റോം: പറന്നുയര്‍ന്ന ഉടന്‍ എന്‍ജിനില്‍ തീപിടിത്തമുണ്ടായതിന് പിന്നാലെ വിമാനം തിരിച്ചിറക്കി. റോമിലെ ഫിയുമിസിനോ വിമാനത്താവളത്തില്‍ നിന്നും ചൈനയിലെ ഷെന്‍ഷനിലേക്ക് പുറപ്പെട്ട ഹൈനാന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 787-9 ഡ്രീംലൈനര്‍ വിമാനത്തിനാണ് ആകാശത്ത് തീപിടിച്ചത്. അപകടസമയം വിമാനത്തില്‍ 249 യാത്രക്കാരും 16 ജീവനക്കാരും ഉണ്ടായിരുന്നു.
എന്‍ജിനില്‍ പക്ഷി ഇടിച്ചതോടെയാണ് തീപിടിത്തമുണ്ടാകുന്നത്. വിമാനം ഉയര്‍ന്നുപൊങ്ങിയതിന് ശേഷം വലത് എഞ്ചിനില്‍ തീജ്വാലകള്‍ കാണുകയായിരുന്നു. തീപിടിച്ചതിന് പിന്നാലെ ഇന്ധനം കുറച്ചതിന് ശേഷം വിമാനം സുരക്ഷിതമായി ഫിയുമിസിനോ വിമാനത്താവളത്തില്‍ തിരിച്ചിറക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റതായി വിവരമില്ല. സംഭവം മറ്റ് വിമാന സര്‍വീസുകളെയും ബാധിച്ചിട്ടില്ല.
ആകാശത്തിലൂടെ സഞ്ചരിക്കുന്ന വിമാനത്തിന്റെ വലത് ഭാഗത്ത് തീപിടിച്ചതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. വലത് എഞ്ചിന്‍ ഭാഗത്ത് പക്ഷി ഇടിച്ചെന്നും സുരക്ഷ ഉറപ്പാക്കാനായി വിമാനം ഉടന്‍ തിരിച്ചിറക്കിയെന്നും കമ്പനി വ്യക്തമാക്കി. അടുത്തിടെ രണ്ടാം തവണയാണ് ബോയിങ് വിമാനങ്ങള്‍ക്ക് തീപിടിക്കുന്നത്.
കഴിഞ്ഞാഴ്ച ബോയിങ് 737-500 വിമാനം പാപ്പുവ പ്രവിശ്യയിലെ സെന്റാനി വിമാനത്താവളത്തില്‍ തീപിടിച്ചിരുന്നു. ജൂണില്‍, ടൊറന്റോ പിയേഴ്‌സണ്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ കാനഡയുടെ ബോയിംഗ് വിമാനത്തിന്റെ എന്‍ജിനും തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.