വേതാളങ്ങള്‍ എന്തും പറയട്ടെ; വഖഫ് നിയമ ഭേദഗതി പ്രാബല്യത്തില്‍ വരിക തന്നെ വേണം

വേതാളങ്ങള്‍ എന്തും പറയട്ടെ; വഖഫ് നിയമ ഭേദഗതി പ്രാബല്യത്തില്‍ വരിക തന്നെ വേണം

ലോകത്ത് ഏറ്റവും പ്രാകൃതമായ നിയമങ്ങള്‍ നിലനില്‍ക്കുന്ന രാജ്യമാണ് താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാന്‍. പെണ്‍കുട്ടികളുടെ പഠനം, സ്ത്രീകളുടെ വസ്ത്രധാരണം തുടങ്ങി മനുഷ്യരുടെ അടിസ്ഥാന ജീവിത സ്വാതന്ത്ര്യം വരെ ശരിഅത്ത് എന്ന തീവ്രമുസ്ലീം നിയമ സംഹിതയുടെ നീരാളിക്കൈകളില്‍ ഞെരിഞ്ഞമരുകയാണവിടെ. ലോകം അതിനിട്ടിരിക്കുന്ന പേരാണ് താലിബാനിസം.

സ്ത്രീകള്‍ ഉറക്കെ ഖുര്‍ആന്‍ വായിക്കാന്‍ പാടില്ല എന്നതാണ് താലിബാന്‍ ഭരണകൂടം ഏറ്റവുമൊടുവില്‍ പുറത്തിറക്കിയിരിക്കുന്ന കല്‍പന. അഫ്ഗാനിസ്ഥാന്‍ മാത്രമല്ല, മറ്റ് പല മുസ്ലീം രാജ്യങ്ങളിലും 'കണ്ണിന് കണ്ണ് ... പല്ലിന് പല്ല്' എന്ന കണക്കേയുള്ള കിരാത നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നുണ്ട്. അത് അവരുടെ കാര്യം... അതവിടെ നില്‍ക്കട്ടെ.

നമുക്ക് ഇന്ത്യയിലേക്ക് വരാം... ഒരു മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയിലും താലിബാനിസത്തിന്റെ ചില സൂചനകള്‍ കണ്ടു തുടങ്ങിയിട്ട് കാലം കുറച്ചായി. അതിന്റെ ഏറ്റവുമൊടുവില്‍ പ്രത്യക്ഷപ്പെട്ട ഭീകര മുഖമാണ് വഖഫ്.

ഇസ്ലാമിക നിയമ പ്രകാരം മതപരമോ ജീവകാരുണ്യപരമോ ആയ ആവശ്യങ്ങള്‍ക്ക് മാത്രമായി സമര്‍പ്പിച്ചിരിക്കുന്ന വസ്തു വകകളാണ് വഖഫ്. ഇത് മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല. വഖഫിന്റെ ഉടമസ്ഥന്‍ അളളാഹുവാണ്. അതുകൊണ്ട് ഒരിക്കല്‍ ഒരു സ്വത്ത് വഖഫ് ആയി പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ പിന്നെ അത് തിരിച്ചു കിട്ടുകയില്ല.

നിലവില്‍ ഇന്ത്യയിലുള്ള വഖഫ് നിയമം അനുസരിച്ച് പൂര്‍വ്വ കാലത്ത് തങ്ങളുടേതായിരുന്നു എന്ന് വഖഫ് ബോര്‍ഡിന് തോന്നുന്ന ഏതൊരു സ്വത്തിന്‍മേലും അവകാശവാദമുന്നയിച്ച് ഏറ്റെടുക്കാം. അതാണ് മുനമ്പത്തെ 600 കുടുംബങ്ങള്‍ ഇപ്പോള്‍ നേരിടുന്ന കടുത്ത പ്രതിസന്ധി.

ഈ അധിനിവേശത്തെ തടയാന്‍ രാജ്യത്തെ ഭരണഘടന അനുശ്വാസിക്കുന്ന പ്രകാരം പ്രവര്‍ത്തിക്കുന്ന നീതിന്യായ പീഠങ്ങള്‍ക്കൊന്നും അധികാരമില്ല!.. സ്വന്തം ഭൂമിയില്‍ നിന്നും ബലമായി കുടിയിറക്കപ്പെടുന്നവര്‍ക്ക് വേണമെങ്കില്‍ വഖഫ് ട്രിബ്യൂണലിനെ സമീപിക്കാം. അതായത് അധിനിവേശക്കാരന്‍ തന്നെ അന്തിമവിധി പ്രസ്താവിക്കും. അതിന് മേല്‍ അപ്പീല്‍ പോലുമില്ല.... എന്തൊരു വിചിത്ര നിയമം.

1995 ല്‍ നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ് കേട്ടുകേള്‍വി പോലുമില്ലാത്ത ഇത്തരമൊരു നിയമത്തിന് പാര്‍ലമെന്റില്‍ പച്ചക്കൊടി കാണിച്ചത്. വോട്ട് ബാങ്ക് സ്വപ്‌നം കണ്ട് അന്ന് കൈയ്യടിച്ച കോണ്‍ഗ്രസുകാരും ഇടതുപക്ഷ പാര്‍ട്ടി നേതാക്കളും മുനമ്പത്തെ കണ്ണീരിന്റെ നനവുള്ള സമര പന്തലിലെത്തി സമാശ്വാസ വാക്കുകള്‍ ഉരിയാടുന്നുണ്ട്.

പക്ഷേ, കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാനൊരുങ്ങുന്ന വഖഫ് നിയമ ഭേദഗതിക്കെതിരെ നിയമസഭയില്‍ ഏകകണ്ഠമായി പ്രമേയം പാസാക്കിയ ശേഷമാണ് മുനമ്പം ജനതയ്ക്ക് 'ഐക്യദാര്‍ഢ്യവുമായി' ആട്ടിന്‍ തോലണിഞ്ഞ ഈ ചെന്നായ്ക്കൂട്ടങ്ങളുടെ വരവ്. പറയുന്നതോ... 'നിങ്ങളുടെ ഭൂമിയില്‍ നിന്ന് ആരും നിങ്ങളെ കുടിയിറക്കില്ല' എന്ന്... എന്തൊരു ഔദാര്യം.

അങ്ങനെയാണോ അവരെ സമാധാനിപ്പിക്കേണ്ടത്?.. കുടിയിറക്കൊക്കെ അവസാന ഘട്ടം. നിലവില്‍ എത്രയോ വേദനാജനകമായ സാഹചര്യത്തിലൂടെയാണ് അവര്‍ കടന്നു പോകുന്നത്. വസ്തുവിന്റെ ക്രയവിക്രയം നടക്കുന്നില്ല. വെറുതേ കൊടുക്കാമെന്ന് പറഞ്ഞാല്‍ പോലും വാങ്ങാനാളില്ല.

മക്കളുടെ പഠനത്തിനും വിവാഹത്തിനും മറ്റുമായി സ്വന്തം പേരിലുള്ള സ്ഥലം ഈട് നല്‍കി ഒരു ബാങ്ക് വായ്പ തരപ്പെടുത്താന്‍ പോലും നിര്‍ധനരായ ആ കുടുംബങ്ങള്‍ക്ക് കഴിയില്ല. സമര പന്തലില്‍ വന്ന് മുതലക്കണ്ണീര്‍ പൊഴിക്കുന്ന ഇടത്, വലത് രാഷ്ട്രീയ നേതാക്കള്‍ക്ക് അക്കാര്യത്തില്‍ എന്ത് പറയാനുണ്ട്?

മുനമ്പം പോലെ തന്നെ രാജ്യത്തിന്റെ പല ഭാഗത്തും വഖഫ് വിഷയം കത്തിക്കാളുന്നുണ്ട്. നിലവിലുള്ള നിയമത്തിന്റെ അപാകതകള്‍ കൊണ്ടാണ് പ്രധാനപ്പെട്ട പല പൊതുസ്ഥലങ്ങളും വഖഫ് ബോര്‍ഡ് കൈയടക്കാനൊരുങ്ങുന്നത്.

ഇത്തരത്തില്‍ നിയമപരമായ ഒരവകാശവും ഇല്ലാതിരിക്കെ ഗുജറാത്തിലെ ദ്വാരകയില്‍ രണ്ട് ചെറു ദ്വീപുകള്‍ വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിക്കുന്ന സ്ഥലമാണ്. തമിഴ്നാട്ടിലെ തിരുച്ചെന്തുറയില്‍ അനേകം മുസ്ലീം ഇതര സമുദായങ്ങളില്‍ പെട്ടവര്‍ തലമുറകളായി ജീവിച്ചു പോരുന്ന ഒരു ഗ്രാമം മുഴുവന്‍ തങ്ങളുടേതാണെന്ന് വഖഫ് ബോര്‍ഡ് അവകാശപ്പെടുന്നു.

ബംഗളുരുവിലെ ഈദ് ഗാഹ് മൈതാനവും ഗുജറാത്തിലെ തന്നെ സൂറത്ത് മുനിസിപ്പല്‍ കോര്‍പറേഷന്‍ കെട്ടിടവും ഇതേപോലുള്ള മറ്റ് ഉദാഹരണങ്ങളാണ്. കുറേക്കാലമായി അവിടെ നിസ്‌കരിച്ചു പോന്നു എന്നതാണ് ബംഗളുരുവിലെ ഈദ് ഗാഹ് മൈതാനത്തിന്‍മേല്‍ അവകാശവാദമുന്നയിക്കുന്നതിന് കാരണമായി പറയുന്നത്. സൂറത്തിലാകട്ടെ മുഗള്‍ ഭരണ കാലത്ത് ഹജ്ജ് തീര്‍ത്ഥാടകര്‍ ഈ കെട്ടിടം ഒരു സത്രമായി ഉപയോഗിച്ചിരുന്നു എന്നതാണ് വാദം.

ഇത്തരത്തില്‍ ടിപ്പുവിന്റെ കാലത്ത് നിസ്‌കാരപ്പള്ളി ആയിരുന്നു എന്നോ, ഔറംഗസേബിന്റെ കാലത്ത് മദ്രസ ആയിരുന്നു എന്നോ ഒക്കെ പറഞ്ഞ് വഖഫ് ബോര്‍ഡിന് ഇപ്പോഴും മറ്റൊരാളുടെ സ്വത്തില്‍ കടന്നു കയറാം. അതിനെതിരെ കോടതിയില്‍ പോയിട്ടും കാര്യമില്ല!..

ഇന്ത്യയില്‍ ഡല്‍ഹി സുല്‍ത്താനേറ്റിന്റെ കാലത്താണ് വഖഫ് പ്രസ്ഥാനത്തിന് വളര്‍ച്ച കൈവരുന്നത്. തികച്ചും അന്യായവും സമൂഹത്തില്‍ സ്പര്‍ദ്ധ ഉണ്ടാക്കുന്നതും ആയതിനാല്‍ വഖഫ് എന്ന പരിപാടി തന്നെ റദ്ദാക്കാന്‍ ബ്രിട്ടീഷുകാര്‍ ആലോചിച്ചിരുന്നു.

പത്തൊന്‍പതാം നൂറ്റാണ്ടില്‍ വഖഫുമായി ബന്ധപ്പെട്ട ഒരു കേസില്‍ ലണ്ടനിലെ പ്രിവി കൗണ്‍സില്‍ (അന്നത്തെ സുപ്രീം കോടതിയുടെ അധികാരമുള്ള സ്ഥാപനം) പറഞ്ഞത് 'വഖഫ് എന്നത് അവസാനമില്ലാതെ തുടരുന്നതും അങ്ങേയറ്റം മോശവും ദോഷകരവുമായ ഒരു പ്രസ്ഥാനമാണ്. അതുകൊണ്ട് തന്നെ വഖഫ് എന്ന പരിപാടിയേ ഇല്ലാതാക്കണം എന്നായിരുന്നു.

എന്നാല്‍ പ്രിവി കൗണ്‍സിലിലെ നാല് ജഡ്ജിമാര്‍ ചേര്‍ന്നെഴുതിയ ഈ വിധി ഇന്ത്യയില്‍ നടപ്പിലായില്ല. പിന്നീട് സ്വാതന്ത്ര്യത്തിന് ശേഷം 1954 ല്‍ പാസാക്കിയ വഖഫ് നിയമം 1995 ല്‍ കൂടുതല്‍ കര്‍ശനമാക്കിയതോടെയാണ് വഖഫ് ബോര്‍ഡിന് മറ്റുള്ളവരുടെ സ്വത്തുക്കളിലേക്ക് കടന്നു കയറാനുള്ള പരമാധികാരം ലഭിക്കുന്നത്.

നിലവിലുള്ള വഖഫ് നിയമമനുസരിച്ച് മറ്റ് വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ കൈവശം നിയമാനുസൃതമായ രേഖകളോടെ ഇരിക്കുന്ന സ്ഥലങ്ങള്‍ക്കുമേല്‍ പോലും അവകാശവാദം ഉന്നയിക്കാന്‍ വഖഫ് ബോര്‍ഡിനു കഴിയും. ഇത് സമൂഹത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കും. അവകാശികള്‍ ഇല്ലാതെ മരിക്കുന്നവരുടെ സ്വത്തും വഖഫിന് കിട്ടും.

ഈ അപരിഷ്‌കൃത നിയമത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ഭേദഗതി കൊണ്ടു വരാന്‍ ഉദേശിക്കുന്നത്. നിലവില്‍ ആര്‍ക്കും വഖഫ് കൊടുക്കാം. എന്നാല്‍ പുതിയ ഭേദഗഗതി പ്രകാരം കുറഞ്ഞത് അഞ്ച് വര്‍ഷമായി മുസ്ലിമായി ജീവിക്കുന്ന ഒരാള്‍ക്ക് മാത്രമേ വഖഫിന് ദാനം ചെയ്യാന്‍ അനുവാദമുള്ളൂ. അതും അയാളുടെ ഉടമസ്ഥതയിലുള്ള വസ്തു മാത്രമേ ദാനം ചെയ്യാന്‍ പാടുള്ളൂ.

നിലവില്‍ മുന്‍കാലത്തെ ഉപയോഗം എന്ന ഒറ്റ കാരണം പറഞ്ഞ് വഖഫിന് ഏതൊരു സ്ഥലത്തിന്റെയും മേല്‍ അവകാശം കിട്ടും. എന്നാല്‍ പുതിയ ഭേദഗതി ഈ വകുപ്പ് എടുത്തു കളയുന്നു. ഇത് വഖഫിന്റെ അന്യായമായ കടന്നു കയറ്റത്തെ ചെറുക്കും.

വഖഫ് ഏതെങ്കിലും സര്‍ക്കാര്‍ സ്ഥലം കൈവശപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് തിരിച്ചു പിടിക്കും. അതിന്റെ ഉത്തരവാദിത്വം ജില്ലാ കളക്ടര്‍മാരെ ഏല്‍പിക്കും. ഇപ്പോള്‍ ഒരു വസ്തു വഖഫ് ആണോ എന്നു തീരുമാനിക്കുന്നത് വഖഫ് ബോര്‍ഡ് ആണ്. അവരുടെ ഈ അധികാരം എടുത്തു കളയാന്‍ ഭേദഗതിയില്‍ വ്യവസ്ഥ ചെയ്യുന്നു.

നിലവിലെ നിയമമനുസരിച്ച് വഖഫ് കൗണ്‍സിലിലെ എല്ലാ അംഗങ്ങളും മുസ്ലിങ്ങളായിരിക്കണം. അവരില്‍ രണ്ട് പേര്‍ സ്ത്രീകളും ആയിരിക്കണം. ഭേദഗതി അനുസരിച്ച് വഖഫ് കൗണ്‍സിലിലെ രണ്ട് പേരെങ്കിലും അമുസ്ലിങ്ങള്‍ ആയിരിക്കണം. കൂടാതെ കൗണ്‍സിലിലേക്ക് നോമിനേറ്റ് ചെയ്യപ്പെടുന്ന എംപിമാര്‍, പ്രഗത്ഭ വ്യക്തികള്‍, നിയമ വിദഗ്ദ്ധര്‍ എന്നിവര്‍ മുസ്ലിങ്ങള്‍ ആയിക്കൊള്ളണമെന്നില്ല.

ചെയര്‍മാനും മുസ്ലിം നിയമ പണ്ഡിതരും മുസ്ലിം സംഘടനകളുടെ പ്രതിനിധികളും മുസ്ലിങ്ങള്‍ ആയിരിക്കണം. മുസ്ലിം അംഗങ്ങളില്‍ രണ്ട് പേര്‍ സ്ത്രീകള്‍ ആയിരിക്കുകയും വേണം. വഖഫ് ബോര്‍ഡിലേക്കുള്ള അംഗങ്ങളെ ഇപ്പോള്‍ മുസ്ലിം എംപിമാരും എംഎല്‍എമാരും ചേര്‍ന്ന് തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്.

എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അവരെ നോമിനേറ്റ് ചെയ്താല്‍ മതി എന്ന് ഭേദഗതി നിര്‍ദേശിക്കുന്നു. ഷിയാ, സുന്നി, പിന്നോക്ക വിഭാഗത്തില്‍ പെട്ട മുസ്ലിങ്ങള്‍ എന്നിവരുടെ ഓരോ പ്രതിനിധിയും ബോര്‍ഡില്‍ ഉണ്ടായിരിക്കണം. നേരത്തെ ട്രിബ്യൂണലില്‍ ഒരു മുസ്ലിം നിയമപണ്ഡിതന്‍ ആവശ്യമായിരുന്നു. ഇപ്പോള്‍ അതു മാറ്റി മത പരിഗണനയില്ലാതെ ഒരു ജുഡീഷ്യല്‍ ഓഫീസറെ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നു.

അതിപ്രധാനമായ മറ്റൊരു മാറ്റം വഖഫ് ട്രിബ്യൂണലിന്റെ പരമാധികാരം എടുത്തു കളയുന്നു എന്നതാണ്. ഇതുവഴി ട്രിബ്യൂണലിന്റെ ഉത്തരവുകള്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യാന്‍ നിയമ ഭേദഗഗതി അനുവദിക്കുന്നു. അനേകായിരം പേര്‍ക്ക് ആശ്വാസമേകുന്ന കാര്യമാണിത്.

ഈ നിയമ ഭേദഗതികള്‍ക്കെതിരെയാണ് മുസ്ലിം മതമൗലിക വാദികളും അവരുടെ വോട്ട് ബാങ്കിനെ ഭയപ്പെടുന്ന ചില രാഷ്ട്രീയ പാര്‍ട്ടികളും മതേതര പുരോഗമന വാദികള്‍ എന്ന് സ്വയം അവകാശപ്പെടുന്ന ചില വേതാളങ്ങളും രംഗത്ത് വന്നിരിക്കുന്നത്. ഇന്ത്യയിലെ ബഹുഭൂരിപക്ഷവും ആഗ്രഹിക്കുന്ന ഈ നിയമ ഭേദഗതി പ്രാബല്യത്തില്‍ വരിക തന്നെ ചെയ്യണം. അപ്പോഴാണ് മുനമ്പത്ത് നിന്നടക്കം രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുയരുന്ന പ്രതിഷേധ സമരങ്ങള്‍ ഫലപ്രാപ്തിയിലെത്തൂ.

മുനമ്പം ജനത ഇപ്പോള്‍ നടത്തുന്ന പ്രതിഷേധം ചെറുതായി കാണേണ്ട ഒന്നല്ല. അതവരുടെ അതിജീവനത്തിനുള്ള സമര പോരാട്ടമാണ്... പാരമ്പര്യമായി കൈവശം വച്ച് അനുഭവിച്ചു പോരുന്ന സ്വത്തുക്കള്‍ റാഞ്ചാന്‍ വട്ടമിട്ട് പറക്കുന്ന ശവംതീനി കഴുകന്‍മാര്‍ക്കെതിരായ ചെറുത്തു നില്‍പ്പാണ്... അറബിക്കടലിന്റെ തീരത്ത് അവര്‍ നാട്ടിയത് കൈയ്യേറ്റക്കാരനെതിരെ കത്തി ജ്വലിക്കുന്ന മഹാ പ്രതിഷേധത്തിന്റെ കൊടിക്കൂറകളാണ്... അതില്‍ അവരുടെ ആത്മ രോഷമുണ്ട്... ആട്ടിയിറക്കപ്പെട്ടേക്കാമെന്ന നെഞ്ചു കത്തലിന്റെ നെരിപ്പോടുകളുണ്ട്... അതിരറ്റ നിസഹായതയും ഉണ്ട്.

'ഇല്ല സഹോദരങ്ങളേ... നിങ്ങളെ ആര്‍ക്കും വിട്ടു കൊടുക്കില്ല... ജനിച്ച മണ്ണില്‍ തന്നെ നിങ്ങള്‍ ജീവിക്കും' എന്ന് പൊതു സമൂഹം അവരോട് പറയേണ്ട സമയമാണിത്. മുനമ്പം ജനതയ്ക്ക് ശക്തമായ പിന്തുണ നല്‍കി നാം അവരോടൊപ്പം നിന്ന് പോരാടിയില്ലെങ്കില്‍ ഈ കിരാത നിയമത്തിന്റെ കറുത്ത കൈകള്‍ നാളെയെത്തുക നമ്മെ തേടിയാകും. 'ഇന്നു ഞാന്‍... നാളെ നീ' എന്നാണല്ലോ. അതിനാല്‍ വഖഫ് എന്ന ഈ ദുര്‍ഭൂതത്തെ എത്രയും പെട്ടന്ന് കുടത്തിലടച്ച് അറബിക്കടലില്‍ തള്ളണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.