വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് മിന്നും ജയം. നിര്‍ണായകമായ സ്വിങ് സ്റ്റേറ്റുകള്‍ തൂത്തുവാരിയാണ് ട്രംപ് അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി അധികാരത്തിലെത്തുന്നത്. ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി കമല ഹാരിസിനെയാണ് ട്രംപ് പരാജയപ്പെടുത്തിയത്. 277 ഇലക്ടറല്‍ വോട്ട് നേടിയാണ് ട്രംപിന്റെ കുതിപ്പ്. 226 ഇലക്ടറല്‍ വോട്ടുകളാണ് കമല ഹാരിസ് നേടിയത്. സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം നേടി. ജെഡി വാന്‍സ് വൈസ് പ്രസിഡന്റാകും.
78കാരനായ ഡൊണാള്‍ഡ് ട്രംപ് വീണ്ടും പ്രസിഡന്റാകുന്നതോടെ വേറിട്ട ചരിത്രം കൂടിയാണ് പിറന്നത്. അമേരിക്കന്‍ ചരിത്രത്തില്‍ തോല്‍വിക്ക് ശേഷം തിരിച്ചെത്തുന്ന രണ്ടാമത്തെ പ്രസിഡന്റായി അദ്ദേഹം. ഗ്രോവര്‍ ക്ലീവ്ലാന്റാണ് ഇതിനു മുന്‍പ് ഇത്തരത്തില്‍ തിരഞ്ഞെടുക്കപ്പെട്ടത്.
ചരിത്രത്തിലെ ഏറ്റവും ആവേശകരമായ പ്രചാരണ പോരാട്ടത്തിനാണ് അമേരിക്ക സാക്ഷിയായത്. കുടിയേറ്റ നയം, ഗര്‍ഭഛിദ്രം, വിലക്കയറ്റമടക്കമുള്ള സാമ്പത്തിക പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് ഏറ്റവുമധികം ചര്‍ച്ചയായത്. ഗര്‍ഭഛിദ്രത്തിനെതിരേ ട്രംപ് എടുത്ത നിലപാടുകള്‍ക്ക് ശക്തമായ പിന്തുണയാണ് ജനം നല്‍കിയത്.
വിജയം ഉറപ്പായതോടെ റിപ്പബ്ലിക്കന്‍ ക്യാമ്പ് വിജയാഘോഷം തുടങ്ങി. ഫ്‌ളോറിഡയില്‍ അണികളെ അഭിസംബോധന ചെയ്ത ട്രംപ്, അമേരിക്കയുടെ സുവര്‍ണയുഗമാണിതെന്ന് പറഞ്ഞു. റിപ്പബ്ലിക്കന്‍ അനുഭാവികള്‍ കൂട്ടത്തോടെ ഫ്‌ളോറിഡയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. വിജയ സാധ്യത മങ്ങിയതോടെ ഡെമോക്രാറ്റിക് ക്യാമ്പുകള്‍ നിശബ്ദമായി. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ കമല ഹാരിസ് ഇന്ന് അനുയായികളെ അഭിസംബോധന ചെയ്യില്ല.
തിരഞ്ഞെടുപ്പില്‍ ഏറെ നിര്‍ണായകമായി വിലയിരുത്തപ്പെട്ട സ്വിങ് സ്റ്റേറ്റുകളില്‍ നേട്ടമുണ്ടാക്കാന്‍ സാധിച്ചതാണ് ട്രംപിന്റെ മുന്നേറ്റത്തിന് കരുത്ത് കൂട്ടിയത്. അരിസോണ, നെവാഡ, ജോര്‍ജിയ, നോര്‍ത്ത് കരോലിന, പെന്‍സില്‍വാനിയ, മിഷിഗണ്‍, വിസ്‌കോണ്‍സിന്‍ എന്നിവയാണ് സ്വിങ് സ്റ്റേറ്റുകള്‍. 93 ഇലക്ടറല്‍ വോട്ടുകളുള്ള സ്വിങ് സ്റ്റേറ്റുകളില്‍ വിജയം നേടുകയാണ് അമേരിക്കയുടെ അധികാരം പിടിക്കാനുള്ള ഏറ്റവും വലിയ വഴി. ഇവിടെ കമലയും ട്രംപും ഒപ്പത്തിനൊപ്പം ആണെന്നായിരുന്നു സര്‍വേ ഫലം.
ട്രംപിന്റെ വിജയത്തില്‍ നിര്‍ണായകമായ നിരവധി ഘടകങ്ങളുണ്ട്. ഇസ്രയേല്‍-ഹമാസ് യുദ്ധം, ഉക്രെയ്ന്‍ യുദ്ധം എന്നിവയ്ക്കെല്ലാമായി അമേരിക്കയുടെ ദശലക്ഷക്കണക്കിന് ഡോളര്‍ പമ്പ് ചെയ്യുന്നുവെന്നും സാധാരണക്കാരന്റെ പണം ഇതിനായി ഉപയോഗിക്കുന്നുവെന്നും ട്രംപ് ആരോപിച്ചിരുന്നു. ജോ ബൈഡന്‍ ദുര്‍ബലനായ പ്രസിഡന്റാണെന്നും താന്‍ അധികാരത്തില്‍ വന്നാല്‍ യുദ്ധം നിര്‍ത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു. അമേരിക്കയ്ക്ക് ശക്തനായൊരു പ്രസിഡന്റ് എന്ന സന്ദേശമാണ് ഓരോ നിമിഷവും അദ്ദേഹം നല്‍കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.