വാഷിങ്ടണ്‍: കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ ആഭ്യന്തര കലാപം തുടരുന്നതിനിടെ അമേരിക്കന്‍ വിമാനത്തിന് നേരെ ആക്രമണം. ഫ്ളോറിഡയില്‍ നിന്നുള്ള സ്പിരിറ്റ് എയര്‍ലൈന്‍സിന്റെ ജെറ്റ്ലൈനര് വിമാനത്തിന് ഹെയ്തിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ വെടിയേറ്റു. സംഭവത്തില്‍ ഒരു ഫ്ളൈറ്റ് അറ്റന്‍ഡന്റിന് പരിക്കേറ്റിട്ടുണ്ട്. വിമാനത്തിലുള്ളവര്‍ സുരക്ഷിതരാണ്. ഹെയ്തിയില്‍ പുതിയ പ്രധാനമന്ത്രിയായി അലിക്സ് ദിദിയര്‍ ഫില്‍സ്-എയിം സത്യപ്രതിജ്ഞ ചെയ്യാന്‍ തയാറെടുക്കുന്നതിനിടെയാണ് വെടിവയ്പ്പുണ്ടായത്.
ഫ്ളോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡെയ്ലില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം ഹെയ്തിയുടെ തലസ്ഥാനമായ പോര്‍ട്ട് ഓ പ്രിന്‍സില്‍ ഇറങ്ങാന്‍ തയാറെടുക്കവേയാണ് ഗുണ്ടാസംഘങ്ങള്‍ ഒട്ടേറെത്തവണ വെടിയുതിര്‍ത്തത്. ലാന്‍ഡിങ്ങിന് നൂറ് അടി മാത്രം അകലെ വച്ചാണ്, വിമാനത്തിന് വെടിയേറ്റത്. ഇതേതുടര്‍ന്ന് വിമാനം വഴിതിരിച്ചുവിട്ട് അയല്‍രാജ്യമായ ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ സുരക്ഷിതമായി ഇറക്കിയതായി സ്പിരിറ്റ് അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
ലാന്‍ഡിങ്ങിനുശേഷം നടത്തിയ പരിശോധനയില്‍ വിമാനത്തിന് വെടിയേറ്റ് കേടുപാടുകള്‍ സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെതുടര്‍ന്ന് ഹെയ്തിയിലെ അന്താരാഷ്ട്ര വിമാനത്താവളം അടച്ചുപൂട്ടി.
ഹെയ്തിയിലേക്കുള്ള തങ്ങളുടെ സേവനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നുവെന്നും വെടിയേറ്റ വിമാനം സര്‍വീസ് നടത്തുന്നത് നിര്‍ത്തിയെന്നും സ്പിരിറ്റ് അധികൃതര്‍ അറിയിച്ചു. മിയാമിക്കും ഹെയ്തിയുടെ തലസ്ഥാനത്തിനും ഇടയിലുള്ള ഫ്ളൈറ്റ് സര്‍വീസ് വ്യാഴാഴ്ച വരെ നിര്‍ത്തിവയ്ക്കുമെന്നാണ് അമേരിക്കന്‍ എയര്‍ലൈന്‍സ് അറിയിച്ചിരിക്കുന്നത്.
രാജ്യത്ത് അരാജകത്വം തുടരുകയാണ്. ഹെയ്തിയുടെ വിവിധ ഭാഗങ്ങളില്‍ ഗുണ്ടാ സംഘങ്ങളും പൊലീസും തമ്മില്‍ വെടിവയ്പ്പ് തുടരുകയാണ്. കൂടുതല്‍ ആക്രമണമുണ്ടാകുമെന്ന ഭയത്താല്‍ സ്കൂളുകള്‍ അടച്ചിട്ടു. ഹെയ്തിയുടെ ഇടക്കാല പ്രധാനമന്ത്രിയെ പുറത്താക്കിയതിന് തൊട്ടുപിന്നാലെയാണ് അശാന്തി ഉടലെടുത്തത്. രാഷ്ട്രീയ പ്രക്ഷോഭം തുടര്‍ന്നാല്‍ ഹെയ്തി സമ്പൂര്‍ണ ഗുണ്ടാ നിയന്ത്രണത്തിലാകുമെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.