ബെയ്‌റൂട്ട്: ഹിസ്ബുള്ളയുടെ ഇന്റലിജന്‍സ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആക്രമിച്ച് മൂന്ന് കമാന്‍ഡര്‍മാരെ വധിച്ചെന്ന് ഇസ്രയേല്‍ സൈന്യം. ലെബനീസ് തലസ്ഥാനത്തെ ഹിസ്ബുള്ള ഹെഡ്ക്വാട്ടേഴ്‌സും ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ കേന്ദ്രവും ഇസ്രയേല്‍ സൈന്യം ആക്രമിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സും റിപ്പോര്‍ട്ട് ചെയ്തു.
ഹിസ്ബുള്ളയുടെ സതേണ്‍ കമാന്‍ഡിലെ മുതിര്‍ന്ന കമാന്‍ഡര്‍ അല്‍ഹാജ് അബ്ബാസ് സലേം, കമ്യൂണിക്കേഷന്‍ വിദഗ്ധന്‍ റദ്ജ അബ്ബാസ് അവ്‌ച്ചെ, ഹിസ്ബുള്ളയ്ക്ക് വേണ്ടി തന്ത്രപ്രധാനമായ ആയുധങ്ങള്‍ വികസിപ്പിക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്ന അഹമ്മദ് അലി ഹുസൈന്‍ എന്നിവരെയാണ് കൊലപ്പെടുത്തിയതെന്ന് സൈന്യം വ്യക്തമാക്കി. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ എക്‌സ് പോസ്റ്റിലൂടെ പങ്ക് വെച്ചിട്ടുണ്ട്.
ഇന്ന് രാവിലെ വ്യോമസേന ഹിസ്ബുള്ളയുടെ ഇന്റലിജന്‍സ് കമാന്‍ഡോ കേന്ദ്രത്തിലും ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ കേന്ദ്രത്തിലും ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആക്രമണം നടത്തിയെന്നായിരുന്നുവെന്ന് ഇസ്രയേല്‍ സൈന്യം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
തെക്കന്‍ ബെയ്‌റൂട്ടിലെ ഹിസ്ബുള്ള ശക്തി കേന്ദ്രമായ ദഹിയയിലെ ഹാരെത്ത് ഹ്രീക്കിലും ഹദാത്തിലും ഇന്ന് രാവിലെ ഇസ്രയേല്‍ ആക്രമണം നടത്തിയതായി ലെബനീസ് സര്‍ക്കാര്‍ മാധ്യമവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഹിസ്ബുള്ളയുടെ തെക്കന്‍ ഫ്രണ്ട് കമാന്‍ഡിലെ മുതിര്‍ന്ന അംഗമായ അല്‍ഹാജ് അബ്ബാസ് സലേമിന്റെ കൊലപാതകം ഹിസ്ബുള്ളയ്ക്ക് വന്‍ തിരിച്ചടിയാണെന്നാണ് വിലയിരുത്തല്‍. ബിന്‍ത് ജബീല്‍ സെക്ടറിലെ ഹിസ്ബുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കുന്ന സലേം ഇസ്രയേലിനെതിരായ നിരവധി ആക്രമണങ്ങളുടെ സൂത്രധാരനാണെന്നാണ് റിപ്പോര്‍ട്ട്. ഹിസ്ബുല്ലയുടെ തെക്കന്‍ മുന്നണിയില്‍ നിരവധി ചുമതലകള്‍ ഇയാള്‍ നേരത്തെ വഹിച്ചിട്ടുണ്ട്.
സിസേറിയയിലെ തന്റെ സ്വകാര്യ വസതിയില്‍ ഡ്രോണ്‍ ആക്രമണം നടത്തിയതിന് പിന്നാലെ ഹിസ്ബുള്ളയ്ക്ക് മുന്നറിയിപ്പുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്ത് വന്നിരുന്നു. ഇസ്രായേല്‍ പൗരന്മാരെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്ന ആര്‍ക്കും കനത്ത വില നല്‍കേണ്ടി വരുമെന്നായിരുന്നു നെതന്യാഹുവിന്റെ മുന്നറിയിപ്പ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.