'നാം ക്രിസ്തുവിൻ്റെ മിഷനറിമാരായി മാറണം; ജനങ്ങളുടെ ആത്മീയ ക്ഷേമത്തിന് വേണ്ടി സമർപ്പിക്കപ്പെട്ട ഈ ദേവാലയം വലിയ അനുഗ്രഹം': മാര്‍ ബോസ്‌കോ പുത്തൂര്‍

'നാം ക്രിസ്തുവിൻ്റെ മിഷനറിമാരായി മാറണം; ജനങ്ങളുടെ ആത്മീയ ക്ഷേമത്തിന് വേണ്ടി സമർപ്പിക്കപ്പെട്ട ഈ ദേവാലയം വലിയ അനുഗ്രഹം': മാര്‍ ബോസ്‌കോ പുത്തൂര്‍

മെൽബൺ : യേശുക്രിസ്‌തുവിൻ്റെ എല്ലാ പുണ്യങ്ങളാലും വിശുദ്ധിയാലും അലംകൃതമായ സഭയെയും മനുഷ്യ ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും നിർ‌ണായകമായ ദേവാലയത്തിന്റെയും പ്രാധാന്യം അനുസ്മരിച്ച് മെല്‍ബണ്‍ രൂപതയുടെ ആദ്യ മെത്രാൻ മാര്‍ ബോസ്‌കോ പുത്തൂര്‍. മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ കൂദാശ തിരുക്കര്‍മങ്ങളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മാര്‍ ബോസ്‌കോ പുത്തൂര്‍.

നാളെ പ്രതിഷ്ഠാ സീസണിലെ നാലാമത്തെ ഞായറാഴ്ചയാണ്. അത് കഴിഞ്ഞാൽ യേശുവിന്റെ വരവിനെ സ്വീകരിക്കാനുള്ള ഒരുക്കത്തിലേക്ക് വിശ്വാസികൾ പ്രവേശിക്കും. ആ സമയത്താണ് ദേവാലയം കൂദാശ ചെയ്യുന്നതെന്നത് സന്തോഷം നൽകുന്നതാണെന്ന് മാർ ബോസ്കോ പുത്തൂർ പറഞ്ഞു.

ദൈവത്തിനും നമ്മുടെ ആത്മീയ ക്ഷേമത്തിനും വേണ്ടി സമർപ്പിക്കപ്പെട്ട ഈ ദേവാലയം സാധ്യതകളുടെയും വാഗ്ദാനങ്ങളുടെയും ഈ നാട്ടിൽ നമുക്ക് വലിയ അനുഗ്രഹമാണ്. നമ്മൾ‌ ഇവിടെ തീർത്ഥാടകരല്ല പകരം മിഷനറിമാരാണ്. ഇവിടെ ധാരാളം കുട്ടികൾ സ്നാനം സ്വീകരിക്കുകയും ദൈവത്തിൻ്റെ പുത്രന്മാരും പുത്രിമാരും ആകുകയും ചെയ്യുന്നു.

അനേകർ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെടുകയും നമ്മുടെ കർത്താവായ ക്രിസ്തുവിൻ്റെ ശരീരം വിശുദ്ധ കുർബാനയിൽ സ്വീകരിക്കുകയും ചെയ്യും. ഈ സഭയിൽ പലരും അനുരഞ്ജനത്തിലാകും. പലരും വിവാഹം കഴിക്കും. പലരും പുരോഹിതന്മാരാകുമെന്നും പലർക്കും കർത്താവിനെ കാണാനുള്ള അഭിഷേകം ലഭിക്കുമെന്നും മാർ ബോസ്കോ പുത്തൂർ പറഞ്ഞു.

എന്നാൽ ഈ സഭ ഒരു മിഷണറി സഭയായി മാറുന്നില്ലെങ്കിൽ സുവിശേഷത്തിൻ്റെ മഹത്വവും സന്തോഷവും വെളിച്ചവും ഓസ്‌ട്രേലിയയിലെമ്പാടുമുള്ള ആളുകൾക്ക് പ്രദാനം ചെയ്യുന്നില്ലെങ്കിൽ ഈ സഭയുടെ ഉദ്ദേശ്യം പരാജയപ്പെടും. എത്ര പേർ ഈ പള്ളിയിൽ വന്നു എന്നതിലല്ല ക്രിസ്തുവിൻ്റെ മിഷനറിമാരായി ഇവിടെ നിന്ന് എത്ര പേർ പോയി എന്നതും അന്ന് കണക്കാക്കും.

സഭയുടെ ഈ സമർപ്പണത്തിലൂടെ നമ്മുടെ കർത്താവിൻ്റെ ഈ ഉദ്ദേശ്യം സാക്ഷാത്കരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അതിന് വേണ്ടി പ്രാർത്ഥിക്കുന്നതായും മാർ ബോസ്കോ പുത്തൂർ പറഞ്ഞു. ക്രിസ്തുവിൻ്റെ ശരീരത്തിൽ നാമെല്ലാവരും ഒന്നാണ്. കർത്താവ് നമ്മെ സമൃദ്ധമായി അനുഗ്രഹിക്കും. ഈ ദേവാലയത്തിന് വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്ത് പുരോഹിതർക്കും അത്മായർക്കും മാർ ബോസ്കോ പുത്തൂർ നന്ദിയും പറഞ്ഞു.

ഫോട്ടോ ഡെന്നി തോമസ്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.