കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ചുമത്തിയ ആത്മഹത്യാ പ്രേരണ കേസില്‍ മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. കേസ് വിളിച്ച് വെറും ഒന്നര മിനിറ്റ് കൊണ്ടാണ് കോടതി വിധി പറഞ്ഞത്.
സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതിനാല്‍ പൊലീസിന് അറസ്റ്റ് ചെയ്യാം. അറസ്റ്റിലേക്ക് നീങ്ങുകയോ ദിവ്യ കീഴടങ്ങുകയോ ചെയ്താല്‍ കണ്ണൂര്‍ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കും. കോടതി നിര്‍ദേശ പ്രകാരം ജയിലലേക്ക് അയയ്ക്കും.
ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ ദിവ്യയ്ക്ക് ഇനി ഹൈക്കോടതിയെ സമീപിക്കാം. ഈ മാസം 17 നാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തത്. 18 ന് മുന്‍കൂര്‍ ജാമ്യത്തിനായി ദിവ്യ കോടതിയെ സമീപിച്ചു. ജഡ്ജി കെ.ടി നിസാര്‍ അഹമ്മദാണ് വിധി പറഞ്ഞത്.
ഭാരതീയ ന്യായസംഹിതയിലെ 108 വകുപ്പ് പ്രകാരമുള്ള കുറ്റമാണ് ചുമത്തിയത്. ഏക പ്രതിയായ ദിവ്യയുടെ മൊഴി രേഖപ്പെടുത്താത്തതിനാല്‍ എഡിഎമ്മിന്റെ മരണം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും പൊലീസ് അന്വേഷണം എങ്ങുമെത്തിയിരുന്നില്ല.
വിധി പുറത്തു വന്നതിന് പിന്നാലെ പ്രതികരണവുമായി നവീന്‍ ബാബുവിന്റെ കുടുബം രംഗത്തെത്തി. ആഗ്രഹിച്ച വിധിയാണിതെന്ന് കുടുംബം പ്രതികരിച്ചു. പൊലീസിന് ദിവ്യയെ അറസ്റ്റ് ചെയ്യാമായിരുന്നിട്ടും അത് ചെയ്തില്ലെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞു. ദിവ്യയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും പരമാവധി ശിക്ഷ കിട്ടണമെന്നും അവര്‍ ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.