കൊച്ചി: കാക്കനാട് സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിന് സമീപത്തെ ഫ്‌ളാറ്റ് സമുച്ചയത്തില്‍ 27 പേര്‍ക്ക് പനിയും ഛര്‍ദിയും വയറിളക്കവും. രണ്ട് പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. മലിനജലം കലര്‍ന്ന വെള്ളം കുടിച്ചതാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. തൃക്കാക്കര നഗരസഭയും ആരോഗ്യ വകുപ്പും ഫ്‌ളാറ്റില്‍ ആരോഗ്യ സര്‍വേ തുടങ്ങി.
കഴിഞ്ഞ ഒരു മാസത്തിനിടെയാണ് പനിയും വയറിളക്കവും ഛര്‍ദിയും ബാധിച്ച് 27 പേര്‍ ചികിത്സ തേടിയത്. കഴിഞ്ഞ ജൂണിലും ഈ ഫ്‌ളാറ്റ് സമുച്ചയത്തില്‍ കുടിവെള്ളത്തില്‍ നിന്ന് രോഗബാധയുണ്ടായിരുന്നു. അന്ന് അഞ്ഞൂറോളം പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്.
കഴിഞ്ഞ ദിവസം അസുഖ ബാധിതരില്‍ ചിലര്‍ വാട്സാപ് ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്തതോടെയാണ് വീണ്ടും കൂട്ട അസുഖബാധയാണെന്ന് പുറത്തറിയുന്നത്. ശനിയാഴ്ചയും ഞായറാഴ്ചയും കൂടുതല്‍ പേര്‍ ചികിത്സ തേടിയിരുന്നു. നഗരസഭ ആരോഗ്യ വിഭാഗം ഫ്‌ളാറ്റിലെ കുടിവെള്ള സാംപിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.
15 ടവറുകളിലായി 4,500 ഓളം താമസക്കാരാണ് ഈ ഫ്‌ളാറ്റ് സമുച്ചയത്തില്‍ ഉള്ളത്. ഇതില്‍ അഞ്ച് ടവറുകളില്‍ ആശാ വര്‍ക്കര്‍മാര്‍ നടത്തിയ സര്‍വേയിലാണ് 27 പേര്‍ക്ക് രോഗബാധയുണ്ടെന്ന് കണ്ടെത്തിയത്. കുടിവെള്ളത്തില്‍ നിന്നാണോ രോഗബാധയുണ്ടായതെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.
കിണര്‍, വാട്ടര്‍ അതോറിറ്റി, ജലസംഭരണി എന്നിവയില്‍ നിന്നുള്ള വെള്ളമാണ് ഫ്‌ളാറ്റുകളില്‍ ഉപയോഗിക്കുന്നത്. അസുഖബാധിതനായ ഒരാളുടെ ഫ്‌ളാറ്റിലെ കുടിവെള്ളം പരിശോധിച്ചപ്പോള്‍ ഇ കോളി സാന്നിധ്യം കണ്ടെത്തിയിരുന്നു. എന്നാല്‍ വെള്ളത്തിന്റെ പ്രശ്നം കാരണമല്ല രോഗബാധയുണ്ടായതെന്നാണ് ഫ്‌ളാറ്റ് അസോസിയേഷന്‍ നഗരസഭയെ അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ ജൂണിലും കുടിവെള്ളത്തില്‍ നിന്ന് രോഗബാധയുണ്ടായപ്പേള്‍ കുടിവെള്ള സാംപിളുകള്‍ പരിശോധിച്ചതില്‍ കോളിഫോം ബാക്ടീരിയയാണ് കാരണമെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിരുന്നു. ഫ്‌ളാറ്റിലെ വിവിധ കുടിവെള്ള സ്രോതസുകളായ ഓവര്‍ഹെഡ് ടാങ്കുകള്‍, ബോര്‍വെല്ലുകള്‍, ഡൊമസ്റ്റിക് ടാപ്പുകള്‍, കിണറുകള്‍ തുടങ്ങിയവയില്‍ നിന്ന് ശേഖരിച്ച സാംപിളുകളിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. നഗരസഭയും ആരോഗ്യവകുപ്പും ഒരുപോലെ പഴികേട്ട സംഭവമായിരുന്നതിനാല്‍ ഈ ഫ്‌ളാറ്റില്‍ ഇടയ്ക്കിടെ പരിശോധനകള്‍ നടത്താറുണ്ട്. അതിനിടെയാണ് വീണ്ടും കൂട്ട അസുഖബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.