പുതിയ ഇടയനായി പ്രാർത്ഥനയോടെ ചങ്ങനാശേരി അതിരൂപത; സ്ഥാനാരോഹണവും നന്ദി പ്രകാശനവും ഒക്ടോബർ 31 ന് കത്തീഡ്രലിൽ

പുതിയ ഇടയനായി പ്രാർത്ഥനയോടെ ചങ്ങനാശേരി അതിരൂപത; സ്ഥാനാരോഹണവും നന്ദി പ്രകാശനവും ഒക്ടോബർ 31 ന് കത്തീഡ്രലിൽ

ചങ്ങനാശേരി : ചങ്ങനാശേരി അതിരൂപതയുടെ പുതിയ മെത്രാപ്പോലീത്തയായി സ്ഥാനമേൽക്കുന്ന മാർ തോമസ് തറയിലിന്റെ സ്ഥാനാരോഹണം ആഘോഷമാക്കാനുള്ള ഒരുക്കത്തിൽ ചങ്ങനാശേരി അതിരൂപതാ നേതൃത്വവും വിശ്വാസികളും. ഒക്ടോബർ 31ന് ചങ്ങനാശേരി സെൻ്റ് മേരീസ് കത്തീഡ്രൽ പള്ളിയിൽ നടക്കുന്ന സ്ഥാനാരോഹണ ചടങ്ങിൽ ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമുള്ള അഭിവന്ദ്യരായ പിതാക്കന്മാർക്കൊപ്പം വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ് ലെയോ പോൾദോ ജിറേല്ലിയും കേന്ദ്ര - സംസ്ഥാന മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ചങ്ങനാശേരി അതിരൂപതയിൽ നിന്നുമുള്ള പതിനായിരത്തിലധികം പ്രതിനിധികളും പങ്കെടുക്കും. പരിപാടി സുഗമമാക്കുന്നതിനായി എല്ലാവരുടെയും ആത്മാർത്ഥമായ സഹകരണവും പിന്തുണയും അഭ്യർത്ഥിക്കുന്നതായി സംഘാടക സമിതി അറിയിച്ചു

രാവിലെ ഒൻപതിന് ആരംഭിക്കുന്ന സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം സ്വാ​ഗതം ആശംസിക്കും. മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിക്കും. ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ ചടങ്ങിൽ സഹകാർമ്മികരാകും. തുടർന്ന് മാർ തോമസ് തറയിലിന്റെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. തിരുവനന്തപുരം ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ വിശുദ്ധ കുർബന മധ്യേയുള്ള സന്ദേശം നൽകും.

11.45 ന് സിബിസിഐ പ്രസിഡന്റ് ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന്റെ അധ്യക്ഷതയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ സ്ഥാനമൊഴിയുന്ന ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിന് നന്ദിയും പുതിയ ആർച്ച് ബിഷപ് മാർ തോമസ് തറയിൽ ആശംസകളും നേരും. ഫാ. തോമസ് തൈകുട്ടുശേരിൽ & ടീം സ്വാ​ഗത ​ഗാനം അർപ്പിക്കും. അപ്പസ്തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് ജോർജ് കോച്ചേരി ദീപം തെളിയിക്കും. ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ സ്വാ​ഗതം ആശംസിക്കും.

ന്യൂനപക്ഷകാര്യ വകുപ്പ് സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം നിർവഹിക്കും. സീറോ മലബാർ സഭയിലെ മേജർ ആർച്ച് ബിഷപ്പ് എമിരിറ്റസ് മാർ ജോർജ് ആലഞ്ചേരി അനുഗ്രഹപ്രഭാഷണം നടത്തും. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ​​കാതോലിക്കാ ബാവ ആശീർവാദം നൽകും. മാർത്തോമ്മാ സുറിയാനി സഭയുടെ പ്രഥമ മെത്രാപ്പോലീത്ത ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ XXII അനു​ഗ്രഹ പ്രഭാഷണം നടത്തും. സെൻ്റ് ജോസഫ് പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ ഡോ. ദീപ്തി ജോസ് എസ്.ഡി ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടത്തിന് നന്ദി പറയും. പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ രേഖാ മാത്യൂസ് ആർച്ച് ബിഷപ്പ് തോമസ് തറയിലിന് അഭിനന്ദനങ്ങൾ അർപ്പിക്കും.

ജർമ്മനിയിലെ ബാംബെർഗിലെ ആർച്ച് ബിഷപ്പ് ഹെർവിഗ് ഗോസ്സിൽ, മാവേലിക്കര ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, സഹകരണ മന്ത്രി വി.എൻ. വാസവൻ, കൊടിക്കുന്നിൽ സുരേഷ് എം.പി, അഡ്വ. ജോബ് മൈക്കിൾ എംഎൽഎ, മുനിസിപ്പൽ ചെയർപേഴ്സൺ കൃഷ്ണകുമാരി രാജശേഖരൻ എന്നിവർ ആശംസകൾ അർപ്പിക്കും.
ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ എന്നിവർ മറുപടി പ്രസം​ഗം നടത്തും. വികാരി ജനറാൾ ഫാ. ജെയിംസ് പാലക്കൽ നന്ദി രേഖപ്പെടുത്തും.

വിവിധ ദേശങ്ങളിൽ നിന്ന് വരുന്നവർക്ക് പാർക്ക് ചെയ്യാൻ സ്കൂൾ, കോളജ് ​ഗ്രൗണ്ടുകളിൽ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. സമ്മേളനം നടക്കുന്ന കത്തീഡ്രലിലേക്ക് വാഹനം കടത്തിവിടുന്നതല്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.