സ്വര്‍ണ വില കുതിക്കുന്നു; മലയാളികളുടെ അലമാരകളില്‍ 20 ലക്ഷം കോടിയുടെ സ്വര്‍ണം

സ്വര്‍ണ വില കുതിക്കുന്നു; മലയാളികളുടെ അലമാരകളില്‍ 20 ലക്ഷം കോടിയുടെ സ്വര്‍ണം

സ്വര്‍ണത്തിന്റെ വില ചരിത്രക്കുതിപ്പിലാണ്. എത്ര കുതിച്ചാലും മലയാളിയും സ്വര്‍ണവുമായുള്ള ബന്ധം അത്ര പെട്ടെന്ന് തകര്‍ക്കാന്‍ കഴിയില്ല. അതിന് തക്കതായ കാരണവും ഉണ്ട്. കുട്ടികളുടെ അരഞ്ഞാണ ചടങ്ങില്‍ തുടങ്ങുന്ന സ്വര്‍ണ ബന്ധം പിറന്നാള്‍, മാമോദീസ, പെരുന്നാളുകള്‍ അടക്കമുള്ള ആഘോഷങ്ങള്‍ മുതല്‍ കല്യാണവും കഴിഞ്ഞ് മുന്നോട്ട് പോകുന്നു. സ്വര്‍ണമാലയില്‍ കയറുന്ന താലിയോട് ജീവിതാവസാനം വരെയുള്ള അടുപ്പമാണ് മലയാളിക്കുള്ളത്.

മക്കളുടെ കല്യാണത്തിനായി അവരുടെ ജനനത്തിന് മുന്‍പ് മുതല്‍ സ്വര്‍ണം വാങ്ങിത്തുടങ്ങുന്നവരും പാരമ്പര്യമായി മക്കളിലേക്ക് സ്വര്‍ണാഭരണങ്ങള്‍ കൈമാറുന്നവരും ബഹുഭൂരിപക്ഷമുള്ള നാടാണ് കേരളം. അപ്രതീക്ഷിതമായ സാമ്പത്തിക ആവശ്യം വന്നാല്‍ അതിവേഗം പണം കണ്ടെത്താന്‍ കഴിയുന്ന ഉറപ്പുള്ള മുതല്‍ കൂടിയാണ് സ്വര്‍ണം. അതിനാല്‍ സ്വര്‍ണ വില റെക്കാഡുകള്‍ കീഴടക്കി കുതിക്കുമ്പോള്‍ മലയാളി ഉപയോക്താക്കള്‍ക്ക് ആഷങ്കയോടൊപ്പം ആഹ്‌ളാദവുമാണ്.

കോവിഡിന് ശേഷമുള്ള മുന്നേറ്റം

കോവിഡിന് ശേഷമാണ് ഈ കാണുന്ന വിലക്കുതിപ്പിലേയ്ക്ക് സ്വര്‍ണം എത്തിയത്. ലോക്ഡൗണില്‍ മൂക്കുകുത്തിയ സ്വര്‍ണ വില പതിയെ റെക്കോര്‍ഡ് ഉയരത്തിലേക്ക് എത്തുകയായിരുന്നു. ഓഹരികളും മറ്റ് ലോഹങ്ങളുമെല്ലാം റെക്കാഡ് മുന്നേറ്റത്തിന് ശേഷം കിതയ്ക്കുമ്പോഴാണ് സ്വര്‍ണ വില കത്തിക്കയറുന്നത്. 2024 സുവര്‍ണകാലമായി. പത്ത് മാസത്തിനിടെ പവന്‍ വിലയില്‍ 13,000 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.

സുരക്ഷിത നിക്ഷേപമെന്ന പദവിയാണ് കാലങ്ങളായി സ്വര്‍ണത്തിന് അനുകൂലം. ആഗോള സാമ്പത്തിക തിരിച്ചടികള്‍ നേരിടാനായി വിദേശനാണയ ശേഖരത്തില്‍ അമേരിക്കന്‍ ഡോളറിനും യൂറോയ്ക്കും ജാപ്പനീസ് യെന്നിനുമൊപ്പം സ്വര്‍ണവും ഇടം നേടി. ചെറുകിട ഉപയോക്താക്കളുടെ തുടര്‍ച്ചയായ വാങ്ങല്‍ താല്‍പര്യവും ഉപയോഗം ഉയര്‍ത്തുന്നു. എന്നാല്‍ വര്‍ധിക്കുന്ന ഉപയോഗത്തിന് അനുസരിച്ച് സ്വര്‍ണ ഉല്‍പാദനം കൂടുന്നില്ല.

യു.എസ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്കുകളനുസരിച്ച് 2023 ല്‍ ലോകത്ത് മൊത്തം ഉല്‍പാദനം 3,000 ടണ്ണാണ്. 2022ല്‍ 3,612 ടണ്‍. കഴിഞ്ഞ വര്‍ഷം 370 ടണ്‍ സ്വര്‍ണവുമായി ചൈനയാണ് ഒന്നാമത്. 2016 ല്‍ 455 ടണ്‍ സ്വര്‍ണം ഖനനം ചെയ്തതിന് ശേഷം ചൈനയിലെ ഉല്‍പാദനം കുറയുകയാണ്. ഓസ്ട്രേലിയയാണ് രണ്ടാമത്, 314 ടണ്‍. സ്വര്‍ണ ശേഖരത്തിലും 12,000 ടണ്ണുമായി ഓസ്‌ട്രേലിയ ഒന്നാമതാണ്. പ്രതിവര്‍ഷം 309 ടണ്ണുമായി റഷ്യ തൊട്ടടുത്തുണ്ട്, 11,100 ടണ്‍. കാനഡ 200, അമേരിക്ക 170, കസഖിസ്ഥാന്‍ 130, മെക്സിക്കോ 120 ടണ്‍ എന്നിങ്ങനെയാണ് ഉല്‍പാദനം. ഇന്തോനേഷ്യ, ദക്ഷിണാഫ്രിക്ക, ഉസ്ബക്കിസ്ഥാന്‍ എന്നിവയും പിന്നിലുണ്ട്.

മുന്നില്‍ ചൈന തന്നെ

പ്രതിവര്‍ഷം 984 ടണ്‍ വില്‍പനയുമായി ഉപയോഗത്തിലും ചൈനയാണ് മുന്നില്‍. വ്യാവസായിക ആവശ്യങ്ങള്‍ക്കും ജുവലറികള്‍ക്കും സുരക്ഷിത നിക്ഷേപമെന്ന

നിലയിലും ചൈനക്കാര്‍ സ്വര്‍ണം വാങ്ങികൂട്ടുന്നു. 849 ടണ്‍ ഉപയോഗവുമായി ഇന്ത്യ രണ്ടാം സ്ഥാനത്താണ്. സ്വര്‍ണ ഖനനം കുറവായതിനാല്‍ ഇറക്കുമതിയാണ് കൂടുതല്‍.
ഇന്ത്യ സുവര്‍ണ രാജ്യം

ഇന്ത്യയ്ക്കാരുടെ കൈവശമുള്ള സ്വര്‍ണത്തിന്റെ മൂല്യം 200 ലക്ഷം കോടി രൂപയ്ക്കടുത്താണ്. ക്ഷേത്രങ്ങളിലടക്കം 25,000 ടണ്‍ ശേഖരമുണ്ടെന്നാണ് വിലയിരുത്തല്‍. നിലവില്‍ ഒരു കിലോ സ്വര്‍ണത്തിന് 75 ലക്ഷം രൂപയാണ് വില. പ്രതിവര്‍ഷം ശരാശരി 700 ടണ്‍ സ്വര്‍ണമാണ് ഔദ്യോഗിക ഇറക്കുമതി. 25 വര്‍ഷത്തിനിടെ ഇറക്കുമതി 17,500 ടണ്ണാണ്. കള്ളക്കടത്തിലൂടെയെത്തിയത് ഇതിന്റെ മൂന്നിരട്ടിയുണ്ടാകും. ഇറക്കുമതിയുടെ പത്ത് ശതമാനം മാത്രമാണ് പുനര്‍കയറ്റുമതി. ക്ഷേത്രങ്ങളിലെ സ്വര്‍ണ ശേഖരം അയ്യായിരം ടണ്‍ കവിയും. പുതിയ കണക്കുകളനുസരിച്ച് റിസര്‍വ് ബാങ്കിന്റെ വിദേശ നാണയ ശേഖരത്തില്‍ 6.8 ലക്ഷം കോടി രൂപയുടെ 842 ടണ്‍ സ്വര്‍ണമാണുള്ളത്.

സ്വര്‍ണത്തിന്റെ കാര്യത്തില്‍ മലയാളികള്‍ മുന്നില്‍

കേരളത്തിലെ സ്വര്‍ണ ഉപയോഗം ദേശീയ ശരാശരിയുടെ 22 ഇരട്ടിയാണ്. രാജ്യത്തെ മൊത്തം സ്വകാര്യ സ്വര്‍ണ ശേഖരത്തിന്റെ ഇരുപത് ശതമാനം കേരളത്തിലാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. മലയാളി കുടുംബങ്ങളുടെ കൈവശം 20 ലക്ഷം കോടി രൂപയുടെ സ്വര്‍ണാഭരണങ്ങളുണ്ടെന്നാണ് കണക്കാക്കുന്നത്. പ്രതിവര്‍ഷം ഒരു ലക്ഷം കോടി രൂപയിലധികമാണ് സംസ്ഥാനത്തെ ജൂവലറികളിലെ വില്‍പന. ആറായിരത്തിലധികം ജുവലറികളിലായി 60,000 കിലോ സ്വര്‍ണം വില്‍ക്കുന്നു.

വിലയിലെ മുന്നേറ്റം

ആഗോള വിപണിവിലയും ഡോളറിനെതിരെ രൂപയുടെ മൂല്യവും ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ പരിഗണിച്ചാണ് പവന്‍ വില ജുവലറി ഉടമകളുടെ സംഘടന നിശ്ചയിക്കുന്നത്. 50 വര്‍ഷത്തിനിടെ സ്വര്‍ണ വിലയില്‍ 14,600 ശതമാനം വര്‍ധനയാണ് ഉണ്ടായത്. 1975 ല്‍ പവന് വില 400 രൂപയായിരുന്നു. 1990 ല്‍ വില 2,490 രൂപയിലേക്കും 2,000ല്‍ 3,200 രൂപയിലേക്കും വില ഉയര്‍ന്നു. 2010ല്‍ 12,280 രൂപയും 2019ല്‍ 23,720 രൂപയും 2020 ല്‍ 42,000 രൂപയുമായിരുന്നു വില. കോവിഡ് കാലത്ത് ഇടിവുണ്ടായെങ്കിലും 2023 ല്‍ വില 44,000 രൂപയിലേക്ക് തിരിച്ചുകയറി. നിലവില്‍ പവന്‍ വില 58,880 രൂപയാണ്.
രാജ്യാന്തര വിപണിയിലെ വില ഔണ്‍സിന്(28.35 ഗ്രാം) 2,745 ഡോളര്‍ വരെ ഉയര്‍ന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യം 84 വരെ താഴ്ന്നതുമാണ് സ്വര്‍ണ വിലയില്‍ കുതിപ്പുണ്ടാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.