കേരള  നിയമ സഭാ തിരഞ്ഞെടുപ്പ് ;  ചങ്ങനാശ്ശേരിയിൽ ആരൊക്കെ മത്സരിക്കും 

കേരള  നിയമ സഭാ തിരഞ്ഞെടുപ്പ് ;  ചങ്ങനാശ്ശേരിയിൽ ആരൊക്കെ മത്സരിക്കും 

ചങ്ങനാശ്ശേരി : ആരൊക്കെയാണ് ഇവിടുത്തെ സ്ഥാനാർഥികൾ  എന്ന വിഷയം ചങ്ങനാശ്ശേരിക്കാർ സജീവമായി ചർച്ച ചെയ്ത്  തുടങ്ങിക്കഴിഞ്ഞു.   ഇടത് മുന്നണിയിലോ ഐക്യ ജനാധിപത്യ മുന്നണിയിലോ ഏത് പാർട്ടിയാണ് ഇവിടെ മത്സരിക്കുന്നത് എന്നതിനെക്കുറിച്ച് ഇത് വരെ തീരുമാനമായിട്ടില്ലെങ്കിലും എല്ലാ പ്രധാന പാർട്ടികളും അവരുടെ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ ആരംഭിച്ചതായി മനസിലാക്കുന്നു. വിവിധ സമുദായങ്ങളുടെ ശക്തി കേന്ദ്രമാണ് ചങ്ങനാശ്ശേരി എന്നതും ഈ മണ്ഡലത്തെ ശ്രദ്ധാകേന്ദ്രമാകുന്നു. 

നായർ സർവീസ് സൊസൈറ്റിക്കും സീറോ മലബാർ സഭയ്ക്കും നിർണ്ണായക സ്വാധീനമുള്ള ഈ മണ്ഡലത്തിൽ ഇവരുടെ പിന്തുണ തേടിയോ അല്ലെങ്കിൽ കുറഞ്ഞ പക്ഷം മത നേതൃത്വത്തിന്‌ താല്പര്യമുള്ള വ്യക്തികളെ നോക്കിയോ മാത്രമാണ് പലപ്പോഴും രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർത്ഥികളെപ്പോലും നിശ്ചയിക്കുന്നത്.

ഇടത് മുന്നണിയിൽ ജനാധിപത്യ കേരളാ കോൺഗ്രസും ജോസ് കെ മാണി വിഭാഗവും സീറ്റിനായി അവകാശ വാദമുന്നയിക്കുമ്പോൾ, ഐക്യ മുന്നണിയിൽ കോൺഗ്രസും പി ജെ ജോസഫ് വിഭാഗവും തമ്മിലാണ് അവകാശത്തർക്കം. എൻഡിഎയിൽ നിന്ന് ബിഡിജെഎസ് സീറ്റ് ആവശ്യപ്പെടാൻ സാധ്യതയുണ്ടെങ്കിലും ബിജെപി സ്വന്തം സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ തീരുമാനിച്ച് കഴിഞ്ഞു.

ഇടത് മുന്നണി ജനാധിപത്യ കേരളാ കോൺഗ്രസിനാണ് ചങ്ങനാശേരി മണ്ഡലം നൽകുന്നതെങ്കിൽ അവിടെ  മുൻ കുട്ടനാട് എംഎൽഎ ഡോ. കെ.സി ജോസഫ്  സ്ഥാനാർത്ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. കഴിഞ്ഞ തവണത്തെ നിയമസഭാ തെരെഞ്ഞെടുപ്പിൽ ശക്തമായ മത്സരം കാഴ്ചവയ്ക്കാൻ സാധിച്ചു എന്നത് അദ്ദേഹത്തിന് അനുകൂല ഘടകമായി ഇടത് പക്ഷം കാണുന്നു.  സിപിഎമ്മിന്റെ പ്രാദേശിക ഘടകം ഡോ. കെ.സി ജോസഫിന്റെ സ്ഥാർത്ഥിത്വത്തിനായി ചരട് വലികൾ ആരംഭിച്ചതായി പറയപ്പെടുന്നു. 

എന്നാൽ ചങ്ങനാശ്ശേരി സീറ്റ് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും അവിടെ മാണി വിഭാഗത്തിന്റെ സ്ഥാനാർത്ഥിയായി അഡ്വ ജോബ് മൈക്കിൾ തന്നെ മത്സരിക്കുമെന്നും പാർട്ടിയോട് അടുത്ത കേന്ദ്രങ്ങൾ അറിയിക്കുന്നു. യുഡിഎഫിൽ ഇരിക്കൂർ എംഎൽഎയും ചങ്ങനാശ്ശേരി സ്വദേശിയുമായ കെ.സി ജോസഫ് മത്സരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച സാഹചര്യത്തിൽ കേരളാ കോൺഗ്രസിൽ നിന്ന് സീറ്റ് തിരിച്ച് പിടിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നതായി സൂചനകൾ ലഭിക്കുന്നു. 

ചങ്ങനാശ്ശേരി തങ്ങളുടെ വിജയ സാധ്യതയുള്ള സീറ്റ് ആയതിനാൽ അത് വിട്ട് തരാൻ സാധ്യമല്ലെന്ന് പി.ജെ ജോസഫ് യുഡിഎഫ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.  ജോസഫ് ഗ്രൂപ്പിന് സീറ്റ് നൽകിയാൽ വിജയ സാധ്യതയുള്ള വ്യക്തി എന്ന നിലയിൽ വി.ജെ ലാലിക്കായിരിക്കും കൂടുതൽ സാധ്യത.  പാർട്ടി നടത്തിയ സ്വകാര്യ സർവേയിലും വി.ജെ ലാലി തന്നെയാണ് സ്വീകാര്യനായ പാർട്ടി സ്ഥാനാർത്ഥി എന്ന്  സംസഥാന നേതാക്കൾ സമ്മതിക്കുന്നു. സി.എഫ് തോമസിന്റെ മകൾ സിനി, സഹോദരൻ സാജൻ ഫ്രാൻസിസ് എന്നിവരുടെ പേരുകളും സജീവ പരിഗണനയിലുണ്ട്.

ബിജെപി സ്ഥാർത്ഥിയായി എ. എൻ രാധാകൃഷ്ണനെയോ, യുവ മോർച്ച അഖിലേന്ത്യ സെക്രട്ടറിയും അമിത് ഷായുടെ വിശ്വസ്തനുമായ അനൂപ് ആന്റണിയെയോ മത്സരിപ്പിക്കാനാണ് സാധ്യത. വി.ജെ ലാലി, അഡ്വ ജോബ് മൈക്കിൾ, ഡോ. കെ സി ജോസഫ് എന്നിവരെയാണ് വിജയ സാധ്യതയുള്ള സ്ഥാർത്ഥികളായി മണ്ഡലത്തിലുള്ളവർ തന്നെ ഉയർത്തിക്കാട്ടുന്നത്.

ഏതായാലും ഏത് പാർട്ടി  മത്സരിക്കണം എന്ന തീരുമാനത്തിലേക്ക് പ്രധാന മുന്നണികൾ എത്തിയാൽ സ്ഥാനാർത്ഥിത്വത്തിനായി പിടിവലി ഉണ്ടാകും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.