'മാധ്യമ പ്രവര്‍ത്തകര്‍ പട്ടികളെപ്പോലെ'; വിവാദ പരാമര്‍ശം നടത്തിയ എന്‍.എന്‍ കൃഷ്ണദാസ് മാപ്പ് പറയണമെന്ന് കെയുഡബ്ല്യുജെ

'മാധ്യമ പ്രവര്‍ത്തകര്‍ പട്ടികളെപ്പോലെ'; വിവാദ പരാമര്‍ശം നടത്തിയ എന്‍.എന്‍ കൃഷ്ണദാസ് മാപ്പ് പറയണമെന്ന് കെയുഡബ്ല്യുജെ

പാലക്കാട്: മാധ്യമ പ്രവര്‍ത്തകര്‍ പട്ടികളെപ്പോലെയെന്ന് ആക്ഷേപിച്ച സിപിഎം നേതാവും മുന്‍ എംപിയുമായ എന്‍.എന്‍ കൃഷ്ണദാസിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍. മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിച്ച കൃഷ്ണദാസിന്റെ നടപടി അങ്ങേയറ്റം അപലപനീയമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ചൂണ്ടിക്കാട്ടി. കൃഷ്ണദാസ് മാപ്പ് പറയണമെന്നും സംഘടന ആവശ്യപ്പെട്ടു.

പാലക്കാട് സിപിഎം ഏരിയ കമ്മിറ്റിയംഗമായ അബ്ദുള്‍ ഷുക്കൂര്‍ ജില്ലാ സെക്രട്ടറി നടത്തുന്ന മാനസീക പീഡനത്തിനെതിരെ പ്രതിഷേധിച്ച് പാര്‍ട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് റിപ്പോര്‍ട്ട് ചെയ്തതിനായിരുന്നു കൃഷ്ണദാസിന്റെ അസഭ്യ വര്‍ഷം. ഇറച്ചിക്കടയ്ക്ക് മുന്‍പില്‍ പട്ടികള്‍ നില്‍ക്കുന്നതുപോലെ മാധ്യമങ്ങള്‍ ഷുക്കൂറിന്റെ വീട്ടില്‍ നില്‍ക്കുകയായിരുന്നുവെന്നാണ് കൃഷ്ണദാസ് ഉപമിച്ചത്. രാവിലെയും ഇതേ വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് കൃഷ്ണദാസ് മോശമായി പെരുമാറിയിരുന്നു.

പട്ടികള്‍ എന്ന പ്രയോഗം വേണ്ടെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അങ്ങനെ തന്നെ പറയുമെന്നായിരുന്നു കൃഷ്ണ ദാസിന്റെ മറുപടി. സാക്ഷര കേരളത്തിന് നിരക്കാത്ത രീതിയില്‍ നടത്തിയ നിലവാരം കുറഞ്ഞതും അസഭ്യം കലര്‍ന്നതുമായ പ്രസ്താവനയും പെരുമാറ്റവുമാണ് കൃഷ്ണദാസ് നടത്തിയതെന്ന് കെയുഡബ്ല്യുജെ പറഞ്ഞു. ഹീനമായ പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയാന്‍ കൃഷ്ണദാസ് തയാറാകണമെന്ന് യൂണിയന് സംസ്ഥാന പ്രസിഡന്റ് കെ.പി റജിയും ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു.

സ്വന്തം പാര്‍ട്ടിക്കാര്‍ വിലക്കിയിട്ടും എന്‍.എന്‍ കൃഷ്ണദാസ് മാധ്യമ പ്രവര്‍ത്തകരോട് അപര്യാദയായി പെരുമാറുകയായിരുന്നു. തിരഞ്ഞെടുപ്പ് രംഗത്ത് എല്ലാ മുന്നണികളുടെയും സ്ഥാനാര്‍ഥികളുടെയും വാര്‍ത്തകള്‍ ഒരേ പ്രാധാന്യത്തോടെ കൈകാര്യം ചെയ്യുന്നവരാണ് മാധ്യമ പ്രവര്‍ത്തകര്‍.

പാര്‍ട്ടിക്കുള്ളിലും മുന്നണിക്കുള്ളിലും പൊട്ടിത്തെറികളും പ്രതിഷേധങ്ങളും കല്ലുകടികളുമുണ്ടാകുമ്പോള്‍ സ്വഭാവികമായും വാര്‍ത്തയായി മാറും. അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടിയും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് വേണ്ടിയും നിലകൊള്ളുന്നുവെന്ന് നാഴികയ്ക്ക് നാല്‍പ്പതുവട്ടം ആവര്‍ത്തിക്കുന്നവരാണ് തങ്ങള്‍ക്കെതിരെ ചോദ്യങ്ങളും പരാമര്‍ശങ്ങളും ഉയരുമ്പോള്‍ ഇത്തരത്തില് അരിശംകൊണ്ട് നിലവിട്ട് പെരുമാറുന്നതെന്ന് കെയുഡബ്ല്യുജെ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.