മക്കള്‍ നഷ്ടപ്പെട്ട മാതാപിതാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പയുടെ നവംബറിലെ പ്രാര്‍ത്ഥനാ നിയോഗം

മക്കള്‍ നഷ്ടപ്പെട്ട മാതാപിതാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പയുടെ നവംബറിലെ പ്രാര്‍ത്ഥനാ നിയോഗം

വത്തിക്കാന്‍ സിറ്റി: മക്കള്‍ നഷ്ടപ്പെട്ട മാതാപിതാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പയുടെ നവംബര്‍ മാസത്തെ പ്രാര്‍ത്ഥനാ നിയോഗം. മക്കള്‍ നഷ്ടപ്പെടുന്ന വേദന അതികഠിനമാണെന്നും മകനെയോ മകളെയോ നഷ്ടപ്പെട്ട മാതാപിതാക്കളോട് പറയാന്‍ നമുക്ക് വാക്കുകളില്ലെന്നും പാപ്പ പ്രാര്‍ത്ഥനാ നിയോഗമടങ്ങിയ വീഡിയോ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.

പങ്കാളിയെ നഷ്ടപ്പെട്ടവരെ വിധവയെന്നോ വിധുരനെന്നോ വിളിക്കുകയും മാതാപിതാക്കള്‍ നഷ്ടപ്പെട്ട മക്കളെ അനാഥരെന്ന് വിളിക്കുകയും ചെയ്യുമ്പോള്‍, മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കള്‍ക്കായി പ്രത്യേകം ഒരു പേരു പോലുമില്ല. മക്കളേക്കാള്‍ കൂടുതല്‍ കാലം ജീവിച്ചിരിക്കുകയെന്നത് സാധാരണമല്ലെന്ന് ഓര്‍മിപ്പിച്ച പാപ്പ, മക്കളെ നഷ്ടപ്പെടുകയെന്നത് അതിതീവ്രമായ വേദനയാണെന്നും വ്യക്തമാക്കി.



എത്ര സദുദ്ദേശപരമാണെങ്കിലും, മക്കളെ നഷ്ടപ്പെട്ടുപോയവരെ ആശ്വസിപ്പിക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന വാക്കുകള്‍ എല്ലായ്പ്പോഴും ഉപകാരപ്രദമാകണമെന്നില്ലെന്നും ചിലപ്പോഴെങ്കിലും അവരിലെ മുറിവുകളെ കൂടുതല്‍ ആഴമേറിയതാക്കാനേ അവ ഉപകരിക്കൂ എന്നും പാപ്പ തന്റെ സന്ദേശത്തില്‍ പറഞ്ഞു.

വേദനയിലായിരുന്നവരെ യേശുക്രിസ്തു എപ്രകാരമാണോ ആശ്വസിപ്പിച്ചിരുന്നത്, ആ മാതൃകയനുസരിച്ച്, മക്കള്‍ നഷ്ടപ്പെട്ട മാതാപിതാക്കളെ ശ്രവിക്കുകയും സ്‌നേഹത്തോടെ അവരോട് സമീപസ്ഥരായിരിക്കുകയും അവരുടെ ദുഃഖങ്ങളെ ഉത്തരവാദിത്വബോധത്തോടെ ഏറ്റെടുക്കുകയും ചെയ്തുകൊണ്ടുവേണം ആശ്വസിപ്പിക്കാനെന്ന് പാപ്പ ഉദ്ബോധിപ്പിച്ചു. മുന്‍പ് സമാനമായ ദുരന്തത്തിലൂടെ കടന്നുപോയശേഷം തിരികെ പ്രത്യാശയിലേക്കു കടന്നുവന്ന കുടുംബങ്ങളില്‍ വിശ്വാസത്തിന്റെ പിന്തുണയോടെ ആശ്വാസം കണ്ടെത്താന്‍ ഇത്തരം മാതാപിതാക്കള്‍ക്ക് സാധിക്കുമെന്നും പാപ്പ പറഞ്ഞു.

മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കള്‍ക്ക് സമൂഹത്തില്‍നിന്ന് പിന്തുണയും ആശ്വാസദായകനായ പരിശുദ്ധാത്മാവില്‍നിന്ന് ഹൃദയസമാധാനവും ലഭിക്കട്ടെയെന്ന് വിഡിയോ സന്ദേശത്തില്‍ പാപ്പ പ്രാര്‍ത്ഥിച്ചു.

മാര്‍പാപ്പയുടെ ഇതുവരെയുള്ള പ്രാര്‍ത്ഥനാ നിയോഗങ്ങള്‍ വായിക്കാന്‍ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.