ഒക്ടോബർ ഏഴിലെ കൂട്ടക്കൊലയ്‌ക്ക് ഉത്തരവാദിയായ യഹിയ സിൻവറിനെ ഇസ്രയേൽ പ്രതിരോധ സേന ഇല്ലാതാക്കിയെന്നാണ് വിദേശകാര്യമന്ത്രി ഇസ്രായേൽ കാറ്റ്‌സ് പ്രസ്താവനയിലൂടെ അറിയിച്ചത്. ഇസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കുരുതിക്ക് ഉത്തരവാദി സിൻവർ ആയിരുന്നുവെന്നും നീതിയിൽ നിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഭീകരനെ സൈന്യം ഇല്ലാതാക്കിയെന്നും ഐഡിഎഫ് വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.