തിരുവനന്തപുരം: പാലക്കാട് ഉപ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ട ഡിസിസിയുടെ കത്ത് പുറത്ത് വന്ന വിഷയം ഗൗരവമായി കാണുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍.
സംഭവത്തില്‍ അന്വേഷണം നടത്തി ഉചിതമായ നടപടിയുണ്ടാകുമെന്ന് അദേഹം പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യവും സംഘടനാ പ്രവര്‍ത്തനത്തില്‍ സുതാര്യതയുമുള്ള പ്രസ്ഥാനമാണ് കോണ്‍ഗ്രസ്.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പ് പല അഭിപ്രായങ്ങളും ഉയര്‍ന്നു വരും. അതെല്ലാം വിലയിരുത്തിയാണ് നേതൃത്വം അന്തിമ തീരുമാനം എടുക്കുന്നത്. പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ ഒറ്റക്കെട്ടായി അതനുസരിക്കുകയാണ് കോണ്‍ഗ്രസിന്റെ സംസ്‌കാരമെന്നും കെ. സുധാകരന്‍ പറഞ്ഞു.
സിപിഎമ്മും ബിജെപിയും തമ്മിലുള്ള ബന്ധം എഴുപതുകളില്‍ തുടങ്ങിയതാണ്. അതിലെ ഓരേട് മാത്രമാണ് 1991 ല്‍ ബിജെപി സഹായം അഭ്യര്‍ത്ഥിച്ചുള്ള സിപിഎം നേതൃത്വത്തിന്റെ ഇപ്പോള്‍ പുറത്തു വന്ന കത്ത്. 1970 ല്‍ കൂത്തുപറമ്പില്‍ ബിജെപി വോട്ട് വാങ്ങി എംഎല്‍എയായ വ്യക്തിയാണ് പിണറായി വിജയന്‍.
1977 ലും അദേഹം ബിജെപിയുടെ സഹായത്തോടെ മത്സരിച്ചു. അതെല്ലാം മറച്ചു വെച്ചാണ് ഒരു നാണവുമില്ലാതെ വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പിണറായി വിജയന്‍ പ്രചരിപ്പിക്കുന്നത്. കോണ്‍ഗ്രസിന് സംഘടനാ പ്രവര്‍ത്തനവും സാമൂഹ്യ സേവനവും നടത്താന്‍ ബിജെപിയുടെ സഹായം വേണ്ടെന്നും കെ. സുധാകരന്‍ പറഞ്ഞു.
അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് സ്ഥാനാര്‍ത്ഥിയായി ഷാഫി പറമ്പിലാണ് നിര്‍ദേശിച്ചതെന്നും കെപിസിസി പ്രസിഡന്റ് വ്യക്തമാക്കി. ഷാഫിയുടെ നിര്‍ദേശം കൂടി കണക്കിലെടുത്ത് പാര്‍ട്ടി അംഗീകരിച്ചാണ് രാഹുലിനെ സ്ഥാനാര്‍ത്ഥിയാക്കിയത്.
വടകരയില്‍ ഷാഫിയെ സ്ഥാനാര്‍ത്ഥിയാക്കിയതിന് പകരമായിരുന്നില്ല ഈ തീരുമാനം. സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് പാലക്കാട് ഡിസിസിയില്‍ പല അഭിപ്രായങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ തീരുമാനം എടുത്ത ശേഷം പിന്നീട് വിവാദങ്ങളില്‍ കഴമ്പില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.