വായു മലിനീകരണം: ഡല്‍ഹിയില്‍ ഓഫീസുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം

വായു മലിനീകരണം: ഡല്‍ഹിയില്‍ ഓഫീസുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം

ന്യൂഡല്‍ഹി: വായുമലിനീകരണം രൂക്ഷമായതിനിടെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഓഫീസുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഓഫീസ് പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്താന്‍ മുഖ്യമന്ത്രി അതിഷിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം എടുത്തത്.

ഡല്‍ഹി നഗരസഭയുടെ ഓഫീസുകള്‍ രാവിലെ 8:30 മുതല്‍ വൈകുന്നേരം അഞ്ച് വരെയാകും പ്രവര്‍ത്തിക്കുക. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഓഫീസുകള്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5:30 വരെയും സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ വരുന്ന ഓഫീസുകള്‍ രാവിലെ 10 മുതല്‍ വൈകിട്ട് 6:30 വരെയും ആക്കി പുനക്രമീകരിച്ചു.

ഇന്നത്തെ വിവരങ്ങള്‍ പ്രകാരം ഡല്‍ഹിയിലെ വായു ഗുണനിലവാരം എറ്റവും മോശം അവസ്ഥയായ 411 എന്ന നിലയിലാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി തുടര്‍ച്ചയായി ഇതേ നിലയിലാണ് ഡല്‍ഹി കടന്ന് പോകുന്നത്.

ഓഫീസ് സമയത്ത് നിരത്തിലുണ്ടാകുന്ന തിരക്ക് കുറയ്ക്കുന്നതിന് വേണ്ടിയാണ് പുതിയ സമയക്രമം പ്രഖ്യാപിച്ചത്. കനത്ത പുകമഞ്ഞ് കാരണം കാഴ്ചപരിധി കുറഞ്ഞ നിലയിലാണ് ഡല്‍ഹിയിലെ കാലാവസ്ഥ. ഈ സാഹചര്യത്തില്‍ കൂടുതല്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കാമെന്നാണ് വിലയിരുത്തല്‍.

നേരത്തെ, രാജ്യ തലസ്ഥാനത്ത് വായുമലിനീകരണം പരിധിവിട്ടതോടെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. പ്രൈമറി സ്‌കൂളുകള്‍ക്ക് ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഓണ്‍ലൈനിലേക്ക് മാറ്റുന്നതായി മുഖ്യമന്ത്രി അതിഷി അറിയിച്ചിരുന്നു. എല്ലാ സര്‍ക്കാര്‍, സ്വകാര്യ, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, മുനിസിപ്പല്‍ കൗണ്‍സില്‍ സ്‌കൂളുകളുടെ മേധാവികളോടും അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കുള്ള ഓഫ്‌ലൈന്‍ ക്ലാസുകള്‍ നിര്‍ത്തിവെയ്ക്കാന്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.