ന്യൂസിലൻഡ് തലസ്ഥാനത്തെ ഇളക്കിമറിച്ച് മാവോറി ജനതയുടെ പ്രതിഷേധം; പങ്കെടുത്തത് 35000 ലേറെ പേർ

ന്യൂസിലൻഡ് തലസ്ഥാനത്തെ ഇളക്കിമറിച്ച് മാവോറി ജനതയുടെ പ്രതിഷേധം; പങ്കെടുത്തത് 35000 ലേറെ പേർ

വെല്ലിങ്ടണ്‍: ആദിമഗോത്രവിഭാഗമായ മാവോറികളുടെ അവകാശവുമായി ബന്ധപ്പെട്ട ഉടമ്പടിയില്‍ ഭേദഗതി വരുത്താനുള്ള നീക്കത്തിനെതിരേ വന്‍ പ്രതിഷധവുമായി മാവോറി ജനത. നിര്‍ദ്ദിഷ്ട ബില്ലിനെതിരെ 35,000-ത്തിലധികം ആളുകളാണ് ന്യൂസിലന്‍ഡ് പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ചത്.

മാവോറി അവകാശങ്ങളെ പിന്തുണച്ചുള്ള രാജ്യത്തെ എക്കാലത്തെയും വലിയ പ്രതിഷേധമാണിത്.

മാവോറി പതാകയുടെ നിറങ്ങള്‍ അണിഞ്ഞ ജനങ്ങള്‍ ദേശീയ തലസ്ഥാനമായ വെല്ലിങ്ടണിലൂടെ മാര്‍ച്ച് നടത്തി. തൂവലുകളുള്ള ശിരോവസ്ത്രവും മേലങ്കിയും ഉള്‍പ്പെടെ പരമ്പരാഗത മാവോറി വസ്ത്രങ്ങള്‍ ധരിച്ച് ധരിച്ച് പരമ്പരാഗത ആയുധങ്ങള്‍ വഹിച്ചായിരുന്നു പലരും പ്രതിഷേധത്തില്‍ പങ്കെടുത്തത്.

ബില്‍ ആദ്യമായി അവതരിപ്പിച്ചപ്പോള്‍ നൂറുകണക്കിന് ആളുകള്‍ തങ്ങളുടെ പ്രതിഷേധം അടയാളപ്പെടുത്തുന്നതിനായി ന്യൂസിലന്‍ഡിന്റെ വടക്ക് നിന്ന് വെല്ലിങ്ടണില്‍ എത്തി മാര്‍ച്ച് നടത്തിയിരുന്നു. ഒമ്പത് ദിവസത്തെ മാര്‍ച്ചിനാണ് ചൊവ്വാഴ്ച്ച പാര്‍ലമെന്റിനു മുന്നില്‍ സമാപനമായത്.

പാര്‍ലമെന്റിലേക്ക് മാര്‍ച്ച് ചെയ്ത ജനക്കൂട്ടത്തില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ മാവോറി രാജ്ഞിയായി കിരീടമണിഞ്ഞ 27 കാരി എന്‍ഗാവൈ ഹോണോ ഐ ടെ പോയും ഉള്‍പ്പെടുന്നു.

184 വര്‍ഷം പഴക്കമുള്ള ബ്രിട്ടീഷ് ക്രൗണ്‍-മാവോറി ഉടമ്പടിയുമായി ബന്ധപ്പെട്ട ബില്ലിനെതിരേയാണ് പ്രതിഷേധം ശക്തമാകുന്നത്. എസിടി ന്യൂസിലന്‍ഡ് പാര്‍ട്ടി കഴിഞ്ഞയാഴ്ചയാണ് വൈതാങ്കി ഉടമ്പടിയിലെ ചില നിയമങ്ങള്‍ മാറ്റുന്നതിനായുള്ള ബില്‍ അവതരിപ്പിച്ചത്.
ഇതിനോടുള്ള പ്രതിഷേധ സൂചകമായി ന്യൂസിലന്‍ഡിലെ ഏറ്റവും പ്രായം കുറഞ്ഞ എംപി ഹന റൗഹിതി മൈപി ക്ലാര്‍ക്ക് ബില്‍ കീറിയെറിഞ്ഞ് പാര്‍ലമെന്റില്‍ പരമ്പരാഗത മാവോറി നൃത്തം ചവിട്ടിയത് ആഗോള ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. തുടര്‍ന്ന് സ്പീക്കര്‍ സഭ നിര്‍ത്തിവയ്ക്കുകയായിരുന്നു.

സര്‍ക്കാരും മാവോറി വിഭാഗവും തമ്മിലുള്ള ബന്ധത്തിന് മാര്‍ഗനിര്‍ദേശം നല്‍കുന്ന 1840ലെ വൈതാങ്കി ഉടമ്പടിയില്‍, ബ്രിട്ടീഷുകാര്‍ക്ക് ഭരണം വിട്ടുകൊടുത്തതിന് പകരമായി ഗോത്രങ്ങള്‍ക്ക് അവരുടെ ഭൂമി നിലനിര്‍ത്താനും അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനും അവകാശം നല്‍കുന്നുണ്ട്.
എന്നാല്‍ ഈ അവകാശങ്ങള്‍ എല്ലാ ന്യൂസിലന്‍ഡുകാര്‍ക്കും ബാധകമെന്നാണ് എ.സി.ടി ന്യൂസിലന്‍ഡ് പാര്‍ട്ടി അവതരിപ്പിച്ച ബില്ലില്‍ പറയുന്നത്. ഉടമ്പടി വംശീയവിഭജനത്തിന് കാരണമായെന്നും നിയമനിര്‍മാണത്തിലൂടെ അതിന് പുനര്‍വ്യാഖ്യാനം നടത്തണമെന്നുമാണ് അവരുടെ ആവശ്യം. അതേസമയം വേണ്ടത്ര പിന്തുണയില്ലാത്തതിനാല്‍ ബില്‍ പാസാകാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

സര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിന് ആളുകള്‍ രാജ്യത്തുടനീളമായി കഴിഞ്ഞ ദിവസങ്ങളില്‍ തെരുവിലിറങ്ങിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.