വയനാട് ഉരുള്‍പൊട്ടല്‍: ഏത് വിഭാഗത്തില്‍പ്പെടുമെന്നത് സംബന്ധിച്ച തീരുമാനം രണ്ടാഴ്ചയ്ക്കകമെന്ന് കേന്ദ്ര സര്‍ക്കാര്‍; അവഗണനയ്‌ക്കെതിരെ പ്രതിഷേധം

വയനാട് ഉരുള്‍പൊട്ടല്‍: ഏത് വിഭാഗത്തില്‍പ്പെടുമെന്നത് സംബന്ധിച്ച  തീരുമാനം രണ്ടാഴ്ചയ്ക്കകമെന്ന് കേന്ദ്ര സര്‍ക്കാര്‍; അവഗണനയ്‌ക്കെതിരെ പ്രതിഷേധം

എല്‍ 3 വിഭാഗത്തില്‍പ്പെടുന്ന അതിതീവ്ര ദുരന്തമായി വയനാട് ഉരുള്‍പൊട്ടലിനെ പ്രഖ്യാപിക്കണമെന്ന് അമിക്കസ് ക്യൂറി നിര്‍ദേശിച്ചിരുന്നു.

കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം ഏത് വിഭാഗത്തില്‍പ്പെടുമെന്നത് സംബന്ധിച്ച ഉന്നതതല സമിതി തീരുമാനം രണ്ടാഴ്ചയ്ക്കുള്ളില്‍ ഉണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയിരുന്നു. ഇതില്‍ എല്‍ 3 വിഭാഗത്തില്‍പ്പെടുന്ന അതിതീവ്ര ദുരന്തമായി വയനാട് ഉരുള്‍പൊട്ടലിനെ പ്രഖ്യാപിക്കണമെന്നായിരുന്നു നിര്‍ദേശിച്ചിരുന്നത്.

ദുരന്തങ്ങളെ ഏത് കാറ്റഗറിയില്‍പ്പെടുത്തണമെന്ന് തീരുമാനിക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണോ എന്നത് ഉന്നതതല സമിതി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടാഴ്ചയ്ക്കകം ഉരുള്‍പൊട്ടലിനെ ഏത് കാറ്റഗറിയില്‍പ്പെടുത്താം എന്നതില്‍ തീരുമാനം അറിയിക്കാമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. വയനാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഒരു പിന്തുണയും നല്‍കുന്നില്ലെന്ന് കഴിഞ്ഞ തവണ കേരളം കോടതിയെ അറിയിച്ചിരുന്നു.

സാമ്പത്തിക സഹായം വൈകിപ്പിക്കുക മാത്രമല്ല, തീവ്ര സ്വഭാവത്തിലുള്ള ദുരന്തമായി വിജ്ഞാപനം ചെയ്യുന്നതിലും കാലതാമസം വരുത്തുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. ദുരിതബാധിതര്‍ക്ക് പ്രതിദിനം 300 രൂപ നല്‍കുന്ന പദ്ധതി 30 ദിവസത്തേക്ക് കൂടി നീട്ടാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

നഷ്ടപരിഹാരം കിട്ടുന്നില്ലെന്ന വാര്‍ത്തകള്‍ വരുന്നുണ്ടല്ലോയെന്ന് സര്‍ക്കാരിനോട് കോടതി ചോദിച്ചു. ട്രഷറികള്‍ വഴിയോ ബാങ്ക് അക്കൗണ്ടുകള്‍ വഴിയോ നഷ്ടപരിഹാരം നല്‍കണമെന്നും സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി.

ഇതോടൊപ്പം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കണമെന്നും അമിക്കസ് ക്യൂറി നിര്‍ദേശം മുന്നോട്ടു വെച്ചിട്ടുണ്ട്. പാരാമെട്രിക് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ സ്വകാര്യ മേഖലയും സഹകരിക്കണമെന്നും അമിക്കസ് ക്യൂറി നിര്‍ദേശിച്ചിട്ടുണ്ട്.

അതിനിടെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ വയനാട് കളക്ടറേറ്റിന് മുന്നില്‍ ഇന്ന് പ്രതിഷേധ ധര്‍ണ നടത്തുകയാണ്.പുനരധിവാസം വൈകുന്നത് ഉള്‍പ്പെടെ വിഷയങ്ങള്‍ ഉന്നയിച്ച് ജനശബ്ദം ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധിക്കുന്നത്.

ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായി മൂന്ന് മാസം പൂര്‍ത്തിയാകുമ്പോഴാണ് ദുരന്തബാധിതര്‍ സമര രംഗത്ത് ഇറങ്ങുന്നത്. മൂന്ന് വാര്‍ഡുകളിലെ മുഴുവന്‍ ആളുകളെയും ദുരന്ത ബാധിതരായി പ്രഖ്യാപിക്കണമെന്നും സമര സമിതി ആവശ്യപ്പെടുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പാക്കേജ് അനുവദിക്കണമെന്നും ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.