പ്രിന്റ് കോപ്പി കരുതേണ്ട! ഇനി മുതല്‍ ഡിജിറ്റല്‍ ഡ്രൈവിങ് ലൈസന്‍സ് മതി; ഉത്തരവിറക്കി എംവിഡി

 പ്രിന്റ് കോപ്പി കരുതേണ്ട! ഇനി മുതല്‍ ഡിജിറ്റല്‍ ഡ്രൈവിങ് ലൈസന്‍സ് മതി; ഉത്തരവിറക്കി എംവിഡി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി ഡ്രൈവിങ് ലൈസന്‍സ് ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിച്ചാല്‍ മതി. ഇത് സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് ഉത്തരവിറക്കി. പൊലീസ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനകളില്‍ ലൈസന്‍സിന്റെ മൊബൈല്‍ ഡിജിറ്റല്‍ പതിപ്പുകള്‍ കാണിച്ചാല്‍ മതിയെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.

അപേക്ഷകര്‍ക്ക് നാഷണല്‍ ഇന്‍ഫോമാറ്റിക്സ് സെന്റര്‍ വെബ്സൈറ്റ് വഴി ഡ്രൈവിങ് ലൈസന്‍സിന്റെ പ്രിന്റ് ലഭിക്കും. ഇത് ഡിജിലോക്കറില്‍ സൂക്ഷിക്കാനാകും. ഡിജിറ്റല്‍ ഡ്രൈവിങ് ലൈസന്‍സ് പ്രിന്റ് ചെയ്തും കൈയില്‍ കരുതാമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. ഡിജിറ്റലായി ലേണേഴ്സ് ലൈസന്‍സ് ഇതേ മാതൃകയില്‍ ലഭ്യമാകും.

ഡിജിറ്റല്‍ ലൈസന്‍സുകള്‍ക്കായുള്ള ഫീസ് ഘടനയും ഉത്തരവില്‍ വിശദീകരിക്കുന്നുണ്ട്. 150 രൂപയാണ് പുതിയ ലേണേഴ്സ് ലൈസന്‍സിന്റെ ഫീസ്. പുതിയ ഡ്രൈവിങ് ലൈസന്‍സിന് 200 രൂപയും ഡ്രൈവിങ് ടെസ്റ്റിന് 300 രൂപയുമാണ്. ലേണേഴ്സ് പരീക്ഷ ഫീസായി 50 രൂപയാകും ഈടാക്കുക.
പുതിയ ഡ്രൈവിങ് ലൈസന്‍സ് സ്മാര്‍ട്ടാക്കിയ ശേഷം പ്രിന്റിങ് കുടിശികയെ തുടര്‍ന്ന് അനന്തമായി നീളുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഡിജിറ്റലായി സൂക്ഷിച്ചാല്‍ മതിയെന്ന തീരുമാനത്തിലേക്ക് മോട്ടോര്‍ വാഹന വകുപ്പ് നീങ്ങിയത്.

ചെന്നൈ ആസ്ഥാനമായ കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ ഐടിഐ ലിമിറ്റഡ് രണ്ടാം ഘട്ടത്തില്‍ പ്രിന്റ് ചെയ്ത ലൈസന്‍സുകളും ആര്‍സി ബുക്കുകളും കുടിശിക തീര്‍ത്തു നല്‍കാതെ എത്തിക്കില്ലെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അപേക്ഷകര്‍ക്ക് നേരിട്ട് ലൈസന്‍സ് സൂക്ഷിക്കാമെന്ന തീരുമാനത്തിലേക്ക് എത്തിയതെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.