ദരിദ്രരായ 1,300 പേര്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് ഫ്രാന്‍സിസ് പാപ്പ; കഷ്ടപ്പാടുകളില്‍ ദൈവത്തിന്റെ സാന്നിധ്യം തിരിച്ചറിയാന്‍ ആഹ്വാനം

ദരിദ്രരായ 1,300 പേര്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് ഫ്രാന്‍സിസ് പാപ്പ; കഷ്ടപ്പാടുകളില്‍ ദൈവത്തിന്റെ സാന്നിധ്യം തിരിച്ചറിയാന്‍ ആഹ്വാനം

വത്തിക്കാന്‍ സിറ്റി: ദരിദ്രരുടെ കഷ്ടപ്പാടുകളില്‍ ദൈവത്തിന്റെ സാന്നിധ്യം തിരിച്ചറിയണമെന്നും അനീതിക്കെതിരെ പ്രത്യാശയോടും അനുകമ്പയോടും കൂടെ പ്രവര്‍ത്തിക്കണമെന്നും ഫ്രാന്‍സിസ് പാപ്പ. ഞായറാഴ്ച എട്ടാമത് ദരിദ്രരുടെ ആഗോള ദിനത്തോടനുബന്ധിച്ച് വത്തിക്കാനില്‍ 1300 പേരോടൊപ്പം ഉച്ചഭക്ഷണം പങ്കിടുന്ന വേളയിലായിരുന്നു മാര്‍പാപ്പയുടെ ആഹ്വാനം.

'ദരിദ്രന്റെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കുന്നു' എന്ന പ്രഭാഷകന്റെ പുസ്തകം ഇരുപത്തിയൊന്നാം അധ്യായത്തിലെ അഞ്ചാം വാക്യത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടായിരുന്നു ഈ വര്‍ഷത്തെ പ്രമേയം. സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയ്ക്കു ശേഷമായിരുന്നു തിരഞ്ഞെടുക്കപ്പെട്ടവര്‍ പാപ്പയോടൊപ്പം പോള്‍ ആറാമന്‍ ഹാളില്‍ ഭക്ഷണത്തിനിരുന്നത്. സഹായം ആവശ്യമുള്ള, നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 1,300 പേരാണ് ഉച്ചഭക്ഷണ വേളയില്‍ പങ്കാളികളായത്.

ഡിക്കാസ്റ്ററി ഫോര്‍ ദ സര്‍വീസ് ഓഫ് ചാരിറ്റിയും ഇറ്റാലിയന്‍ റെഡ് ക്രോസുമാണ് ഭക്ഷണം സ്പോണ്‍സര്‍ ചെയ്തത്. 'യേശുവിനെ അനുഗമിക്കുകയും സുവിശേഷം സൂചിപ്പിക്കുന്ന അതേ രീതിയില്‍ ചിന്തിക്കുകയും ചെയ്യുക എന്ന ചിന്തയില്‍ നിന്നാണ് ഈ ദിനം ആചരിക്കുന്നതെന്ന് പേപ്പല്‍ അല്‍മോണര്‍ കര്‍ദിനാള്‍ കോണ്‍റാഡ് ക്രാജെവ്‌സ്‌കി വിശദീകരിച്ചു. യേശുവിന്റെ മാതൃക പിന്തുടര്‍ന്ന് പാവപ്പെട്ടവരുടെ അന്തസ് പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഉച്ചഭക്ഷണത്തിനുശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ എല്ലാവരെയും അഭിവാദ്യം ചെയ്യുകയും ഈ ദിനവുമായി സഹകരിച്ച ജനങ്ങള്‍ക്ക് നന്ദി പറയുകയും ചെയ്തു. ഇറ്റലിയില്‍ ജനസംഖ്യയുടെ 9.7% ദാരിദ്ര്യത്തിലാണ് കഴിയുന്നത്.

2016 ല്‍ കരുണയുടെ ജൂബിലി വര്‍ഷത്തിന്റെ സമാപന വേളയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെയാണ് ദരിദ്രര്‍ക്ക് വേണ്ടിയുള്ള ആഗോള ദിനം എന്ന പേരിലുള്ള ആചരണത്തിന് തുടക്കം കുറിച്ചത്. ക്രിസ്തുവിന്റെ കാരുണ്യ പ്രവര്‍ത്തികള്‍ക്ക് ലോകം മുഴുവനുമുള്ള ക്രിസ്ത്യാനികള്‍ സാക്ഷികളാകണമെന്ന ആഗ്രഹമാണ് പാവങ്ങളുടെ ആഗോള ദിന പ്രഖ്യാപനത്തിന് പാപ്പായെ പ്രേരിപ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.