നവലോക ചിന്തയുടെ ആഘോഷമായി ഫ്രാൻസീസ് മാർപാപ്പയുടെ പുതിയ ചാക്രിക ലേഖനം

നവലോക ചിന്തയുടെ ആഘോഷമായി ഫ്രാൻസീസ് മാർപാപ്പയുടെ പുതിയ ചാക്രിക ലേഖനം

അസ്സീസിയിലെ വി. ഫ്രാൻസിസിൻ്റെ കബറിടത്തിന് മുമ്പിലുള്ള അൾത്താരയിൽ വിശുദ്ധ കുർബാന അർപ്പിച്ച ശേഷമാണ് ഫ്രത്തെല്ലി തൂത്തി എന്ന ചാക്രിക ലേഖനം ഫ്രാൻസിസ് പാപ്പ ഒപ്പുവെച്ചത്. 2013 - ൽ പുറത്തിറക്കിയ 'ലൂമൻ ഫീദേയി', 2015 - ൽ പുറപെടുവിച്ച 'ലൗദാത്തോ സീ' എന്നീ ചാക്രികലേഖനങ്ങൾക്ക്‌ ശേഷം പാപ്പാ സാർവത്രിക സഭയ്ക്കായി എഴുതുന്ന മൂന്നാമത്തെ ചാക്രികലേഖനമാണ് "ഫ്രത്തെല്ലി തൂത്തി" (എല്ലാവരും സഹോദരങ്ങള്‍) എന്നത്‌. ഇന്ന് ലോകത്തെ കാർന്നു തിന്നുന്ന എല്ലാ തിന്മകളിൽ നിന്നും പിന്തിരിയുവാൻ നാം ഓരോരുത്തരോടും ഫ്രാൻസിസ് പാപ്പ തൻ്റെ "ഫ്രത്തെല്ലി തൂത്തി"യിലൂടെ ആഹ്വാനം ചെയ്യുന്നു. ഈ ചാക്രിക ലേഖനം ക്രൈസ്തവർക്ക് മാത്രമായി മാറ്റി വയ്ക്കേണ്ട ഒന്നല്ല. ജാതി- മത- വർണ്ണങ്ങൾക്കധിതമായി സ്വന്തം മന:സാക്ഷിയുടെ സ്വരം ശ്രവിച്ച് അപരൻ്റെ നന്മയ്ക്കായ് നിലകൊള്ളാൻ അഗ്രഹിക്കുന്ന ഓരോ വ്യക്തികൾക്കുമുള്ള ഒരു ക്ഷണമാണിത്.

നീതിപൂർവകവും സമാധാനപരവുമായ ഒരു ലോകം കെട്ടിപ്പടുക്കുന്നതിന് "ഫ്രത്തെല്ലി തൂത്തി" യിലൂടെ ഫ്രാൻസിസ് പാപ്പ സൂചിപ്പിക്കുന്ന രണ്ട് വഴികളാണ് സാഹോദര്യവും സാമൂഹിക സൗഹൃദവും. ഒരു ഹ്രസ്വ ആമുഖത്തോടെ ആരംഭിക്കുന്ന ഈ ചാക്രിക ലേഖനത്തിൽ എട്ട് അധ്യായങ്ങളിലായി 287 ഖണ്ഡികകൾ ഉണ്ട്. 

"ഒരു അടഞ്ഞ ലോകത്തിന്റെ നിഴലുകൾ", എന്ന് ശീർഷകമുള്ള ആദ്യ അധ്യായത്തിൽ സമകാലിക കാലഘട്ടത്തിലെ പല വൈകല്യങ്ങളിലേക്കും പാപ്പാ വിരൽ ചൂണ്ടുന്നുണ്ട്. ദൈവം എല്ലാ മനുഷ്യരെയും അവകാശങ്ങളിലും കടമകളിലും അന്തസ്സിലും തുല്യരായി സൃഷ്ടിച്ചു, സഹോദരീസഹോദരന്മാരായി ഒരുമിച്ച് ജീവിക്കാൻ അവരെ വിളിച്ചു. കോവിഡ് -19 എന്ന മഹാമാരിയുടെ അപ്രതീക്ഷിതമായ പൊട്ടിത്തെറി, മനുഷ്യൻ്റെ എല്ലാ കണക്കുകൂട്ടലും തകിടം മറിച്ചത് എടുത്തു കാട്ടി ലോകം ഒറ്റക്കെട്ടായി ഈ മഹാമാരിയെ നേരിടേണ്ടതിന്റെ ആവശ്യകതയും പാപ്പ ഈ ലേഖനത്തിൽ ഊന്നി പറയുന്നു.

സാംസ്കാരിക കോളനിവൽക്കരണത്തിന്റെ പുതിയ രൂപഭാവങ്ങൾ, ഹനിക്കപ്പെടുന്ന മനുഷ്യാവകാശങ്ങൾ എന്നിവ പാപ്പ എടുത്തു പറയുന്നതിനോടൊപ്പം മനുഷ്യരാശിയുടെ ഒരു ഭാഗം സമ്പന്നതയോടെ ജീവിക്കുമ്പോൾ, മറ്റൊരു ഭാഗം അതിന്റെ അന്തസ്സ് അവഗണിക്കപ്പെടുകയോ നിന്ദിക്കപ്പെടുകയോ ചവിട്ടിമെതിക്കപ്പെടുകയോ, അതിന്റെ മൗലികാവകാശങ്ങൾ അവഗണിക്കുകയോ, ലംഘിക്കുകയോ ചെയ്യുന്നു എന്നു പറഞ്ഞുകൊണ്ട് ലോക മന:സാക്ഷിക്ക് നേരെ വിരൽ ചൂണ്ടാനും പാപ്പാ മറന്നില്ല. പലപ്പോഴും പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനായി ഉയർത്തുന്ന ശബ്ദങ്ങൾ നിശബ്ദമാക്കപ്പെടുകയോ പരിഹസിക്കപ്പെടുകയോ ചെയ്യുന്നു എന്ന സത്യവും പാപ്പാ വേദനയോടെ ഈ ചാക്രിക ലേഖനത്തിൽ ചൂണ്ടിക്കാണിക്കുന്നു.

'ഫ്രത്തെല്ലി തൂത്തി'യിൽ ഫ്രാൻസിസ് പാപ്പാ ഏറ്റവും പ്രാധാന്യം കൊടുത്തിരിക്കുന്ന ഒരു വിഭാഗം സ്ത്രീകൾ ആണ്. ലോകമെമ്പാടുമുള്ള സമൂഹങ്ങളുടെ ഘടന ഇപ്പോഴും സ്ത്രീകൾക്ക് പുരുഷന്മാരെപ്പോലെ ഒരേ അന്തസ്സും സമാനമായ അവകാശങ്ങളുമുണ്ടെന്ന് വ്യക്തമായി പ്രതിഫലിപ്പിക്കുന്നതിൽ നിന്ന് വളരെ അകലെയാണ്. വാക്കുകളിൽ ചില കാര്യങ്ങൾ സ്ഥിരീകരിക്കപ്പെടുന്നു, പക്ഷേ തീരുമാനങ്ങളും യാഥാർത്ഥ്യവും മറ്റൊരു സന്ദേശമാണ് വ്യക്തമാക്കുന്നത്. മോശം പെരുമാറ്റം, അക്രമം, അകറ്റി നിർത്തൽ എന്നിവ അനുഭവിക്കുന്ന സ്ത്രീകളാണ് ഇരട്ടി ദരിദ്രർ, കാരണം അവരുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള സാധ്യതകൾ അവർക്ക് വളരെ കുറവാണ്.

നല്ല സമരിയാക്കാരനെപ്പോലെ നാം മാറണം എന്ന ആഹ്വാനത്തോടെയാണ് രണ്ടാം അധ്യായം ആരംഭിക്കുന്നത്. മുൻവിധികൾ, വ്യക്തിപരമായ താൽപര്യങ്ങൾ, ചരിത്രപരമായ അല്ലെങ്കിൽ സാംസ്കാരിക പ്രതിബന്ധങ്ങൾ എന്നിവ മറികടന്ന് നല്ല സമരിയാക്കാരനെപ്പോലെ പരസ്പരം അടുത്തിടപഴകാൻ നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നു എന്ന് ഫ്രാൻസിസ് പാപ്പാ നമ്മെ ഓർമിപ്പിക്കുന്നു. 

അന്തസ്സോടെ ജീവിക്കാനുള്ള അവകാശം ആർക്കും നിഷേധിക്കാനാവില്ലെന്നും, അവകാശങ്ങൾക്ക് അതിരുകൾ കല്പിക്കാൻ പറ്റില്ലെന്നും മൂന്നാം അധ്യായത്തിൽ പാപ്പ എടുത്തു പറയുന്നു.ഈ ചാക്രിക ലേഖനത്തിൻ്റെ നാലാം അധ്യായം മുഴുവനും കുടിയേറ്റം എന്ന വിഷയമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. "ലോകം മുഴുവനിലേക്കും തുറന്നു വച്ച ഹൃദയം" ഉണ്ടാകണമെന്നും വ്യത്യാസങ്ങൾ വളർച്ചയുടെ സാദ്ധ്യതയെ പ്രതിനിധീകരിക്കുന്നതിനാൽ നമ്മിൽ നിന്ന് വ്യത്യസ്തനായ മറ്റൊരാൾ എല്ലാവർക്കുമുള്ള ഒരു സമ്മാനവും സമ്പുഷ്ടീകരണവുമാണെന്നും പാപ്പ ഊന്നി പറയുന്നു.

അഞ്ചാമത്തെ അധ്യായത്തിൽ യുഎൻ പരിഷ്കരണത്തെ കുറിച്ച് പാപ്പ കുറിക്കുന്നു: പൊതുനന്മയ്ക്കായി പ്രവർത്തിച്ചുകൊണ്ട് "രാഷ്ട്രങ്ങളുടെ കുടുംബം" എന്ന ആശയം സമൂർത്തമാക്കുക എന്നതാണ് ഐക്യരാഷ്ട്രസഭയുടെ കടമ. മനുഷ്യാവകാശങ്ങൾക്ക് എതിരെയുള്ള കടന്നുകയറ്റങ്ങൾക്ക് അറുതി വരുത്തുകയാണ് രാഷ്ട്രീയത്തിന്റെ ചുമതല. അവയവ കച്ചവടം, മയക്കുമരുന്ന് കടത്ത്, ആയുധവ്യാപാരം ലൈംഗിക ചൂഷണം, അടിമപ്പണി, ഭീകരതയും സംഘടിത കുറ്റകൃത്യവും, കള്ളക്കടത്ത്, 'മനുഷ്യരാശിക്ക് നാണക്കേടായ പട്ടിണി' എന്നിവ ഇല്ലാതാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ മാർപാപ്പ ലോകരാജ്യങ്ങളോടും യു എൻ നോടും അപേക്ഷിക്കുന്നു. സംഭാഷണവും സാമൂഹിക സൗഹൃദവും എന്ന ആറാം അധ്യായത്തിൽ യഥാർത്ഥ സംഭാഷണത്തെക്കുറിച്ച് പ്രതിപാദിക്കുന്നു.

ഏഴാമത്തെ അധ്യായത്തിൽ സമാധാനത്തിന്റെ മൂല്യവും ഉന്നമനവും കേന്ദ്രീകരിക്കുന്നു. സത്യം, നീതി, കരുണ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നതാണ് സമാധാനം. തെറ്റായ പ്രത്യയശാസ്ത്രങ്ങളാൽ പ്രചോദിതമാകുമ്പോൾ, മനുഷ്യന്റെ ദുഷ്ടത കൈവരിക്കാനാകുന്നതിന്റെ പരമ കോടിയാണ് ഹോളോകോസ്റ്റ് (രണ്ടാം ലോകമഹായുദ്ധകാലത്തും അതിനു മുൻപും അഡോൾഫ് ഹിറ്റ്‌ലറുടെ നേതൃത്വത്തിൽ ജർമൻ നാസികൾ ചെയ്ത കൂട്ടക്കൊലകളുടെ പരമ്പരകൾക്ക് പൊതുവായി പറയുന്ന പേരാണ്‌ ഹോളോകോസ്റ്റ്). ഹിരോഷിമയിലെയും നാഗസാക്കിയിലെയും അണുബോംബാക്രമണങ്ങളും നാം മറക്കരുത്. വിവിധ രാജ്യങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന പീഡനങ്ങൾ, അടിമക്കടത്ത്, വംശീയ കൂട്ടക്കൊലകൾ, മനുഷ്യരായിരിക്കുന്നതിൽ നമ്മെ ലജ്ജിപ്പിക്കുന്ന നിരവധി ചരിത്ര വസ്തുതകൾ എന്നിവയും നാം മറക്കരുത്. ഓരോ യുദ്ധവും മനുഷ്യവംശത്തിൻ്റെ പരാജയമാണ് എടുത്തുകാട്ടുന്നത്.

ഓർമ്മയും, നീതിയുമായ് ബന്ധപ്പെട്ടതാണ് ക്ഷമ. ക്ഷമിക്കുക എന്നതിനർത്ഥം മറക്കുക എന്നോ നമ്മുടെ അവകാശ സംരക്ഷണത്തിനായി ദൈവം നമ്മിൽ നിക്ഷേപിച്ചിട്ടുള്ള അന്തസ്സ് ഉപേക്ഷിക്കുക എന്നോ അല്ല, മറിച്ച് തിന്മയുടെ വിനാശകരമായ ശക്തിയും പ്രതികാരമോഹവും ഉപേക്ഷിക്കുക എന്നതാണ്.

ഏഴാം അധ്യായത്തിൻ്റെ രണ്ടാം ഭാഗത്ത് മാർപ്പാപ്പ നൂതനമായ ഒരു ആശയം നിർദ്ദേശിക്കുന്നു. ആയുധങ്ങൾ ഉണ്ടാക്കാൻ നിക്ഷേപിക്കുന്ന പണം ഉപയോഗിച്ച് വിശപ്പ് ഇല്ലാതാക്കാൻ ഒരു ലോക ഫണ്ട് സ്ഥാപിക്കുക എന്ന്. വധശിക്ഷ ലോകമെമ്പാടും നിർത്തലാക്കി പകരം ജീവപര്യന്തം തടവ് പരിഗണിക്കണം എന്ന നിർദേശം പാപ്പ മുന്നോട്ട് വയ്ക്കുന്നു. കൂടാതെ ജയിലുകളുടെ അവസ്ഥ മെച്ചപ്പെടുത്തുക, തടവുകാരുടെ മാനുഷിക അന്തസ്സിനെ മാനിക്കുക, എന്നീ നിർദേശങ്ങളും രേഖയിലുണ്ട്. 

മനുഷ്യനെ ദൈവത്തിലേക്ക് നയിക്കാനും, മനുഷ്യർക്ക് സമാധാനം ഉറപ്പാക്കാനും ഉള്ളവയാണ് മതങ്ങൾ എന്ന് എട്ടാം അദ്ധ്യായത്തിൽ പാപ്പ പ്രസ്താവിക്കുന്നു. മതങ്ങൾ സാഹോദര്യത്തിന്റെ നിർമ്മാണത്തിനും, സമൂഹത്തിൽ നീതിയുടെ സംരക്ഷണത്തിനും വിലയേറിയ സംഭാവന നൽകുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. മതപരമായ വിശ്വാസങ്ങളിൽ അക്രമത്തിന് അടിസ്ഥാനമില്ലെന്നും, തീവ്രവാദികൾ പോലുള്ളവർ നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ മതം മൂലമല്ല, മറിച്ച് മതഗ്രന്ഥങ്ങളുടെ തെറ്റായ വ്യാഖ്യാനങ്ങൾ മൂലമാണെന്നും പാപ്പ അഭിപ്രായപ്പെടുന്നു.

ലോക സുരക്ഷയ്ക്കും സമാധാനത്തിനും എതിരായ ഒരു അന്താരാഷ്ട്ര കുറ്റകൃത്യമായതിനാൽ തീവ്രവാദത്തെ പണത്തിലൂടെയോ ആയുധങ്ങളിലൂടെയോ മാധ്യമങ്ങളിലൂടെയോ പിന്തുണയ്‌ക്കരുത് എന്ന് ആഗോള സമൂഹത്തോട് ഫ്രാൻസിസ് പാപ്പഅഭ്യർത്ഥിക്കുന്നു.  മഹാത്മാഗാന്ധി, മാർട്ടിൻ ലൂതർ കിംഗ്, ഡെസ്മണ്ട് ടുട്ടു, എല്ലാറ്റിനുമുപരിയായി വാഴ്ത്തപ്പെട്ട ചാൾസ് ഡി ഫുക്കോ എന്നിവരുടെ സ്മരണയോടെയാണ് പുതിയ ചാക്രിക ലേഖനം അവസാനിപ്പിക്കുന്നത്.

ലേഖനത്തിൻ്റെ അവസാന ഭാഗത്ത് വി. ഫ്രാൻസീസ് അസ്സീസിയുടെ പ്രപഞ്ച സ്രഷ്ടാവായ ദൈവത്തോടുള്ള കീർത്തനവും, മാനവിക കൂട്ടായ്മയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനയും ഉൾപ്പെടുത്തി ഫ്രാൻസിസ് പാപ്പ തൻ്റെ പുതിയ ചാക്രിക ലേഖനം അവസാനിപ്പിച്ചിരിക്കുന്നത്....

അപരനെ നരകമായി കാണുന്ന സ്വജനപക്ഷപാതവും ഫാസിസ്റ്റു രാഷ്ട്രീയവും മതഭ്രാന്തും ഭീകരവാദവും പിടിമുറുക്കുന്ന ഈ കാലഘട്ടത്തിൽ, സാങ്കേതികവിദ്യകളും സാമൂഹ്യമാധ്യമങ്ങളും ശാസ്ത്രനേട്ടങ്ങളും കുതിച്ചുയരുന്ന വികസനത്തിൻ്റെ ഈ വസന്തകാലത്ത്, ഏറെ എളുപ്പത്തിൽ ബന്ധങ്ങൾ സൃഷ്ടിക്കപ്പെടുകയും അതിനെക്കാൾ എളുപ്പത്തിൽ ഹൃദയങ്ങൾ തമ്മിൽ അകലുകയും ചെയ്യുന്ന ഈ ദശാസന്ധിയിൽ ഫ്രാൻസിസ് മാർപാപ്പയുടെ ചാക്രികലേഖനം ഏറെ കാലിക പ്രസക്തമാണ്. അപരനെ സ്നേഹിക്കുവാൻ എനിക്ക് എന്റെ വിശ്വാസമോ മതമോ രാഷ്ട്രീയമോ കുടുംബമോ രാഷ്ട്രസ്നേഹമോ ഒന്നും തടസ്സമാകരുത് എന്ന ഓർമപ്പെടുത്തലാണ് ഈ ചാക്രിക ലേഖനം.

അപരനിലെ വ്യത്യസ്തതകൾ അംഗീകരിക്കാതെ, അപരനെ സ്നേഹിക്കാതെ സമൂഹത്തിന് നിലനില്പില്ല എന്ന ശക്തമായ സന്ദേശം ആകർഷകമായി പകർന്നു നല്കുന്ന ഈ പ്രബോധനം അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത് ത്രിത്വേക ദൈവ വിശ്വാസത്തിലാണ്. സാഹോദര്യത്തിൻ്റെയും സാമൂഹികസൗഹൃദത്തിൻ്റെയും നാനാത്വത്തിലെ ഏകത്വത്തിൻ്റെയും നേർക്കാഴ്ചയും ആത്യന്തിക മാതൃകയും കാരണവും ത്രിയേക ദൈവവിശ്വാസമാണല്ലോ. 

ലോകം അകലം പാലിക്കുവാൻ ആഹ്വാനം ചെയ്യുമ്പോൾ പരസ്പരം ഒരുമിക്കാൻ ആഹ്വാനം ചെയ്യുന്ന ഈ ചാക്രികലേഖനം വരും കാലഘട്ടങ്ങളെക്കുറിച്ചുള്ള തികച്ചും ഭാവാത്മകവും അടിയന്തര പ്രാധാന്യമുള്ളതുമായ ഒരു ദർശനമാണ് മുന്നോട്ടുവയ്ക്കുന്നത്. ലോകത്തിൽ ഇത്തരം ഒരു ദർശനം ഇന്ന് ഇതുപോലെ യുക്തിഭദ്രമായും സ്വീകാര്യമായും ധാർമിക ശക്തിയോടു കൂടിയും പറയാൻ ഫ്രാൻസിസ് പാപ്പയെപ്പോലെ മറ്റൊരാളില്ല.

സി. സോണിയ തെരേസ് ഡി. എസ്. ജെ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.