കണ്ണൂര്‍: എഡിഎം കെ. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലാ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയ്‌ക്കെതിരെ തിടുക്കത്തില്‍ നടപടി വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്.
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമായതിന് ശേഷം മതി നടപടിയെന്നാണ് തീരുമാനം. മരണവുമായി ബന്ധപ്പെട്ട അന്വേഷണം നിയമപരമായി മുന്നോട്ട് പോകട്ടെയെന്നും തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
അതേസമയം പി.പി ദിവ്യ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തലശേരി സെഷന്‍സ് കോടതി 29 ന് വിധി പറയും. നവീന്‍ ബാബുവിന്റെ മരണത്തില്‍ ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ടിരുന്നു. പിന്നീട് നടന്ന അന്വേഷണങ്ങളില്‍ ഇതുവരെ ദിവ്യയെ കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല.
അതിനിടെ ഗുരുതര ചട്ടലംഘനം ചൂണ്ടിക്കാട്ടി പെട്രോള്‍ പമ്പ് അപേക്ഷന്‍ ടി.വി പ്രശാന്തിനെ ആരോഗ്യ വകുപ്പ് ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ഇലക്ട്രീഷനാണ് പ്രശാന്ത്.
സര്‍ക്കാര്‍ സര്‍വീസിലിരിക്കെ പെട്രോള്‍ പമ്പിന് അപേക്ഷിച്ചതും കൈക്കൂലി നല്‍കിയെന്നു പറഞ്ഞതും സര്‍വീസ് ചട്ടലംഘനമെന്ന് സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. കൈക്കൂലി നല്‍കുന്നതും വാങ്ങുന്നതും ഗുരുതരമായ ചട്ടലംഘനമാണ്. കടുത്ത അച്ചടക്ക നടപടിക്ക് മുന്നോടിയായാണ് സസ്‌പെന്‍ഷന്‍.
കൂടുതല്‍ അന്വേഷണത്തിനും അച്ചടക്ക നടപടി ആരംഭിക്കുന്നതിനുമായി സേവനത്തില്‍ നിന്ന് ഉടന്‍ സസ്പെന്‍ഡ് ചെയ്യുന്നുവെന്നാണ് ഉത്തരവില്‍ പറയുന്നത്. ഇയാള്‍ പത്ത് ദിവസത്തെ കൂടി അവധിക്ക് അപേക്ഷിച്ചിരുന്നു. ഇതിനിടയിലാണ് സസ്പെന്‍ഷന്‍ ഉത്തരവ് വന്നിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.