കൊച്ചി: സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്ത അഞ്ച് ജുഡീഷ്യല്‍ ഓഫീസര്‍മാരെ ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിമാരായി നിയമിച്ച് കേന്ദ്ര നിയമമന്ത്രാലയം. നിയമനത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്ന് അഞ്ച് പേരും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും.
ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ പി. കൃഷ്ണകുമാര്‍, വിജിലന്‍സ് രജിസ്ട്രാര്‍ കെ.വി ജയകുമാര്‍, കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി എസ്. മുരളീകൃഷ്ണ, ഹൈക്കോടതി രജിസ്ട്രാറാ (ഡിസ്ട്രിക്ട് ജുഡീഷ്യറി) യിരുന്ന ജോബിന്‍ സെബാസ്റ്റ്യന്‍, തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി പി.വി ബാലകൃഷ്ണന്‍ എന്നിവരെയാണ് അഡീഷണല്‍ ജഡ്ജിമാരായി നിയമിച്ചിരിക്കുന്നത്. ഇതോടെ ഹൈക്കോടതിയില്‍ ജഡ്ജിമാരുടെ എണ്ണം 45 ആകും. 47 പേരാണ് വേണ്ടത്.
പി. കൃഷ്ണകുമാര്‍
2012 ഒക്ടോബറില്‍ ജില്ലാ ജഡ്ജിയായി ഒന്നാം റാങ്കോടെ തിരഞ്ഞെടുക്കപ്പെട്ടു. കൊല്ലത്തും തിരുവനന്തപുരത്തും പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയായിരുന്നു. ശ്രീപദ്മനാഭസ്വാമിക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചു. എറണാകുളം എന്‍.ഐ.എ/സി.ബി.ഐ സ്‌പെഷ്യല്‍ കോടതി ജഡ്ജിയായിരിക്കെ കനകമല തീവ്രവാദ കേസ്, സുബാനി ഹാജ ഐ.എസ്.ഐ.എസ്. കേസ്, നയതന്ത്ര പാഴ്‌സല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസ് തുടങ്ങിയ സുപ്രധാന കേസുകളില്‍ നിര്‍ണായക വിധികള്‍ പ്രഖ്യാപിച്ചു.
കെ.വി ജയകുമാര്‍
2012 ല്‍ ജില്ലാ ജഡ്ജിയായി. തലശേരിയിലും കൊല്ലത്തും പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയായിരുന്നു. നിലവില്‍ ഹൈക്കോടതിയില്‍ വിജിലന്‍സ് രജിസ്ട്രാറാണ്.
എസ്. മുരളീകൃഷ്ണ
2014 മാര്‍ച്ച് 14 ന് ജില്ലാ ജഡ്ജിയായി. മഞ്ചേരി പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയായിരുന്നു. നിലവില്‍ കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയാണ്.
ജോബിന്‍ സെബാസ്റ്റ്യന്‍
2014 മാര്‍ച്ച് 14 ല്‍ കേരള സ്റ്റേറ്റ് ഹയര്‍ ജുഡീഷ്യല്‍ സര്‍വീസില്‍ നേരിട്ട് ജില്ലാ ജഡ്ജിയായി നിയമിതനായി. തലശേരി, ആലപ്പുഴ എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയായിരുന്നു. നിലവില്‍ ഹൈക്കോടതിയില്‍ രജിസ്ട്രാറാ (ഡിസ്ട്രിക്ട് ജുഡീഷ്യറി) യിരുന്നു.
പി.വി ബാലകൃഷ്ണന്‍
2014 മാര്‍ച്ച് 14 ന് കേരള സ്റ്റേറ്റ് ഹയര്‍ ജുഡീഷ്യല്‍ സര്‍വീസില്‍ നേരിട്ട് ജില്ലാ ജഡ്ജിയായി നിയമിതനായി. കാസര്‍കോട് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയായിരുന്നു. നിലവില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി. കൂടാതെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാനും ആണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.