ആയിരം ദിനങ്ങൾ പിന്നിട്ട് റഷ്യ - ഉക്രയ്ൻ യുദ്ധം ; രക്തസാക്ഷിയായ ഉക്രെയ്നെ ആശ്വസിപ്പിച്ച് മാർപാപ്പ

ആയിരം ദിനങ്ങൾ പിന്നിട്ട് റഷ്യ - ഉക്രയ്ൻ യുദ്ധം ; രക്തസാക്ഷിയായ ഉക്രെയ്നെ ആശ്വസിപ്പിച്ച് മാർപാപ്പ

വത്തിക്കാൻ സിറ്റി: രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പിനെ ഏറ്റവും ആശങ്കപ്പെടുത്തിയ ലോകത്തെ വേദനിപ്പിച്ച സംഘര്‍ഷഭരിതമായ ആയിരം ദിനങ്ങൾ. റഷ്യ - ഉക്രയ്ൻ യുദ്ധമാരംഭിച്ച് ആയിരം ദിവസങ്ങൾ പിന്നിടുമ്പോൾ പത്ത് ലക്ഷത്തിലധികം ആളുകളാണ് യുദ്ധക്കെടുതിയ്ക്കിരയായായത്.

യുദ്ധം ആയിരം ദിവസങ്ങൾ പിന്നിട്ടവേളയിൽ രക്തസാക്ഷിയായ യുക്രയ്നെ ഫ്രാൻസിസ് മാർപാപ്പ ആശ്ലേഷിച്ചു. 2022 ഫെബ്രുവരിയിൽ റഷ്യൻ സൈനിക സേനയുടെ അധിനിവേശത്തോടെ ആരംഭിച്ച യുദ്ധത്തിൽ രക്തസാക്ഷിയായ ഉക്രയ്നിലെ എല്ലാ പൗരന്മാർക്കും ഫ്രാൻസിസ് മാർപാപ്പ ആലിംഗനം അയച്ചു. ഉക്രയ്നിലെ അപ്പസ്‌തോലിക് നൂൺഷ്യോയെ അഭിസംബോധന ചെയ്തുകൊണ്ട് എഴുതിയ കത്തിലൂടെ മാർപാപ്പ യുദ്ധത്തെക്കുറിച്ചുള്ള ആശങ്കയും പങ്കിട്ടു.

ദിവസേനയുള്ള ബോംബാക്രമണങ്ങളിൽ നിന്ന് ആളുകളുടെ ജീവൻ സംരക്ഷിക്കാനോ മരിച്ചവരെ ആശ്വസിപ്പിക്കാനോ മുറിവേറ്റവരെ സുഖപ്പെടുത്താനോ കുട്ടികളെ നാട്ടിലെത്തിക്കാനോ തടവുകാരെ വിട്ടയയ്ക്കാനോ കഠിനമായ കാര്യങ്ങൾ ലഘൂകരിക്കാനോ ഒരു മനുഷ്യ വാക്കിനും കഴിയില്ല- പാപ്പ പറഞ്ഞു.

ഹൃദയങ്ങളെ പരിവർത്തനം ചെയ്യാനും അനുരഞ്ജനത്തിന്റെയും യോജിപ്പിന്റെയും പാതയിലേക്ക് അവരെ എത്തിക്കാനും ദൈവത്തിനെ സാധിക്കു. ജീവിതത്തിന്റെയും പ്രത്യാശയുടെയും ജ്ഞാനത്തിന്റെയും ഏക ഉറവിടം ദൈവമാണെന്നും പാപ്പ പറഞ്ഞു.

നാം ചൊരിയുന്ന കണ്ണുനീരിന്റെ കണക്ക് ചോദിക്കുന്നത് കർത്താവാണ്. മനുഷ്യ പ്രയത്നങ്ങൾ ഫലശൂന്യവും പ്രവൃത്തികൾ അപര്യാപ്തവുമാണെന്ന് തോന്നുമ്പോൾ ദൈവം നമ്മോടൊപ്പമുണ്ട് എന്നുമുള്ള വാക്കുകളിലൂടെ ഫ്രാൻസിസ് പാപ്പ ഉക്രൈൻ ജനതയ്ക്ക് ആശ്വാസമേകുകയും ചെയ്തു.

അത സമയം യുദ്ധക്കെടുതിയിൽ ഉക്രയ്നിൽ മാത്രം 12,000 ത്തോളം പേര്‍ മരിച്ചു, 25,000-ത്തോളം പേര്‍ക്ക് പരിക്കേറ്റു. 2024 ഓഗസ്റ്റ് വരെയുള്ള യു.എന്‍. കണക്കാണിത്. അനൗദ്യോഗികകണക്കില്‍ ചിലപ്പോള്‍ സംഖ്യകള്‍ വര്‍ധിച്ചേക്കാം.

ഉക്രയ്നിലെ നഗരങ്ങളും പട്ടണങ്ങളും ഗ്രാമങ്ങളും റഷ്യന്‍ വ്യോമാക്രമണങ്ങളാല്‍ തകര്‍ന്നുതരിപ്പണമായിരിക്കുകയാണ്. ഉക്രയ്നുണ്ടായ സാമ്പത്തിക നഷ്ടം നാല്‍പ്പത്തിയൊന്നുലക്ഷം കോടി രൂപയാണ്. ഭവനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും തകര്‍ന്നു. ഒരു ജനതയുടെ യാതനകളുടെ കഥകളാണ് യുദ്ധം അലങ്കോലമാക്കിയ ഉക്രയ്നില്‍ നിന്ന് ദിവസവും പുറത്തു വരുന്നത്.

യുദ്ധം ഉക്രെയ്നിന്റെ സമ്പദ്‌വ്യവസ്ഥയെ ഗണ്യമായി ദുർബലപ്പെടുത്തി. യുദ്ധവും അതേ തുടർന്നുണ്ടായ പലായനവും തൊഴിൽ വിപണിയെ പ്രതികൂലമായി ബാധിക്കുകയും രാജ്യത്തിന്റെ ഉൽപ്പാദനത്തിൽ കാര്യമായ ഇടിവുണ്ടാക്കുകയും ചെയ്തു. റഷ്യൻ ആക്രമണങ്ങളിൽ ഉക്രെയ്നിലെ അടിസ്ഥാന സൗകര്യങ്ങൾക്കു കനത്ത നാശനഷ്ടമുണ്ടായി.

റഷ്യയ്‌ക്കെതിരെ പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ കർശനമായ സാമ്പത്തിക ഉപരോധങ്ങൾ ഉക്രെയ്നിന്റെ സമ്പദ്‌വ്യവസ്ഥയെയും ബാധിച്ചു. ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് ഉക്രെയ്നിലെ ജനസംഖ്യയുടെ ഏകദേശം 40 ശതമാനം പേരും രാജ്യാന്തര സംഘടനകളുടെ സഹായത്തെ ആശ്രയിച്ചാണ് കഴിയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.