വാഷിങ്ടണ്‍: രണ്ടു ദിവസത്തിനു ശേഷം നടക്കുന്ന യു.എസ്. പൊതു തിരഞ്ഞെടുപ്പിനെ ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് ലോകം. വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ കമല ഹാരിസോ, മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ ഡോണള്‍ഡ് ട്രംപോ? ആരാകും പ്രസിഡന്റ് ജോ ബൈഡന്‍ ഒഴിയുന്ന വൈറ്റ് ഹൗസിലേക്ക് ഇനിയെത്തുക. ഏതു സ്ഥാനാര്‍ഥി ജയിച്ചാലും അത് ചരിത്രത്തില്‍ ഇടം പിടിക്കും.
വീറും വാശിയും നിറഞ്ഞ പ്രചാരണങ്ങള്‍ക്കൊടുവില്‍ അമേരിക്ക നവംബര്‍ അഞ്ചിന് വിധിയെഴുതുകയാണ്. അതിന് മുന്‍പേ പോസ്റ്റല്‍, ഏര്‍ലി വോട്ടിങ് സംവിധാനങ്ങളിലൂടെ 41 ലക്ഷത്തിലധികം അമേരിക്കക്കാര്‍ തങ്ങളുടെ സമ്മതിദാനം വിനിയോഗിച്ചു കഴിഞ്ഞു.
അമേരിക്കയില്‍ വോട്ടര്‍മാര്‍ നേരിട്ടല്ല പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. ഇലക്ടറല്‍ കോളജിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവരാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുക. 538 ഇലക്ടറല്‍ കോളജ് വോട്ടുകളാണ് ആകെയുള്ളത്. ഇതില്‍ 270 അല്ലെങ്കില്‍ അതില്‍ക്കൂടുതല്‍ വോട്ടുകള്‍ നേടുന്ന വ്യക്തിയാകും അമേരിക്കയുടെ ഭരണചക്രം തിരിക്കുക. യു.എസില്‍ മാത്രമല്ല, ആഗോള രാഷ്ട്രീയത്തില്‍ത്തന്നെ തിരഞ്ഞെടുപ്പുഫലം പ്രതിഫലിക്കും.
നവംബര്‍ അഞ്ചിന് തന്നെ ആരംഭിക്കുന്ന വോട്ടെണ്ണല്‍ കുറച്ചു ദിവസം നീളും. 2025 ജനുവരി 20നാണ് പുതിയ പ്രസിഡന്റ് വൈറ്റ് ഹൗസില്‍ ചുമതലയേറ്റെടുക്കുക. അടുത്ത നാല് വര്‍ഷമാണ് കാലാവധി.
കഴിഞ്ഞ തവണ കോവിഡ് മഹാമാരിയായിരുന്നു പ്രതിസന്ധി സൃഷ്ടിച്ചതെങ്കില്‍ ഇക്കുറി പശ്ചിമേഷ്യ യുദ്ധകലുഷിതമായ സാഹചര്യത്തിലാണ് ഈ സുപ്രധാന തിരഞ്ഞെടുപ്പ് നടക്കുക.
ജോര്‍ജിയ, മിഷിഗണ്‍ അടക്കം ഏഴു സ്റ്റേറ്റുകളിലെ ഇലക്ടറല്‍ കോളേജ് വോട്ടുകളാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുക. ഇക്കുറി മിഷിഗണില്‍ കമല ഹാരിസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഇസ്രയേലിന് നല്‍കുന്ന പിന്തുണയെ തുടര്‍ന്ന് ഇവിടുത്തെ അറബ് അമേരിക്കക്കാരുടെ എതിര്‍പ്പ് മറികടന്ന് വോട്ട് നേടുകയെന്നത് കമലയ്ക്ക് മുന്നിലെ കടമ്പയാണ്. മുന്‍ വര്‍ഷം ബൈഡന് അനുകൂലമായിരുന്നു മിഷിഗണ്‍.
ട്രംപ് ആകട്ടെ, ഇവാന്‍ജലിക്കല്‍, കണ്‍സര്‍വേറ്റീവ് ക്രിസ്ത്യന്‍ വിഭാഗത്തിന്റെ വോട്ട് നേടാന്‍ ജോര്‍ജിയയിലാണ് സജീവം. 2020ല്‍ ജോര്‍ജിയയില്‍ ബൈഡനായിരുന്നു മേല്‍ക്കൈ.
യുഎസ് സാമ്പത്തികസ്ഥിതി, ജോ ബൈഡന്‍ ഭരണകൂടത്തിന്റെ നയങ്ങള്‍, കോവിഡ് 19, ഗാസ യുദ്ധം, അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അമേരിക്കല്‍ സൈന്യത്തിന്റെ പിന്മാറ്റം, ഗര്‍ഭഛിദ്രം തുടങ്ങിയ വിവിധ വിഷയങ്ങളിലാണ് ഇരു പാര്‍ട്ടികളും പ്രചാരണം കൊഴുപ്പിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.