മാഡ്രിഡ്: സ്‌പെയിനിലുണ്ടായ ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും മരണസംഖ്യ 214 ആയി ഉയർന്നു. വെള്ളപ്പൊക്കത്തിൽ നിരവധിപേരെ കാണാതായി. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനത്തിനായി അയ്യായിരത്തോളം സൈനികരെ വിന്യസിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പെട്രോ സാഞ്ചെസ് വ്യക്തമാക്കി.
യൂറോപ്പ് ഇന്നുവരെ സാക്ഷ്യം വഹിക്കാത്ത അതിതീവ്ര ചുഴലിക്കാറ്റും വെള്ളപ്പൊക്കവുമാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്‌പെയിനിലുണ്ടായത്. ബാലിയാറിക് ദ്വീപ്, കാറ്റലോണിയ, വലെൻസിയ എന്നിവിടങ്ങളിൽ ഈ ആഴ്ച അവസാനം വരെ മഴ തുടരുമെന്ന് കാലാവസ്ഥാ പ്രവചനമുണ്ട്.
സ്‌പെയിനിലുണ്ടായ പ്രളയത്തെ തുടർന്ന് കാറുകൾ, പാലങ്ങൾ, മരങ്ങൾ എന്നിവ ഒഴുകിപ്പോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നൂറുകണക്കിന് കാറുകളാണ് വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയിട്ടുള്ളത്. കാറുകൾ വെള്ളത്തിലൂടെ ഒഴുകുന്ന ദൃശ്യങ്ങളാൽ സാമൂഹിക മാധ്യമങ്ങളും നിറഞ്ഞു. ആയിരക്കണക്കിനാളുകളാണ് ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നത്. ഭക്ഷണത്തിനും വെള്ളത്തിനും പ്രയാസം നേരിടുന്നുണ്ട്.
യൂറോപ്പിന്റെ ചരിത്രത്തിൽ 1967-ലാണ് ഇതിന് മുമ്പ് ഏറ്റവും വലിയ പ്രളയം രേഖപ്പെടുത്തുന്നത്. അന്ന് അഞ്ഞൂറോളം ആളുകളായിരുന്നു പോർച്ചുഗലിൽ മരിച്ചത്. 1970-ൽ 209 പേർ റൊമേനിയയിലും 2021-ൽ ജർമനിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ 185 പേർക്കും ജീവൻ നഷ്ടമായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.