ന്യൂഡൽഹി : ജസ്റ്റീസ് സഞ്ജീവ് ഖന്ന പുതിയ ചീഫ് ജസ്റ്റീസായി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കും. സുപ്രീം കോടതിയുടെ 51-ാം ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന. രാഷ്‌ട്രപതിഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്‌ട്രപതി സത്യവാചകം ചൊല്ലിക്കൊടുക്കും. ജസ്റ്റിസ് ഖന്ന ഈ പദവിയിൽ ആറ് മാസമാണുണ്ടാവുക. 2025 മേയ് 13-ന് ജസ്റ്റിസ് ഖന്ന വിരമിക്കും. സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന് ഈ പദവയിൽ രണ്ട് വർഷം ലഭിച്ചിരുന്നു.
ജസ്റ്റീസ് സഞ്ജീവ് ഖന്നയെ പിൻഗാമിയായി നിലവിലെ ചീഫ് ജസ്റ്റീസ് ഡിവൈ ചന്ദ്രചൂഢ് ശുപാർശ ചെയ്തിരുന്നു. നിലവിൽ സുപ്രീം കോടതി ജസ്റ്റീസുമാരിൽ സീനിയോറിറ്റിയിൽ രണ്ടാമനാണ് ഇദേഹം.
ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ദേവ് രാജ് ഖന്നയുടെയും ഡൽഹിയിലെ ലേഡി ശ്രീറാം കോളജിൽ ഹിന്ദി ലക്ചറർ ആയിരുന്ന സരോജ് ഖന്നയുടെയും മകനായി 1960 മേയ് 14-നാണ് സഞ്ജീവ് ഖന്ന ജനിച്ചത്. ഡൽഹി സർവകലാശാലയിൽ നിന്ന് നിയമ ബിരുദമെടുത്ത അദേഹം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്നപ്പോൾ 2005 ൽ ഡൽഹി ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി. 2006 ൽ ഡൽഹി ഹൈക്കോടതിയിൽ സ്ഥിരം ജഡ്ജിയായി. ഡൽഹി ഹൈക്കോടതിയിൽ നിന്ന് 2019 ജനുവരി 18 നാണ് ജസ്റ്റീസ് സഞ്ജീവ് ഖന്ന സുപ്രീം കോടതി ജസ്റ്റീസ് ആയി ചുമതലയേൽക്കുന്നത്.
ജമ്മു - കശ്മീരിന് പ്രത്യേക പദവി നൽകിയ ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയ നടപടി ശരിവെച്ചതും കേന്ദ്ര സർക്കാരിന്റെ തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി റദ്ദാക്കിയതുമായ ഭരണഘടനാ ബെഞ്ചുകളിൽ ജസ്റ്റിസ് ഖന്ന ഉൾപ്പെട്ടിരുന്നു. ജസ്റ്റിസ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാൻ ഇടക്കാല ജാമ്യം നൽകിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.