മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ കത്തോലിക്ക വൈദികനെ വെടിവച്ചു കൊലപ്പെടുത്തി. മെക്സിക്കന്‍ രൂപതയായ സാന്‍ ക്രിസ്റ്റോബല്‍ ഡി ലാസ് കാസസില്‍ നിന്നുള്ള ഫാ. മാര്‍സെലോ പെരെസ് ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം വീട്ടിലേക്കു പോകുമ്പോള്‍, അജ്ഞാതരായ അക്രമികള്‍ അദ്ദേഹത്തെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഘര്‍ഷഭരിതമായ ചിയാപാസ് സ്റ്റേറ്റില്‍ സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടി ശബ്ദമുയര്‍ത്തിയ റോമന്‍ കത്തോലിക്കാ പുരോഹിതനാണ് കൊല്ലപ്പെട്ടത്.
'എല്‍ ഹെറാള്‍ഡോ ഡി ചിയാപാസ്' എന്ന മാധ്യമം റിപ്പോർട്ട് ചെയ്യുന്നതനുസരിച്ചു, വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതിനുശേഷം വീട്ടിലേക്കു പോകുമ്പോള്‍ മോട്ടോര്‍ സൈക്കിളിലെത്തിയ അക്രമികള്‍ അദ്ദേഹത്തെ പിന്തുടര്‍ന്ന് വെടിവയ്ക്കുകയായിരുന്നു. കൊലപാതകത്തെ മെക്സിക്കന്‍ എപ്പിസ്‌കോപ്പല്‍ കോണ്‍ഫറന്‍സ് (സി.ഇ.എം.) അപലപിച്ചു.
'ഈ കൊലപാതകം സമൂഹത്തിന് സമര്‍പ്പിതനായ ഒരു വൈദികനെ നഷ്ടപ്പെടുത്തുക മാത്രമല്ല, സത്യത്തിനും നീതിക്കുംവേണ്ടി അക്ഷീണം പോരാടിയ ഒരു പ്രവാചകശബ്ദത്തെ നിശബ്ദമാക്കുകയുമാണ്. സമൂഹത്തിലെ ഏറ്റവും ദരിദ്രരും ദുര്‍ബലരുമായവരെ ചേര്‍ത്തുപിടിക്കുന്ന പൗരോഹിത്യ പ്രതിബദ്ധതയുടെ ജീവിക്കുന്ന ഉദാഹരണമായിരുന്നു ഫാ. മാര്‍സെലോ പെരെസ്' - ബിഷപ്പ് റോഡ്രിഗോ അഗ്വിലാര്‍ മാര്‍ട്ടിനെസ് അനുസ്മരിച്ചു.
ഈ കുറ്റകൃത്യത്തില്‍ സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്താനും പുരോഹിതരുടെയും അജപാലകരുടെയും സുരക്ഷ ഉറപ്പുവരുത്താനുമുള്ള ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാനും മെക്സിക്കന്‍ എപ്പിസ്‌കോപ്പല്‍ കോണ്‍ഫറന്‍സ് അധികാരികളോട് ആവശ്യപ്പെട്ടു.
മെക്സിക്കോയിലെ തദ്ദേശീയരുടെയും തൊഴിലാളികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ട പുരോഹിതനാണ് ഫാ. മാര്‍സെലോ പെരെസ്. 20 വര്‍ഷമായി അദ്ദേഹം സാമൂഹിക സേവനത്തില്‍ സജീവമാണ്. കുറ്റകൃത്യങ്ങള്‍, അക്രമങ്ങള്‍, ഭൂമി തര്‍ക്കങ്ങള്‍ എന്നിവയ്ക്ക് കുപ്രസിദ്ധമായ ചിയാപാസില്‍ അനുരഞ്ജനത്തിന് അദ്ദേഹം മുന്‍കൈയെടുത്തിരുന്നു.
നിരവധി വധഭീഷണികള്‍ക്ക് ശേഷമാണ് കൊലപാതകം നടന്നത്. പ്രദേശത്തെ ആക്രമണങ്ങള്‍ക്കെതിരേയുള്ള പുരോഹിതന്റെ നടപടികളും കുറ്റകൃത്യങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന നിലപാടുകളുമാണ് അക്രമികളെ പ്രകോപിപ്പിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.