രാജ്യം നടുങ്ങിയ മഹാ ദുരന്തം: എന്നിട്ടും വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രം

രാജ്യം നടുങ്ങിയ മഹാ ദുരന്തം: എന്നിട്ടും വയനാട് ഉരുള്‍പൊട്ടല്‍  ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. മാനദണ്ഡങ്ങള്‍ അനുവദിക്കുന്നില്ല എന്നതാണ് ഇതിന് കാരണമായി കേന്ദ്രം ചൂണ്ടിക്കാണിക്കുന്ന 'ന്യായം'.

ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി തോമസിന് കത്ത് നല്‍കി.

കേരളത്തിന്റെ കൈയില്‍ ആവശ്യത്തിന് സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് ഉണ്ടെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഓഗസ്റ്റ് രണ്ടിന് കേരളം പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. കെ.വി തോമസ് ആയിരുന്നു ഈ കത്ത് കൈമാറിയത്.

ഈ കത്തിനുള്ള മറുപടിയിലാണ് കാര്യങ്ങള്‍ കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. ദുരന്തമുണ്ടാകുന്ന സമയത്ത് ദുരന്ത നിവാരണത്തിനുള്ള പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാനങ്ങള്‍ക്കാണ്. ദുരിത ബാധിതര്‍ക്കുള്ള നഷ്ടപരിഹാരം ഉള്‍പ്പെടെ നല്‍കേണ്ടത് ഓരോ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം ഇതിനോടകം അനുവദിച്ചിട്ടുള്ള ഫണ്ടില്‍ നിന്നാണെന്നാണ് കത്തില്‍ പറയുന്നത്.

'2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് ഇതിനോടകം കേന്ദ്രം കേരളത്തിന് കൈമാറിയിട്ടുണ്ട്. രണ്ട് തവണയായി 388 കോടി രൂപ നല്‍കി. ഇതില്‍ 291 കോടി രൂപ നേരത്തേ തന്നെ നല്‍കി. ജൂലൈ 31 ന് 145 കോടി രൂപയും ഒക്ടോബര്‍ ഒന്നിന് ബാക്കി തുകയും മുന്‍കൂറായി തന്നെ കൈമാറി'- കേന്ദ്രം വ്യക്തമാക്കി.

കേരളത്തിന്റെ അക്കൗണ്ടന്റ് ജനറല്‍ സംസ്ഥാനത്തിന്റെ കൈയില്‍ ദുരന്ത നിവാരണ ഫണ്ടിന്റെ നീക്കിയിരിപ്പായി 394.99 കോടി രൂപ ഉണ്ടെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. അതിനാല്‍ ആവശ്യത്തിന് ഫണ്ട് കേരളത്തിന്റെ പക്കല്‍ ഉണ്ട് എന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്.

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 251 പേരാണ് മരിച്ചത്. 47 പേരെ കാണാതാവുകയും ചെയ്തിരുന്നു. നിരവധി വീടുകള്‍ മണ്ണിനടിയിലാവുകയും ഹെക്ടര്‍ കണക്കിന് കൃഷിഭൂമി നശിക്കുകയും ചെയ്തിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.