വില്ലുപുരം: തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) ആദ്യ സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടിയുടെ നയം പ്രഖ്യാപിച്ച് നടന്‍ വിജയ്. മതനിരപേക്ഷത, സാമൂഹിക നീതി, സമത്വം എന്നീ ആശയങ്ങളിലൂന്നിയാണ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം.
പതിനായിരങ്ങളാണ് തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്തത്. സമ്മേളന വേദിയില്‍ താരം പാര്‍ട്ടി പതാക ഉയര്‍ത്തി. തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലെ വിക്രവണ്ടിയിലാണ് സമ്മേളനം നടന്നത്.
പെരിയോര്‍, കാമരാജ്, ബി.ആര്‍ അംബേദ്ക്കര്‍, വേലു നാച്ചിയാര്‍, അഞ്ജല അമ്മാള്‍ എന്നിവരെ രാഷ്ട്രീയ വഴികാട്ടികളാക്കിയായിരിക്കും പാര്‍ട്ടിയുടെ പ്രവര്‍ത്തനം.
മതേതര സാമൂഹ്യ നീതിയുടെ ആശയങ്ങളുമായി പൊതുജനങ്ങളെ സേവിക്കാനാണ് താനെത്തുന്നതെന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് വിജയ് പറഞ്ഞു. കരഘോഷത്തോടെയാണ് താരത്തിന്റെ വാക്കുകളെ അണികള്‍ വരവേറ്റത്.
രാഷ്ട്രീയ യാത്രയില്‍ സ്ത്രീകള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന് വേദിയില്‍ ചൂണ്ടിക്കാട്ടിയ വിജയ്, നീറ്റ് വിഷയത്തില്‍ ആത്മഹത്യ ചെയ്ത അരിയല്ലൂര്‍ വിദ്യാര്‍ത്ഥിനി അനിതയെ അനുസ്മരിച്ചു. 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ എല്ലാ സീറ്റിലും മത്സരിക്കുമെന്നും വിജയ് പ്രഖ്യാപിച്ചു.
മതേതരത്വം, സംസ്ഥാന സ്വയംഭരണം, എല്ലാവരെയും ഉള്‍ക്കൊള്ളല്‍, ദ്വിഭാഷാ നയം, അഴിമതി വിരുദ്ധത, പ്രതിലോമ ആശയങ്ങളുടെ നിരാകരണം, മയക്കുമരുന്ന് രഹിത തമിഴ്നാട് തുടങ്ങിയവയാണ് തമിഴക വെട്രി കഴകത്തിന്റെ മറ്റ് പ്രധാന ആശയങ്ങള്‍. തമിഴ് നാട്ടില്‍ തമിഴും ഇംഗ്ലീഷും മാത്രം മതി, ഹിന്ദി വേണ്ടെന്നും വിജയ് പറഞ്ഞു. ഭരണത്തിലും വിദ്യാഭ്യാസത്തിലും ദ്വിഭാഷ നയം നടപ്പിലാക്കും.
താന്‍ രാഷ്ട്രീയത്തില്‍ ഒരു ശിശുവാണെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ടെന്നും എന്നാല്‍ താന്‍ ആത്മവിശ്വാസത്തോടെ രാഷ്ട്രീയമെന്ന പാമ്പുമായി കളിക്കുന്ന കുട്ടിയാണെന്ന് വിജയ് വ്യക്തമാക്കി.
പ്രസംഗത്തിനിടെ ഫാസിസത്തെയും ദ്രാവിഡ മോഡലിനെയും വിമര്‍ശിച്ച് ബിജെപിയെയും ഡിഎംകെയെയും പരിഹസിച്ച വിജയ് ഡിഎംകെ തമിഴ്‌നാടിനെ കൊള്ളയടിക്കുന്ന കുടുംബമാണെന്നും ആഞ്ഞടിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.