അമേരിക്കയിൽ 180 വർഷമായി തിരഞ്ഞെടുപ്പ് നടക്കുന്നത് നവംബറിലെ ആദ്യ ചൊവ്വാഴ്ച; ചരിത്രമിങ്ങനെ

അമേരിക്കയിൽ 180 വർഷമായി തിരഞ്ഞെടുപ്പ് നടക്കുന്നത് നവംബറിലെ ആദ്യ ചൊവ്വാഴ്ച; ചരിത്രമിങ്ങനെ

വാഷിങ്ടൺ ഡിസി: അമേരിക്കയുടെ 47-ാമത് പ്രസിഡൻ്റ് ആരാകുമെന്ന ആകംക്ഷയിലാണ് ലോകം. തിരഞ്ഞെടുപ്പ് പ്രക്രിയകൾ ഇതിനോടകം തന്നെ ആരംഭിച്ചുകഴിഞ്ഞു. കാലങ്ങളായി നവംബറിലെ ആദ്യ ചൊവ്വാഴ്ചയാണ് അമേരിക്കയിൽ വോട്ടെടുപ്പ് നടക്കുന്നത്. 180 വർഷത്തിന്റ ചരിത്രവും പാരമ്പര്യവും ഇതിന് പിന്നിലുണ്ട്.

പത്തൊമ്പതാം നൂറ്റാണ്ടില്‍ അമേരിക്കയുടേത് ഒരു കാര്‍ഷിക സമ്പദ് വ്യവസ്ഥയായിരുന്നു. ഇക്കാലത്ത് രാജ്യത്തെ ഭൂരിഭാഗം പേരും കാര്‍ഷികവൃത്തിയിലാണ് ഏര്‍പ്പെട്ടിരുന്നത്. 1800കളില്‍ ഗ്രാമങ്ങളിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ കൂടി പരിഗണിച്ചുള്ള ഒരു തിരഞ്ഞെടുപ്പ് പ്രക്രിയ ആവിഷ്‌കരിക്കാന്‍ ഭരണകൂടം തീരുമാനിച്ചു. ഒക്ടോബറോടെ കാര്‍ഷിക മേഖലയിലെ വിളവെടുപ്പ് അവസാനിക്കും. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ശൈത്യകാലം ആരംഭിക്കുകയും ചെയ്യും. എന്നാല്‍ നവംബറിന്റെ ആദ്യ ആഴ്ചകളില്‍ യാത്ര ചെയ്യാന്‍ അനുകൂലമായ കാലാവസ്ഥയാണ്.

ഞായറാഴ്ചകളില്‍ പലരും വിശ്രമിക്കാനും പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്കായും പോകുന്ന സമയമാണ്. അതുകൊണ്ട് തന്നെ ഈ ദിവസം പോളിങ് സ്റ്റേഷനിലേക്ക് യാത്ര ചെയ്യാന്‍ കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടുണ്ടാകും. എന്നാല്‍ ചൊവ്വാഴ്ച പോളിങ് സ്റ്റേഷനിലേക്ക് എത്താന്‍ സമ്മതിദായകര്‍ക്ക് ബുദ്ധിമുട്ടുകളൊന്നുമുണ്ടാകില്ല. പൗരന്‍മാരുടെ മതപരമായ ആവശ്യങ്ങളെയും ഈ തീരുമാനം ബാധിക്കില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

1845ല്‍ ചൊവ്വാഴ്ച വോട്ടെടുപ്പ് ദിനമാക്കാന്‍ യുഎസ് കോണ്‍ഗ്രസ് തീരുമാനിച്ചു. 1848 നവംബര്‍ ഏഴ് ചൊവ്വാഴ്ചയാണ് ആദ്യ ദേശീയ തിരഞ്ഞെടുപ്പ് ദിനമായി യുഎസ് കോണ്‍ഗ്രസ് തെരഞ്ഞെടുത്തത്. അവധി ദിനമായ ഞായറാഴ്ചയ്ക്ക് ശേഷം യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് വോട്ടെടുപ്പിന് തിങ്കളാഴ്ച തെരഞ്ഞെടുക്കാതിരുന്നത്. അമേരിക്കയിലെ പല നഗരങ്ങളിലും മാര്‍ക്കറ്റ് കൂടുന്ന ദിവസമാണ് ബുധനാഴ്ച. ഈ സാഹചര്യത്തിലാണ് ചൊവ്വാഴ്ച വോട്ടെടുപ്പ് ദിനമായി തിരഞ്ഞെടുത്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.