അമേരിക്കയില്‍ മക്ഡൊണാള്‍ഡ്സ് ബര്‍ഗര്‍ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; ഒരു മരണം, നിരവധി പേര്‍ ചികിത്സയില്‍

അമേരിക്കയില്‍ മക്ഡൊണാള്‍ഡ്സ് ബര്‍ഗര്‍ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; ഒരു മരണം, നിരവധി പേര്‍ ചികിത്സയില്‍

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ മക്‌ഡൊണാള്‍ഡ്‌സിന്റെ ഔട്ട്‌ലെറ്റുകളില്‍ ഭക്ഷ്യവിഷബാധ. മക്‌ഡൊണാള്‍ഡ്‌സിന്റെ ഔട്ട്‌ലെറ്റുകളില്‍ നിന്ന് ക്വാര്‍ട്ടര്‍ പൗണ്ടര്‍ ബര്‍ഗര്‍ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ബര്‍ഗറില്‍ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യമുണ്ടായിരുന്നതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണം.

സെപ്റ്റംബര്‍ 27 നും ഒക്ടോബര്‍ 11 നും ഇടയിലാണ് അണുബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പത്തോളം സംസ്ഥാനങ്ങളിലാണ് ഭക്ഷ്യവിഷബാധയുണ്ടായത്. വിഷബാധയെത്തുടര്‍ന്ന് ഒരാള്‍ മരിച്ചു. പത്തോളം പേര്‍ നിലവില്‍ ചികിത്സയിലാണ്. ഏകദേശം അമ്പതോളം പേര്‍ക്ക് വിഷബാധയേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. കൊളറാഡോ, നെബ്രാസ്‌ക എന്നിവിടങ്ങളില്‍ സ്ഥിതി ഗുരുതരമാണ്.

കൊളറാഡോയില്‍ പ്രായമായ ഒരാളുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു കുട്ടിയെ വൃക്ക സംബന്ധമായ ഗുരുതര പ്രശ്നങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍(സിഡിസി) റിപ്പോര്‍ട്ട് ചെയ്തു. രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നതിന് മുമ്പ് മക്‌ഡൊണാള്‍ഡ്‌സില്‍നിന്നും ഭക്ഷണം കഴിച്ചതായി എല്ലാവരും വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ബാക്ടീരിയ ഭക്ഷ്യപദാര്‍ഥങ്ങളില്‍ കടന്നുവന്നതിനെ സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. ഉള്ളിയില്‍ നിന്നോ ബീഫില്‍ നിന്നോ ആയിരിക്കാമെന്നാണ് സംശയിക്കുന്നത്. റസ്റ്ററന്റുകളില്‍ നിന്ന് ഇവ നീക്കം ചെയ്തിട്ടുണ്ട്. ഭക്ഷ്യസുരക്ഷക്ക് വളരെയധികം പ്രാധാന്യമുണ്ടെന്നും ഭക്ഷ്യവിഷബാധയ്ക്ക് കാരണമായ ഉത്പന്നങ്ങള്‍ താത്കാലികമായി ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മക്ഡൊണാള്‍ഡ്സ് പ്രസിഡന്റ് ജോ എര്‍ലിങ്കര്‍ പറഞ്ഞു.

സിഡിസിയുടെ പ്രസ്താവനയ്ക്കു പിന്നാലെ മക്ഡൊണാള്‍ഡ്സിന്റെ ഓഹരികള്‍ ആറ് ശതമാനത്തിലേറെ ഇടിഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.